പാലക്കാട് മെഡിക്കല്‍ കോളജിന്റെ അംഗീകാരം നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്

Posted on: July 25, 2016 11:37 am | Last updated: July 25, 2016 at 11:37 am
SHARE

പാലക്കാട്: മെഡിക്കല്‍ കോളജിന് അംഗീകാരം നഷ്ടപ്പെടുമെന്ന് ആരോഗ്യസര്‍വകലാശാലയുടെ മുന്നറിയിപ്പ്. അധ്യാപകരുടെ ഒഴിവ്, ആശുപത്രി കെട്ടിടം, ഹോസ്റ്റലുകള്‍, റസിഡന്‍ഷ്യല്‍ സൗകര്യം എന്നിവയടക്കം അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ നടപ്പാക്കാത്ത പക്ഷം അംഗീകാരം നല്‍കാനാകില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വാദം.

ആരോഗ്യ സര്‍വകലാശാല നടത്തിയ പരിശോധനയില്‍ അധ്യാപകരുടെ കുറവ് 45 ശതമാനവും ക്ലിനിക്കല്‍ പരിശീലനത്തിനടക്കം വലിയ പ്രതിസന്ധി നേരിടുകയാണെന്നും കണ്ടെത്തിയിട്ടുണ്ട്. കോളജ് എസ് സി എസ് ടി വകുപ്പിന് കീഴില്‍ നിയമനങ്ങളില്‍ സുതാര്യതയില്ലെന്ന് ആക്ഷേപം വിജിലന്‍സ് പരിശോധനയില്‍ ന്യൂനതകള്‍ കണ്ടെത്തി അധ്യാപകരുടെ വലിയതോതിലുള്ള കുറവും ക്ലിനിക്കല്‍ പരിശീലനത്തിനുള്ള സൗകര്യം മെഡിക്കല്‍ കോളജിലില്ലാത്തതുമാണ് മെഡിക്കല്‍ കോളജ് നേരിടുന്ന പ്രശ്‌നങ്ങളെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

എസ് സി എസ് ടി വകുപ്പിന് കീഴിലാണ് മെഡിക്കല്‍ കോളജ് പ്രവര്‍ത്തിക്കുന്നത്.
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലല്ലാതെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഏക മെഡിക്കല്‍ കോളജാണ് പാലക്കാട് മെഡിക്കല്‍ കോളജ്. സ്വന്തമായി ആശുപത്രിയില്ലാത്ത മെഡിക്കല്‍ കോളജ്, ക്ലാസ്മുറികളുടെ അപര്യാപ്തതയും ക്ലിനിക്കല്‍ പരിശീലനത്തിനുള്ള പോരായ്മയും അധ്യാപകരുടെ വലിയ തോതിലുള്ള കുറവും പഠനത്തെ ബാധിക്കുന്നുണ്ട്. വിവിധ വകുപ്പുകളിലായി 66 അധ്യാപകരുടെ കുറവ് കണ്ടെത്തിയിട്ടുണ്ട്. ക്ലിനിക്കല്‍ പരിശീലനത്തിനാശ്രയം പാലക്കാട് ജനറല്‍ ആശുപത്രിയാണ്. എന്നാല്‍, അത്യാഹിത വിഭാഗത്തില്‍ അടിയന്തിര ശസ്ത്രക്രിയ തിയറ്റര്‍ പോലുമില്ലാതെ പ്രവര്‍ത്തിക്കുന്ന ജില്ലാ ആശുപത്രി പഠനത്തിന് ഉപകാരപ്പെടുന്നില്ല.

മെഡിക്കല്‍ കോളജിലെ അധ്യാപക നിയമനങ്ങള്‍ നടത്തുന്നത് എസ് സി എസ് ടി വകുപ്പിന് കീഴിലെ സൊസൈറ്റി ഫോര്‍ ദ മാനേജ്‌മെന്റ് ഓഫ് ഇന്റഗ്രേറ്റഡ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആണ്. നിലവില്‍ മെഡിക്കല്‍ കോളജുകളിലെ നിയമനം പി എസ് സി വഴിയായിരിക്കെ സൊസൈറ്റി വഴിയുള്ള നിയമനങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിച്ചല്ലെന്നാണ് ആക്ഷേപം.

പരസ്യം നല്‍കിയാണ് നിയമനങ്ങള്‍. പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍ അങ്ങനെ നീളുന്ന തസ്തികകളില്‍ മെഡിക്കല്‍ കൗണ്‍സില്‍ മാനദണ്ഡങ്ങളെങ്ങനെ പാലിക്കാനാകുമെന്നതിലും വ്യക്തതയില്ല. ആരോഗ്യ സര്‍വകലാശാലയുടെ പരിശോധനയില്‍ കണ്ടെത്തിയ അപാകതകള്‍ നിരവധിയാണ്. മൂന്നാം ബാച്ച് പ്രവേശനത്തിന് ഒരുങ്ങുമ്പോള്‍ പാലക്കാട് മെഡിക്കല്‍ കോളജിനെ സംബന്ധിച്ച് ആരോഗ്യസര്‍വകലാശാലയുടെ റിപ്പോര്‍ട്ട് ആശങ്കയിലാക്കിയിരിക്കുകയാണ്.