Connect with us

Articles

കൈലാസ് മരിച്ചത് 56 മുറിവുകളുമായിട്ടായിരുന്നു

Published

|

Last Updated

അര നൂറ്റാണ്ട് മുമ്പ് കേരളത്തിലെ അഭ്യസ്ത വിദ്യരും തൊഴിലാളികളും ഒരേപോലെ മണലാരണ്യത്തിലേക്ക് യാത്ര പോയത് സ്വന്തം ജീവിതം പച്ചപിടിക്കുന്നത് മാത്രം സ്വപ്‌നം കണ്ടായിരുന്നില്ല. ഒരു കുടുംബം അരപ്പട്ടിണിയില്‍ നിന്നും ഇല്ലായ്മകളില്‍ നിന്നും കര കയറുമല്ലോ എന്നാശിച്ചുകൂടിയാണ്. രാവോ പകലോ നോക്കാതെ അന്നത്തെ ഗള്‍ഫ് നാടുകളുടെ പരിമിതികള്‍ക്കിടയില്‍ നിന്ന് സഹിച്ചും പൊറുത്തുമാണ് മലയാളി സമൂഹം അതിജീവിച്ചത്. അതിന്റെ ഫലം വലുതായിരുന്നു. ആരുടെ മുന്നിലും നെഞ്ചുയര്‍ത്തിപ്പിടിച്ച് നടക്കാന്‍ മലയാളി പ്രാപ്തരായി. കേരളം എന്ന കൊച്ചു സംസ്ഥാനം വേഗത്തില്‍ പുരോഗതി പ്രാപിച്ചു. ഇവിടെ നല്ല റോഡും പാലങ്ങളും ഉണ്ടായി. വീടുകള്‍ ആകാശംമുട്ടെ ഉയര്‍ന്നു. മൂന്നു നേരവും ഭക്ഷിക്കാമെന്നായി. സാംസ്‌കാരികമായും വിദ്യാഭ്യാസപരമായും അയല്‍നാടുകളെ പോലും പിന്തള്ളി. ലോകത്തു തന്നെ കേരളം പലനിലക്കും മാതൃകയാകുന്നത് പ്രവാസികളുടെ അധ്വാനഫലമായാണ്. നമ്മുടെ സാമ്പത്തിക വളര്‍ച്ചയുടെ നട്ടെല്ല് ആ അധ്വാനത്തിന്റെ ഫലപ്രാപ്തിയാണ്.
ഇന്ന് കേരളത്തിലെ മറുനാട്ടുകാരുടെ വാര്‍ത്തകള്‍ നമ്മുടെ മാധ്യമങ്ങളില്‍ ഒരു നിത്യ തലക്കെട്ടായി മാറിയിട്ടുണ്ട്. ഒന്നുകില്‍ അത് കുറ്റകൃത്യവുമായോ അതല്ലെങ്കില്‍ അവരുടെ ജീവിത പ്രശ്‌നവുമായോ ബന്ധപ്പെട്ടാണ് കിടക്കുന്നത്. ജിഷയുടെ വധവുമായി ബന്ധപ്പെട്ട് അസമില്‍ നിന്നുള്ള പ്രതി പിടിക്കപ്പെട്ടപ്പോള്‍ കേരളീയ സമൂഹം ഒന്നടങ്കം മറുനാടന്‍ തൊഴില്‍ സമൂഹത്തെ വെറുപ്പോടെയും ആശങ്കയോടെയും നോക്കിത്തുടങ്ങി. കേരളത്തിലേക്കുള്ള തൊഴിലാളികളുടെ പ്രവാഹം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളിലാണ് ഇത്ര കൂടൂന്നത്. എന്നാല്‍ അതിനും എത്രയോ മുമ്പ് ഇന്ത്യയിലെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് തൊഴില്‍ തേടി ആളുകള്‍ എത്തിയത് ചരിത്രരേഖകളുണ്ട്. കായികാധ്വാനം ഏറെ ആവശ്യമുള്ള തൊഴില്‍ മേഖലകളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ നമ്മുടെ പുതുതലമുറ മടിക്കുന്നതാണ് മറുനാട്ടുകാരുടെ രംഗപ്രവേശത്തിന് ആക്കം കൂട്ടുന്നത്. തൊഴില്‍ മേഖലകളില്‍ നേരിടുന്ന അവിദഗ്ധ തൊഴിലാളികളുടെ ദൗര്‍ലഭ്യം നമ്മെ മറുനാട്ടുകാരെ ഇരുകൈയും നീട്ടി സ്വീകരിക്കാന്‍ പ്രേരിപ്പിക്കുന്നു.
