Connect with us

Kerala

അക്രമിക്കാന്‍  വരുന്നവരോടു കണക്കു തീര്‍ക്കണം: കോടിയേരി

Published

|

Last Updated

കണ്ണൂര്‍: അക്രമിക്കാന്‍വരുന്നവരോടു കണക്കു തീര്‍ക്കണമെന്നു സിപിഐഎം സംസ്ഥാനം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പയ്യന്നൂരിലെ പൊലീസ് കൊലപാതകികള്‍ക്കൊപ്പമാണെന്നും കോടിയേരി പറഞ്ഞു. സിപിഐഎംആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട പയ്യന്നൂരില്‍ സിപിഎം സംഘടിപ്പിച്ച ബഹുജന കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു കോടിയേരി. വയലില്‍ പണിയെടുത്താല്‍ വരമ്പത്ത് കൂലി ലഭിക്കുമെന്ന് ആര്‍.എസ്.എസും ബി.ജെ.പിയും തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എം സമാധാനം ആഗ്രഹിക്കുന്ന പാര്‍ട്ടിയാണ്. എന്നാല്‍, സി.പി.എമ്മിന്റെ പരമ്പരാഗത കേന്ദ്രങ്ങളില്‍ കടന്നുവന്ന് പ്രവര്‍ത്തകരെ ജീവിക്കാനനുവദിക്കാതെ അക്രമം നടത്തുകയാണ് ആര്‍.എസ്.എസ്. അക്രമം പ്രതിരോധിക്കാന്‍ രാഷ്ട്രീയ വിദ്യാഭ്യാസത്തോടൊപ്പം കായികപരിശീലനവും ആവശ്യമാണ്. കടകളും വീടുകളും മറ്റ് സ്ഥാപനങ്ങളും അക്രമിക്കാന്‍ പാടില്ല. സി.പി.എമ്മിന്റെ ഉശിരന്‍ പ്രവര്‍ത്തകനായിരുന്നു ധനരാജ്. മൂന്നുതവണ ഇതിനു മുമ്പ് ധനരാജിനെ അപായപ്പെടുത്താന്‍ ശ്രമം നടന്നു. നാലാം തവണയാണ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ സംഘ്പരിവാറിന്റെ ഉന്നത നേതൃത്വത്തിന് പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം അഞ്ച് സി.പി.എം പ്രവര്‍ത്തകരെയാണ് കൊലപ്പെടുത്തിയത്. ഇവരില്‍ മൂന്നുപേര്‍ മരിച്ചത് ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ കൊലക്കത്തിക്കിരയായാണ്. സി.പി.എമ്മിനെതിരെ അക്രമം നടത്തിയ ശേഷം, സി.പി.എം അക്രമം നടത്തുകയാണെന്ന് ദേശവ്യാപകമായി പ്രചരിപ്പിക്കുകയാണ് സംഘ്പരിവാര്‍.എല്‍.ഡി.എഫിന്റെ വിജയത്തിലുള്ള അസഹിഷ്ണുതയാണ് ഇതിനു പിന്നില്‍. സി.പി.എമ്മിന് ശക്തിയുള്ള സ്ഥലങ്ങളില്‍ സംഘ്പരിവാറിന്റെ വര്‍ഗീയ അജണ്ട നടപ്പാക്കാനാവാത്തതാണ് അവരെ വിഷമിപ്പിക്കുന്നതെന്നും കോടിയേരി പറഞ്ഞു.
പയ്യന്നൂരില്‍ മണിക്കൂറുകളുടെ ഇടവേളയില്‍ രണ്ട് കൊലപാതകങ്ങള്‍ നടന്നിരുന്നു. ആദ്യം സിപിഐഎം പ്രവര്‍ത്തകന്‍ സി.വി ധനരാജും പിന്നീട് ഈ കൊലപാതകത്തിന്റെ മറുപടിയായി ആര്‍എസ്എസ് പ്രവര്‍ത്തകനായ സി.കെ രാമചന്ദ്രനും കൊല്ലപ്പെട്ടിരുന്നു. ധനരാജിന്റെ കൊലപാതകത്തിന്റെ വിരോധമാണ് രാമചന്ദ്രന്‍ കൊല്ലപ്പെട്ടതെന്ന് മുഖ്യമന്ത്രി നിയമ സഭയില്‍ പറഞ്ഞിരുന്നു.

Latest