മന്ത്രിസഭാ തീരുമാനങ്ങള്‍ പ്രസിദ്ധപ്പെടുത്തുമ്പോള്‍

Posted on: July 25, 2016 6:00 am | Last updated: July 24, 2016 at 11:43 pm
SHARE

മന്ത്രിസഭാ തീരുമാനങ്ങള്‍ 48 മണിക്കൂറിനകം വെബ്‌സൈറ്റില്‍ പ്രസിദ്ധിപ്പെടുത്താന്‍ തീരുമാനിച്ചിരിക്കുകയാണ് സര്‍ക്കാര്‍ സര്‍ക്കാര്‍. തീരുമാനങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ അംഗീകരിച്ചു ഉത്തരവായാല്‍ താമസിയാതെ അതിന്റെ പകര്‍പ്പ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന് ചീഫ് സെക്രട്ടരി എസ് എം വിജയാനന്ദ് വകുപ്പ് തലന്മാര്‍ക്ക് നിര്‍ദേശം നല്‍കുകയുണ്ടായി. പുതിയ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മന്ത്രിസഭാ യോഗ തീരുമാനങ്ങളൊന്നും പുറത്തു വിട്ടിരുന്നില്ല. മന്ത്രിസഭാ യോഗത്തിനുടനെ മുഖ്യമന്ത്രിമാര്‍ നടത്താറുണ്ടായിരുന്ന വാര്‍ത്താ സമ്മേളനവും ഒഴിവാക്കിയിരുന്നു. ഇത് വിമര്‍ശ വിധേയമായ പശ്ചാത്തലത്തിലാണ് പുതിയ ഉത്തരവ്. എന്നാല്‍ മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നത് സംബന്ധിച്ചു വിവരാവാകാശ കമ്മീഷനും സര്‍ക്കാറും തമ്മില്‍ നിലനില്‍ക്കുന്ന ഭിന്നത തുടരുകയാണ്. മന്ത്രിസഭാ തീരുമാനങ്ങളും ഈ തീരുമാനങ്ങളില്‍ വകുപ്പുകള്‍ എടുത്ത തുടര്‍നടപടികളും പുരോഗതിയും അപേക്ഷകരെ അറിയിക്കണമെന്ന കമ്മീഷന്‍ ഉത്തരവ് സര്‍ക്കാര്‍ അംഗീകരിക്കുന്നില്ല. ഇക്കാര്യത്തില്‍ യു ഡി എഫ് സര്‍ക്കാറിന്റെ നിലപാട് പിന്തുടരുകയാണ് ഈ സര്‍ക്കാറും. വിവരാവകാശനിയമ പ്രകാരം നല്‍കാവുന്നതും നിയമത്തിന്റെ പരിധിയില്‍ വരാത്തതുമായ വിവരങ്ങള്‍ മന്ത്രിസഭായോഗങ്ങളില്‍ ഉണ്ടാകാറുണ്ടെന്നും ഇവ വേര്‍തിരിച്ച് നല്‍കുന്നത് അപ്രായോഗികമാണെന്നാണ് സര്‍ക്കാര്‍ നിലപാട്. വിവരാവാകാശ കമ്മീഷണറുടെ മേല്‍ ഉത്തരവിനെതിരെ കോടതിയെ സമീപിക്കാനുള്ള തീരുമാനത്തിലും മാറ്റമില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുകയുണ്ടായി.
പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥയില്‍ ഭരണരംഗത്ത് നടക്കുന്ന വിവരങ്ങള്‍ അറിയാനുള്ള പൗരന്മാരുടെ അവകാശം മൗലികമാണ്. ഭരണഘടനയിലെ 19ാ-ം വകുപ്പ് ഇക്കാര്യം പറയുന്നുണ്ട്. എന്നാല്‍ ഈ അവകാശം പലപ്പോഴും നിഷധിക്കപ്പടുന്നു. ഉദ്യോഗസ്ഥ മേധാവിത്വത്തിന് പ്രത്യേകിച്ചും ഇത്തരം കാര്യങ്ങള്‍ ജനങ്ങളെ അറിയിക്കരുതെന്ന നിര്‍ബന്ധ ബുദ്ധിയുണ്ട്. നിജസ്ഥിതികള്‍ അവര്‍ പുറത്തുവിടില്ല. എന്തെങ്കിലും വിവിരങ്ങള്‍ ആരാഞ്ഞു ഹരജി നല്‍കിയാല്‍ തന്നെയും മറുപടി ലഭിക്കാറില്ല. ഇത് പല തരം ക്രമക്കേടുകള്‍ക്ക് വഴിവെച്ചു. ഭരണ നടപടികള്‍ എപ്പോഴെല്ലാം ദുരൂഹമായിട്ടുണ്ടോ അപ്പോഴൊക്കെ അഴിമതിയും സ്വജനപക്ഷപാതവും ഭരണകൂട ഭീകരതയും ഉണ്ടായതാണ് അനുഭവം. ഇതേതുടര്‍ന്നാണ് 2005 ഒക്‌ടോബറില്‍ വിവരാവകാശ നിയമം പാസാക്കിയത്.