കേരളത്തിലേക്ക് ആദ്യമായി കൂട്ടത്തോടെയുള്ള പ്രവാസി തൊഴിലാളികളുടെ ഒഴുക്ക് ഉണ്ടാകുന്നത് തടി വ്യവസായ മേഖലകളിലേക്കായിരുന്നു. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലേക്കായിരുന്നു ആ ഒഴുക്ക്. രാത്രി കാലങ്ങളില്‍ ഉറക്കമൊഴിച്ച് തടിമില്ലുകളില്‍ ജോലി ചെയ്യാന്‍ തയ്യാറാകാതിരുന്ന മലയാളികളെ പിന്‍തള്ളി അവിടേക്ക് അസമില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും തൊഴിലാളികളെത്തി. മെച്ചപ്പെട്ട വേതനം, ഭക്ഷണം, ജീവിത ചുറ്റുപാട് എന്നിവയില്‍ തൃപ്തരായാണ് അവരിവിടെ തൊഴില്‍ നോക്കിയതെന്നു കാണാം. ഒഡീഷയിലെ ഫുല്‍വാത്തി, ബൗധ്, ധെങ്കനാല്‍ പ്രദേശങ്ങളില്‍ നിന്നും ഉപജീവനം തേടി ഇവിടെ എത്തിയവരും കുറവല്ലായിരുന്നു. ഇന്ന് നഗര-ഗ്രാമ വ്യത്യാസമില്ലാതെ പ്രവാസ തൊഴിലാളികളെ നമുക്ക് കണാം. കേരളത്തിലിന്ന് അന്യ ദേശത്തെ തൊഴിലാളികളെ ഇറക്കുമതി ചെയ്യാനും തൊഴില്‍ മേഖലകളില്‍ ഇടപെട്ട് ഏജന്റുമാരായി പ്രവര്‍ത്തിക്കാനും ആളുകളുണ്ട്. ഒരേ സമയം അന്യനാട്ടിലെ തൊഴിലാളികളും അവരെ നിയന്ത്രിക്കുന്ന ദല്ലാളുമാരും ജീവിക്കുന്നു എന്നര്‍ഥം. പാവപ്പെട്ട അന്യദേശക്കാരെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് മെച്ചപ്പെട്ട വേതനം ഇവിടെ കിട്ടുന്നുണ്ട്. അതിജീവിക്കാന്‍ അനുഗുണമായ കാലാവസ്ഥ, നല്ല വെള്ളവും പ്രകൃതിയും, രാഷ്ട്രീയ രംഗത്തെ ശാന്തത, ക്രിമിനലുകളുടെ വിളയാട്ടമില്ലായ്മ എന്നിവയെല്ലാം അന്യദേശക്കാരെ ഇവിടേക്ക് ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്. കേരളത്തില്‍ തൊഴില്‍ ചെയ്ത് തിരിച്ച് സ്വന്തം മണ്ണില്‍ മടങ്ങിയെത്തുന്ന ഒരു തൊഴിലാളി, വീണ്ടും കേരളത്തിലെത്തുന്നത് ബന്ധുക്കളെയോ സുഹൃത്തുക്കളെയോ കൂട്ടിയാകും. ഇങ്ങനെ ഓരോ വര്‍ഷവും കേരളത്തിലെത്തുന്ന പ്രവാസി തൊഴിലാളികളുടെ എണ്ണം വര്‍ധിക്കുന്നു. ഇന്ന് കേരളത്തില്‍ എത്ര ഇതര സംസ്ഥാന തൊഴിലാളികള്‍ ഉണ്ടെന്നതിന് കൃത്യമായ കണക്ക് ആരുടെ കൈയിലുമില്ല. ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിനാന്‍സ് ആന്റ് ടാക്‌സേഷന്റെ ഒരു കണക്കു പ്രകാരം 2013-ല്‍ ഇവരുടെ എണ്ണം 25 ലക്ഷത്തിലേറെയാണ്. ദീര്‍ഘദൂര തീവണ്ടികളെ അടിസ്ഥാനമാക്കി തയ്യാര്‍ ചെയ്തതാണ് ഈ കണക്ക്. എന്നാല്‍, തീവണ്ടികളിലല്ലാതെ കേരളത്തിലെത്തുന്ന തൊഴിലാളികളുടെ എണ്ണം കൂടി കൂട്ടിയാല്‍ ഇത് എത്രയോ കൂടുതലായിരിക്കാം. തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, അസം, ഒഡീഷ, ബീഹാര്‍, ജാര്‍ഖണ്ഡ്, ഉത്തര്‍ പ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നാണ് മുഖ്യമായും തൊഴിലാളികള്‍ കേരള മണ്ണില്‍ എത്തുന്നത്.
സ്വന്തം നാട്ടില്‍ ജീവിക്കാന്‍ ഗതിയില്ലാതെ വരുമ്പോഴാണ് ഒരാള്‍ മറ്റൊരു ദേശത്തേക്ക് കുടിയേറുന്നത്. ഇത്തരക്കാര്‍ എവിടെയും അസംഘടിതരാണ്. ദിവസേന പത്തിലേറെ മണിക്കൂര്‍ തൊഴില്‍ ചെയ്യാന്‍ വിധിക്കപ്പെട്ടവരാണ് പലരും. തൊഴില്‍ രംഗത്ത് കിട്ടുന്ന ഒരു ആനുകൂല്യവും ഇവര്‍ക്ക് ലഭിക്കുന്നില്ല എന്നു മാത്രമല്ല, മധ്യവര്‍ത്തികളായി പ്രവര്‍ത്തിക്കുന്ന തദ്ദേശീയരും മറ്റും കിട്ടുന്ന വേതനത്തിന്റെ ഒരു പങ്ക് ചൂഷണം ചെയ്യുന്നവരുമാണ്. തൊഴില്‍ അസ്ഥിരത, സാമൂഹിക സുരക്ഷിതത്വമില്ലായ്മ എന്നിവ ബഹുഭൂരിപക്ഷം തൊഴിലാളികളെയും ബാധിക്കുന്ന ഘടകങ്ങളാണ്. അന്തര്‍ദേശീയ തൊഴില്‍ കുടിയേറ്റം സംബന്ധിച്ച നിയമങ്ങള്‍ നിലവില്‍ നമ്മുടെ സംസ്ഥാനത്തുണ്ടെങ്കിലും അവയെല്ലാം ഇവരെ സംബന്ധിച്ച് അപ്രാപ്യമാണ്. 1979-ല്‍ തന്നെ ഈ നിയമം പാസ്സാക്കപ്പെട്ടെങ്കിലും പ്രവര്‍ത്തിപഥത്തില്‍ സുസാധ്യമാവുന്ന രീതിയിലുള്ളതല്ല. കേരളത്തിലേക്ക് കുടിയേറിയ ഈ തൊഴിലാളികളില്‍ പലര്‍ക്കും രാഷ്ട്രീയ പാര്‍ട്ടികളിലോ മറ്റ് സംഘടനകളിലോ അംഗത്വമില്ലാത്തതിനാല്‍, ഇവരുടെ പരാതി കേള്‍ക്കാന്‍ പലപ്പോഴും ആളില്ലാതാകുന്നു. നീതി പാലകരായ പോലീസുകാരുടെ ഇടപെടല്‍ മാത്രമാണ് ഒരു ആശ്വാസം. അവിടെയും ഭാഷ ഒരു പരിമിതിയായി നില്‍ക്കുന്നു. ഇതു കാരണം പലരും പോലീസ് സംവിധാനത്തെ ഉപയോഗപ്പെടുത്താന്‍ മടിക്കുന്നു. ഒരു പ്രാന്തവത്കൃത സമൂഹമെന്ന നിലയില്‍ മറുനാടന്‍ തൊഴിലാളി സമൂഹത്തെ മാറ്റിനിര്‍ത്തുന്ന രീതിയിലാണ് നീതിപാലകരുടെ സമീപനവും.
