ജര്‍മ്മനിയില്‍ വീണ്ടും സ്‌ഫോടനം: ഒരാള്‍ മരിച്ചു

Posted on: July 25, 2016 9:19 am | Last updated: July 25, 2016 at 9:19 am
SHARE

GERMANY BLASTബെര്‍ലിന്‍: തെക്കന്‍ ജര്‍മനിയിലെ അന്‍സ്ബാക്കില്‍ റസ്റ്ററന്റിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 11 ഓളം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത് അക്രമി തന്നെയാണെന്ന് പോലീസ് കരുതുന്നു. കൂടുതല്‍ അന്വേഷണം നടന്നു വരികയാണ്.

തൊട്ടടുത്ത് സംഗീത പരിപാടി നടക്കുന്ന സ്ഥലത്തു നിന്നും രണ്ടായിരത്തോളം പേരെയാണ് മാറ്റിയത്. സംഗീത പരിപാടി നടക്കുന്ന വേദിയിലേക്കുള്ള പ്രവേശന കവാടത്തിലായിരുന്നു സ്‌ഫോടനം നടന്ന ബാര്‍ സ്ഥിതി ചെയ്തിരുന്നത്. ഗ്യാസ് ലീക്കു മൂലമുള്ള അഗ്‌നിബാധയെന്നായിരുന്നു പ്രാഥമിക വിവരം. എന്നാല്‍ നടന്നത് സ്‌ഫോടനം ആണെന്ന് ആഭ്യന്തര മന്ത്രാലയം തന്നെ സ്ഥിരീകരിച്ചു.

ഒരാഴ്ചയ്ക്കിടെ ഇത് മൂന്നാം തവണയാണ് ജര്‍മ്മനി ആക്രമണത്തിന് ഇരയാകുന്നത്. വെള്ളിയാഴ്ച മ്യൂണിക്കില്‍ ഒരാള്‍ ജനങ്ങള്‍ക്ക് നേരെ നടത്തിയ വെടിവെയ്പ്പില്‍ ഒമ്പതു പേരായിരുന്നു കൊല്ലപ്പെട്ടത്. ഇതിന് തൊട്ടു മുമ്പ് വൂഴ്‌സബര്‍ഗില്‍ ഒരു ട്രെയിനില്‍ അക്രമി നടത്തിയ മഴു കൊണ്ടുള്ള ആക്രമണത്തില്‍ അനേകര്‍ക്ക് പരിക്കേറ്റിരുന്നു.