വിവാദ പ്രസംഗം: കോടിയേരിക്കെതിരെ കേസെടുക്കണമെന്ന് സുധീരന്‍

Posted on: July 25, 2016 10:27 am | Last updated: July 25, 2016 at 4:07 pm
SHARE

sudheeranതിരുവനന്തപുരം:സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പയ്യന്നൂരില്‍ നടത്തിയ വിവാദ പ്രസംഗത്തില്‍ അദ്ദേഹത്തെനെതിരെ കേസെടുക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ ആവശ്യപ്പെട്ടു. സി.പി.എമ്മിനോട് കളിച്ചാല്‍ കണക്ക് തീര്‍ക്കുമെന്ന കോടിയേരിയുടെ പ്രസതാവന നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്നും സുധീരന്‍ പറഞ്ഞു.അക്രമം നടത്താനും നിയമം കൈയിലെടുക്കാനും ആഹ്വാനം ചെയ്യുന്നതാണ് കോടിയേരി പ്രസ്താവന. ഇതിന് ജനങ്ങളെ പ്രേരിപ്പിച്ച കോടിയേരിക്കെതിരെ കേസെടുത്തേ മതിയാവൂ എന്നും സുധീരന്‍ പറഞ്ഞു.

സി.പി.എം പ്രവര്‍ത്തകന്‍ സി.വി. ധനരാജിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഗാന്ധി പാര്‍ക്കില്‍ സംഘടിപ്പിച്ച കൂട്ടായ്മ ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു കോടിയേരിയുടെ വിവാദ പ്രസ്താവന. ഇങ്ങോട്ട് ആക്രമിക്കാനെത്തുന്നവരെ വന്നത് പോലെ പോകാന്‍ വിടരുത്. വയലില്‍ പണിയെടുത്താല്‍ കൂലി വരമ്പത്ത് തന്നെ കിട്ടുമെന്ന് അക്രമികള്‍ മനസിലാക്കണം. ഇനിയും മറ്റൊരു ധനരാജ് നഷ്ടപ്പെടാന്‍ ഇടയാവരുത്. ആര്‍.എസ്.എസ് ബി.ജെ.പി അക്രമങ്ങളെ രാഷ്ട്രീയമായും പ്രത്യയശാസ്തപരമായും നേരിടണം ഇതായിരുന്നു കോടിയേരിയുടെ പ്രസംഗം.
സിപിഐഎം പ്രവര്‍ത്തകന്‍ ധന്‍രാജിന്റെ കൊലപാതകത്തില്‍ പൊലീസ് പ്രതികള്‍ക്കൊപ്പമാണെന്ന് കോടിയേരി കുറ്റപ്പെടുത്തി. ഇത് അംഗീകരിക്കാനാകില്ലെന്നും ഇത്തരം സമീപനങ്ങളില്‍ നിന്നും പൊലീസ് പിന്മാറണമെന്നും കോടിയേരി അഭിപ്രായപ്പെട്ടു.

ഈ മാസം 11 ന് രാത്രിയാണ് പയ്യന്നൂരില്‍ സിപിഐഎം പ്രവര്‍ത്തകനായ സി വി ധന്‍രാജും ബിജെപി പ്രവര്‍ത്തകനായ സി കെ രാമചന്ദ്രനും കൊല്ലപ്പെട്ടത്. ധന്‍രാജിനെ വീട്ടില്‍ കയറി ഒരു സംഘം വെട്ടിക്കൊല്ലപ്പെടുത്തി മണിക്കൂറുകള്‍ക്കുള്ളില്‍ രാമചന്ദ്രനെയും മറ്റൊരു സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.