കുടുംബം പുലര്‍ത്താനാണ് ഇതര സംസ്ഥാന തൊഴിലാളി ഇവിടെയെത്തുന്നത്. അല്ലാതെ നാട് ചുറ്റി കേരളത്തിന്റെ പ്രകൃതിഭംഗി ആസ്വദിക്കാന്‍ വരുന്നവര്‍ ടൂറിസ്റ്റിന്റെ വേഷത്തിലാണല്ലോ വരിക. കുടുംബഭാരം ചുമലിലുള്ള ഒരാള്‍ പൊതുവെ, കുറ്റകൃത്യങ്ങളിലേക്ക് സ്വമനസ്സാലെ എത്തിപ്പെടുക സാധാരണമല്ല. സാഹചര്യങ്ങളുടെ സമ്മര്‍ദം മൂലം കുറ്റവാളിയാവുന്നവര്‍ ഇല്ലാതല്ല. അത് ഏത് സമൂഹത്തിലും നമുക്ക് പ്രതീക്ഷിക്കാമല്ലോ. എങ്കിലും ഇതര സംസ്ഥാന തൊഴിലാളികളുടെ കുടിയേറ്റം മൂലം കേരളത്തില്‍ അല്ലറച്ചില്ലറ കുറ്റകൃത്യങ്ങള്‍ നടക്കാതെയില്ല. അതില്‍ ഏറ്റവും വിവാദപരമായിരുന്നു ജിഷയുടെ വധം. മദ്യപാനം, മയക്കുമരുന്ന് ഉപയോഗം, കളവ് തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ ഉണ്ടെങ്കിലും കേരളത്തിന്റെ സമാധാനാന്തരീക്ഷത്തിന് ഇവര്‍ ഒരിക്കലും വലിയ ഭീഷണിയായി മാറിയിട്ടില്ല. 2015-ല്‍ കേരളത്തില്‍ 6,53,976 കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ മറുനാടന്‍ തൊഴിലാളികള്‍ ചെയ്ത കുറ്റകൃത്യങ്ങള്‍ വെറും ഒരു ശതമാനം മാത്രമാണെന്നാണ് കണക്ക്. ഭാഷ അറിയാത്തതും ഇടപെടാന്‍ വ്യക്തികള്‍ ഇല്ലെന്നതും ഇവരെ കുറ്റകൃത്യങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെടുന്നുണ്ടെങ്കിലും, കേരളത്തിലെ പല കേസുകളിലും ആദ്യം ചോദ്യം ചെയ്യപ്പെടുന്നത് മറുനാട്ടുകാരാണ്. കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ കള്ളനാക്കുക എന്ന അവസ്ഥയാണിത്. തദ്ദേശീയരില്‍ നിന്ന് ഇവര്‍ക്ക് നേരിടേണ്ടിവരുന്ന അതിക്രമങ്ങള്‍ ഒരു പോലീസ് സ്റ്റേഷനിലും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുകയാണ് പതിവ്. ജിഷയുടെ കൊലപാതകാനന്തരം കോട്ടയത്ത് ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തിന് വിധേയമായി പൊരിവെയിലില്‍ കെട്ടിയിടുകയും ഒടുവില്‍ മരണപ്പെടുകയും ചെയ്ത കൈലാസ് ജ്യോതിബോറ എന്ന അസംകാരനെ നാം എത്ര വേഗമാണ് മറന്നുപോയത്? ജിഷയുടെ ശരീരത്തില്‍ 38 മുറിവുകളാണ് ഉണ്ടായിരുന്നതെങ്കില്‍ കൈലാസ് ബോറ മരിച്ചത് ശരീരത്തില്‍ 56 മുറിവുകളുമായിട്ടായിരുന്നു.
