Connect with us

Kerala

റെയില്‍വേയുടെ വാഗ്ദാനം കടലാസില്‍; മലബാറില്‍ നിന്ന് ബെംഗളൂരുവിലേക്ക് ദുരിതയാത്ര

Published

|

Last Updated

കോഴിക്കോട്:പാതയിരട്ടിപ്പിക്കല്‍ പ്രവൃത്തി പൂര്‍ത്തിയായി മാസങ്ങള്‍ പിന്നിട്ടിട്ടും മലബാറിലെ യാത്രക്കാര്‍ക്ക് ബെംഗളൂരുവിലേക്ക് പുതിയ ട്രെയിന്‍ സര്‍വീസ് തുടങ്ങിയില്ല. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ബെംഗളൂവിലേക്ക് കൂടുതല്‍ ട്രെയിന്‍ സര്‍വീസ് വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. മലബാറില്‍ നിന്നുള്ള യാത്രക്കാരുടെ ആവശ്യം പരിഗണിക്കാമെന്ന് റെയില്‍വേ പല തവണ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഒന്നും പാലിക്കപ്പെട്ടിട്ടില്ല.

പാതയിരട്ടിപ്പിക്കല്‍ പൂര്‍ത്തിയായാല്‍ മലബാറുകാര്‍ക്ക് ബെംഗളൂരു യാത്ര സുഖമമാക്കാന്‍ ആവശ്യത്തിന് ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് റെയിവേ നേരത്തെ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍, പാതയിരട്ടിപ്പിക്കല്‍ പ്രവൃത്തി പൂര്‍ത്തിയായി മാസങ്ങള്‍ പിന്നിട്ടിട്ടും ഇതുവഴി പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചിട്ടില്ല. ദിനംപ്രതി പത്തായിരത്തോളം പേരെങ്കിലും കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്ന് ബെംഗളൂരുവിലേക്ക് യാത്ര ചെയ്യുന്നുണ്ടെന്നാണ് കണക്ക്. എന്നാല്‍ യാത്രക്കാരുടെ അനുപാതത്തിന് അനുസൃതമായി ട്രെയിന്‍ ഇല്ലെന്നതും യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.

നിലവില്‍ ട്രെയിന്‍ സര്‍വീസ് കുറവായതിനാല്‍ ബെംഗളൂരുവിലേക്കുള്ള യാത്രക്ക് ഭൂരിഭാഗം പേരും സ്വകാര്യ, കെ എസ് ആര്‍ ടി സി ബസുകളെയാണ് ആശ്രയിക്കുന്നത്. സ്വകാര്യ ബസുകള്‍ ഇത് മുതലെടുത്ത് യാത്രക്കാരെ പിഴിയുന്നുമുണ്ട്.

കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഒരു ട്രെയിന്‍ സര്‍വീസ് മാത്രമാണ് മലബാറിന് ഈ റൂട്ടില്‍ ലഭിച്ചത്. ആഴ്ച്ചയില്‍ എട്ട് സര്‍വീസ് മാത്രമാണ് മലബാര്‍ വഴി ബംഗളൂരുവിലേക്കുള്ളത്. എന്നാല്‍, തെക്കന്‍ കേരളത്തില്‍ ഇതിനിരട്ടിയിലധികം സര്‍വീസുകള്‍ ആഴ്ച്ചയില്‍ നടത്തുന്നുണ്ട്. ആഴ്ച്ചയില്‍ 32 സര്‍വീസുകളാണ് തെക്കന്‍ കേരളത്തില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോകുന്നത്. ഇതിനാകട്ടെ മലബാര്‍ വഴി സര്‍വീസ് നടത്തുന്ന ട്രെയിനിനെ അപേക്ഷിച്ച് കോച്ചുകളും കൂടുതലാണ്.

18മുതല്‍ 19 കോച്ചുകളുള്ള ട്രെയിനുകളാണ് മലബാര്‍ വഴി ബെംഗ്‌ളൂരുവിലേക്ക് സര്‍വീസ് നടത്തുന്നത്. അതേസമയം, തെക്കന്‍ കേരളത്തില്‍ നിന്ന് ബെംഗ്‌ളൂരു സര്‍വീസ് നടത്തുന്ന ട്രെയിനുകളില്‍ മിക്കതിലും 23മുതല്‍ 24 കോച്ചുകള്‍ ഉണ്ടെന്നതും വാസ്തവമാണ്.
കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ യാത്രാക്ലേശം പരിഹരിക്കാന്‍ മംഗലാപുരം വരെയുള്ള ട്രെയിനുകള്‍ കോഴിക്കോട്ടേക്ക് നീട്ടാമെന്നും റെയിവേ നേരത്തെ വാഗ്ദാനം നല്‍കിയിരുന്നുവെങ്കിലും ഇതും നടപ്പായില്ല.

അവധിക്ക് മുമ്പുള്ള ദിവസങ്ങളിലും അവധി കഴിഞ്ഞുള്ള ദിവസങ്ങളിലുമാണ് യാത്രക്കാരുടെ തിരക്ക് വര്‍ധിക്കാറുള്ളത്. ബെംഗ്‌ളൂരുവിലേക്ക് സര്‍വീസ് നടത്തുന്ന യശ്വന്ത്പൂര്‍ എക്‌സ്പ്രസില്‍ മിക്ക ഞായറാഴ്ച്ചകളിലും കാലുകുത്താന്‍ ഇടമുണ്ടാവാറില്ലെന്ന് സ്ഥിരം യാത്രക്കാര്‍ പറയുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ടിക്കറ്റ് ബുക്ക് ചെയ്താലും വെയ്റ്റിംഗ് ലിസ്റ്റിലാകുന്ന അവസ്ഥയാണ്.

റെയില്‍വേയുടെ ഇത്തരം അനാസ്ഥയാണ് മലബാറിലെ യാത്രക്കാരെ സ്വകാര്യ ബസില്‍ യാത്ര ചെയ്യാന്‍ നിര്‍ബന്ധിതരാക്കുന്നത്. ട്രെയിനിനെ അപേക്ഷിച്ച് ഇരട്ടി പണം നല്‍കിയാണ് ബസില്‍ ഇവര്‍ക്ക് യാത്ര ചെയ്യേണ്ടി വരുന്നത്. അവധി ദിവസങ്ങളുടെ ആദ്യ നാളുകളില്‍ ബംഗളൂരുവില്‍ നിന്ന് നാട്ടിലേക്കും അവസാന ദിനങ്ങൡ ബെംഗഌരുവിലേക്കും ടിക്കറ്റിന് സാധാരണയിലും അധിക ചാര്‍ജ് സ്വകാര്യ ബസുകള്‍ ഈടാക്കാറുണ്ട്. തിരക്കുള്ള ദിവസങ്ങളില്‍ പീക്ക് പിരീഡ് ചാര്‍ജ് ആയി സാധാരണ നിരക്കില്‍ നിന്ന് 100 മുതല്‍ 300 രൂപ വരെ അധികമായി യാത്രക്കാര്‍ നല്‍കുകയും വേണം. എന്നാല്‍ ബെഗളൂരുവിലേക്ക് പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചാല്‍ ദുരിത യാത്രക്ക് പരിഹാരമുണ്ടാകുമെന്ന് യാത്രക്കാര്‍ പറയുന്നു.