പൊതുഅധികാര സ്ഥാപനങ്ങളുടെ കൈവശമുള്ള വിവരങ്ങള്‍ എല്ലാ പൗരന്മാര്‍ക്കും ലഭ്യമാക്കുകയും ഇത്തരം കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തില്‍ സുതാര്യതയും വിശ്വാസ്യതയും വര്‍ധിപ്പിക്കുകയുമാണ് ഈ നിയമത്തിന്റെ ലക്ഷ്യമായി പറയുന്നത്. ഇതനുസരിച്ചു പൗരന്മാര്‍ ആവശ്യപ്പെട്ടാല്‍ മന്ത്രിസഭാ തീരുമാനങ്ങള്‍ അറിയിക്കാനും ബന്ധപ്പെട്ടവര്‍ ബാധ്യസ്ഥരാണ്. എന്നിട്ടും സര്‍ക്കാര്‍ തീരുമാനങ്ങള്‍ അറിയിക്കാന്‍ വിസമ്മതിക്കുന്നത് പൊതുസമൂഹത്തിന്റെ പ്രതികൂല പ്രതികണത്തിലുള്ള ഭയാശങ്കയായിരിക്കണം. കഴിഞ്ഞ യു ഡി എഫ് സര്‍ക്കാറിന്റെ അവസാന കാലത്ത് എടുത്ത തീരുമാനങ്ങള്‍ പ്രസിദ്ധപ്പെടുത്താന്‍ വിസമ്മതിച്ചത് ഇതുകൊണ്ടായിരുന്നല്ലോ. പൊതുസ്വത്ത് സ്വന്തക്കാര്‍ക്കും തല്‍പ്പരകക്ഷികള്‍ക്കും മാഫിയകള്‍ക്കും തീറെഴുതിക്കൊടുക്കുന്നതായിരുന്നു ആ തീരുമാനങ്ങള്‍. ഇതു സംബന്ധിച്ച മന്ത്രിസഭാ യോഗങ്ങളുടെ അജന്‍ഡയും മിനുട്‌സും നടപടികളുടെ വിവരവും ആവശ്യപ്പെട്ട് വിവരാവാകാശ പ്രവര്‍ത്തകര്‍ ഹരജി നല്‍കിയെങ്കിലും അത് നിരസിക്കുകയാണുണ്ടായത്. തിരഞ്ഞെടുപ്പില്‍ യു ഡി എഫിന് ഇത് തിരിച്ചടിയാവുകയും ചെയ്തു. ജനാധിപത്യ ഭരണക്രമത്തില്‍ അപേക്ഷ കൊടുക്കാതെ തന്നെ വിവരങ്ങള്‍ ജനങ്ങളെ അറിയിക്കേണ്ട കടമ സര്‍ക്കാറിനുണ്ട്. എന്നിട്ടും ‘ഒഫിഷ്യല്‍ സീക്രറ്റ് ആക്ടി’ന്റെ മറവില്‍ അപേക്ഷ നല്‍കിയാല്‍ പോലും വ്യക്തമായ മറുപടി നല്‍കാന്‍ വിസമ്മതിക്കുന്നത് ശരിയാണോ? ജനാധിപത്യ വ്യവസ്ഥയില്‍ ഒന്നും മറച്ചുവെക്കേണ്ടതില്ല. രാജ്യസുരക്ഷയുമായ ബന്ധപ്പെട്ട കാര്യങ്ങള്‍, പ്രമാദമായ കേസുകള്‍ തുടങ്ങിയവക്കപ്പുറമുള്ള മറ്റു തീരുമാനങ്ങള്‍ പൗരന്മാരെ അറിയിക്കുന്നതിന് എന്തിനാണ് വിമുഖത കാണിക്കുന്നത്?
ജനാധിപത്യ ഭരണകൂടമെന്നത് ഏതാനും ജനപ്രതിനിധികളുടെതല്ല. മൊത്തം ജനങ്ങളുടേതാണ്. ജനങ്ങളാണ് ഭരണമേല്‍പിച്ചത്. അധികാര പദവികളിലെത്തുമ്പോള്‍ ഇക്കാര്യം അവര്‍ വിസ്മരിക്കരുത്. മന്ത്രിസഭാ തീരുമാനങ്ങളില്‍ അറിയിക്കാവുന്നതും അല്ലാത്തതുമുണ്ടെന്ന വാദമുയര്‍ത്തി അറിയാനുള്ള അവകാശം നിഷേധിക്കുന്ന നയം ജനകീയ സര്‍ക്കാറുകള്‍ക്ക് ചേര്‍ന്നതല്ല.