അതേസമയം, മറുനാടന്‍ തൊഴിലാളി സമൂഹത്തെ കുറ്റകൃത്യങ്ങളിലേക്ക് വലിച്ചിഴക്കുന്ന ചില സാഹചര്യങ്ങള്‍ ഇവിടെ നിലനില്‍ക്കുന്നുണ്ട്. അതിന് ചുക്കാന്‍ പിടിക്കുന്നത് പല വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ദല്ലാള്‍ സമൂഹം തന്നെയാണ്. മയക്കുമരുന്നുകളുടെ വിപണനം അധികവും മറുനാടന്‍ തൊഴിലാളികലൂടെയാണ് കേരളത്തിലെത്തുന്നത്. ഈയിടെ ഋഷിരാജ് സിംഗിന്റെ നേതൃത്വത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട നടത്തിയപ്പോള്‍ കണ്ടെടുക്കപ്പെട്ടത് 4,000 ടണ്‍ മയക്കുമരുന്നാണ്. മറുനാടന്‍ തൊഴിലാളികളുടെ ക്യാമ്പിലായിരുന്നു ഈ വേട്ട. ഇവരില്‍ പലരും നിരപരാധികളാകാം. യഥാര്‍ഥ കുറ്റവാളി നിയമത്തിന്റെ മുമ്പില്‍ വരാതെ ഞെളിഞ്ഞു നടക്കുന്നുമുണ്ടാകാം. കുറ്റകൃത്യങ്ങള്‍ ആരോപിച്ച് ജയിലടക്കപ്പെടുന്ന ഒട്ടുമിക്ക മറുനാടന്‍ തൊഴിലാളികള്‍ക്കും ശരിയായ നീതി ലഭിക്കുന്നില്ല എന്നത് ഒരു വസ്തുതയാണ്. എറണാകുളം ജില്ലയില്‍ പൊള്ളലേറ്റ് മരിക്കാന്‍ ഇടയായ ഒരു ഒഡിഷ സ്വദേശിയുടെ കുടുംബത്തിന് നീതി ലഭിക്കാന്‍ ഒടുക്കം ദേശീയ മനുഷ്യാവകാശ കമ്മീഷന് ഇടപെടേണ്ടി വന്നിട്ടുണ്ട്.
എങ്കിലും, കേരളത്തില്‍ വര്‍ധിച്ചുവരുന്ന മറുനാടന്‍ തൊഴിലാളികളുടെ കടന്നുകയറ്റം പല കുറ്റകൃത്യങ്ങളും നടപ്പിലാക്കാന്‍ എളുപ്പമാകുന്ന സാഹചര്യം സൃഷ്ടിക്കുന്നുണ്ട്. ഇന്ത്യയിലെ കൊടും കുറ്റവാളികള്‍ മുതല്‍ തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നവര്‍ വരെ ഇവിടേക്ക് നുഴഞ്ഞുകയറാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല. ഈയിടെ ഒരു നാഗാലാന്റ് തീവ്രവാദിയെ അറസ്റ്റ് ചെയ്തത് പത്രത്താളുകളില്‍ വലിയ വാര്‍ത്തയായിരുന്നു. ഇതിന് തടയിടാന്‍ നമ്മുടെ സമൂഹം കൂടുതല്‍ ജാഗ്രത വേണ്ടതുണ്ട്. പോലീസിന് മാത്രം കഴിയുന്ന ഒരു കാര്യമല്ല അത്. സ്വന്തം ദേശത്ത് കുടിയേറിപ്പാര്‍ത്ത് തൊഴില്‍ ചെയ്തുവരുന്ന മറുനാട്ടുകാരുടെ മീതെ നമ്മുടെയും ഒരു കണ്ണ് ഉണ്ടായെങ്കില്‍ നന്ന്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരു പുനരാലോചന നടത്തേണ്ടതുണ്ട്. കേരളത്തില്‍ ഇന്ന് അധിവസിക്കുന്ന തൊഴില്‍ സമൂഹത്തിന്റെ യഥാര്‍ഥ കണക്ക് കിട്ടിയേ തീരൂ. ഇക്കാര്യത്തില്‍ ചില മുന്‍കരുതലുകള്‍ ഗവണ്‍മെന്റിന്റെ ഭാഗത്തു നിന്നു ഉണ്ടായിട്ടുണ്ട്. തൊഴില്‍ തേടി ഇവിടെയെത്തിയ വിവിധ ദേശക്കാരുടെ കണക്ക് ഡിജിറ്റൈഡ് ചെയ്യുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചുകഴിഞ്ഞു.
അതോടൊപ്പം മലമ്പനി പോലെയുള്ള സാംക്രമിക രോഗങ്ങള്‍ കേരളത്തിലേക്ക് തിരിച്ചുവരുന്നു എന്ന ഭീഷണി നിലനില്‍ക്കുന്നുണ്ട്. തിരിച്ചുവരുന്ന സാംക്രമിക രോഗങ്ങളെ ഫലപ്രദമായി നേരിടാന്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയിലും ബോധവത്കരണവും പ്രതിരോധ കുത്തിവെപും നടക്കേണ്ടതുണ്ട്. ഇന്ന് പ്രവാസി തൊഴിലാളികളുടെ മക്കളെ സ്‌കൂളില്‍ ചേര്‍ത്ത് പഠിപ്പിക്കാനുള്ള ശ്രമം സര്‍വ ശിക്ഷാഅഭിയാന്‍ നടത്തിവരുന്നുണ്ട്. 2010-ല്‍ കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതി രൂപീകരിച്ചിരിക്കുന്നു. അത് കൂടുതല്‍ ഊര്‍ജ്ജസ്വലമായി ഇന്ന് രംഗത്തുണ്ട്. കേരള വിഷന്‍ 2030 പ്രവാസി തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ നടത്തുന്നതിലും അത് വിപുലമായ ഒരു ഡാറ്റയായി മാറ്റുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു.
പുതുതലമുറയുടെ മണ്ണിനെ മറന്നുള്ള സാമൂഹിക കാഴ്ചപ്പാട് തുടരുന്ന കാലത്തോളം കേരളം പൂര്‍ണമായും പ്രവാസി തൊഴിലാളികളെ ആശ്രയിക്കേണ്ട സാഹചര്യം സംജാതമാകുന്നു. ഒരു മണിയോര്‍ഡര്‍ സമ്പദ് വ്യവസ്ഥയാണ് കേരളത്തിലിന്ന് നിലനില്‍ക്കുന്നത്. അതിന് ആക്കം കൂട്ടാനെ ഇത് സഹായിക്കൂ. മുഖ്യധാരാ ജീവിതത്തിന്റെ പാന്ഥാവിലേക്ക് മറ്റുള്ളവരെ പിന്തള്ളി കടന്നുവരുന്ന ഈ സമൂഹത്തെ വെറുക്കുന്നതിനു പകരം അവരെക്കൂടി ഉള്‍ക്കൊണ്ട് മുന്നോട്ട് പോകാനേ ഇനി തരമുള്ളൂ. അപ്പോഴും ഈ കൊച്ചു കേരളത്തിന്റെ പരിമിതി കൂടി നാം ഉള്‍ക്കൊള്ളണം. നാം നന്നാവാത്തതിന് മറ്റുള്ളവരെ പഴിചാരിയിട്ടെന്ത്?