എംജി യൂണിവേഴ്‌സിറ്റി ഫലപ്രഖ്യാപനത്തില്‍ അപാകതകള്‍; വിദ്യാര്‍ത്ഥികള്‍ വലയുന്നു

Posted on: July 24, 2016 9:34 pm | Last updated: July 24, 2016 at 10:56 pm
SHARE

മരട്: എംജി യൂണിവേഴ്‌സിറ്റി ജൂലൈ 15ന് ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച അവസാന വര്‍ഷ ബിഎസ്‌സി. ബോട്ടണി ഫലപ്രഖ്യാപനത്തില്‍ നിരവധി അപാകതകള്‍. യൂണിവേഴ്‌സിറ്റിയുടെ മൂല്യനിര്‍ണയത്തിലും, മാര്‍ക്ക് എന്‍ട്രിയിലും ഉണ്ടായ ന്യൂനതകള്‍ മൂലം തുടര്‍വിദ്യാഭ്യാസം നടത്താനോ, തൊഴില്‍ സംബന്ധമായ കാര്യങ്ങളുമായ് മുന്നോട്ട് പോകാനോ സാധിക്കാതെ വിദ്യാര്‍ത്ഥികളും രക്ഷാകര്‍ത്താക്കളും വലയുന്നു. എറണാകുളം തേവര സേക്രഡ് ഹാര്‍ട്ട് കോളേജിലെ അവസാന വര്‍ഷം പൂര്‍ത്തിയാക്കിയിറങ്ങിയ ബിഎസ്‌സി. ബോട്ടണി വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ ദുര്‍ഗതി വന്നിരിക്കുന്നത്.

1. എണ്‍വിറമെന്റല്‍ സ്റ്റഡീസ്, ഇക്കോടൂറിസം, പ്ലാന്റ് ഫിസിയോളജി ആന്‍ഡ് ബയോകെമിസ്ട്രി.
2. ബ്രയോളജി, ടെറിഡോളജി, ജിംനോസ്‌പേംസ് ആന്‍ഡ് പാലിയോബോട്ടണി.
3. ആന്‍ജിയോസ്‌പേം, മോര്‍ഫോളജി, ടാക്‌സോണമി ആന്‍ഡ് എക്കണോമിക് ബോട്ടണി.
4. ബയോടെക്‌നോളജി ആന്‍ഡ് ബയോഇന്‍ഫര്‍മാറ്റിക്.
എന്നീ നാലു പേപ്പറുകളുടെ റിസല്‍റ്റിലാണ് അപാകതകള്‍ കൂടുതലും കടന്നുകൂടിയിട്ടുള്ളത്. ഇതുമൂലം പല വിദ്യാര്‍ത്ഥികളും തോറ്റതായിട്ടാണ് റിസല്‍ട്ടില്‍. സംശയം തോന്നിയ വിദ്യാര്‍ത്ഥികള്‍ കോളേജ് അധികൃതരുമായി ബന്ധപ്പെട്ടപ്പോഴാണ് യൂണിവേഴ്‌സിറ്റി അധികൃതരുടെ മാര്‍ക്ക് എന്‍ട്രിയില്‍ ഉണ്ടായ ന്യൂനതയാണെന്ന് മനസിലായത്. പ്രാക്ടിക്കല്‍ പരീക്ഷയില്‍ ഇന്റേണലില്‍ 20ല്‍ 19 മാര്‍ക്ക് ലഭിച്ച ബോട്ടണി വിദ്യാര്‍ത്ഥിനിക്ക് പ്രസിദ്ധീകരിച്ച റിസല്‍റ്റില്‍ കൊടുത്തിരിക്കുന്നത് പൂജ്യം മാര്‍ക്കാണ്. കൂടാതെ മൂന്നാം വര്‍ഷ സിലബസില്‍ ഇല്ലാത്ത, പരീക്ഷ എഴുതാനില്ലാതിരുന്ന പേപ്പറായ സുവോളജിക്ക് 19 മാര്‍ക്ക് കിട്ടിയതായും കൊടുത്തിരിക്കുന്നു. ബോട്ടണി വിദ്യാര്‍ത്ഥികള്‍ ഒന്നും രണ്ടും വര്‍ഷങ്ങളിലാണ് സുവോളജി പഠിക്കേണ്ടത്. മൂന്നാം വര്‍ഷം സുവോളജി പരീക്ഷ എഴുതേണ്ടതില്ല.
ഒന്നു മുതല്‍ അഞ്ചു വരെയുള്ള സെമസ്റ്ററുകളില്‍ യഥാക്രമം ബി, എ, എ, എ, എ പ്ലസ് കിട്ടിയിട്ടുള്ള മറ്റൊരു വിദ്യാര്‍ത്ഥിനിക്ക് ആറാം സെമസ്റ്ററിലെ ഒരു വിഷയത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള എക്‌സ്‌ടേണല്‍ മാര്‍ക്ക് 3 ആണ്.
ഇതുപോലെ മറ്റുള്ള സെമസ്റ്ററുകളില്‍ നന്നായി മാര്‍ക്ക് നേടിയിട്ടുള്ള മിടുക്കരായ പല വിദ്യാര്‍ത്ഥികളും ആറാം സെമസ്റ്ററില്‍ തോറ്റതായിട്ടാണ് യൂണിവേഴ്‌സിറ്റി പ്രസിദ്ധീകരിച്ച റിസല്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. അന്വേഷിച്ചപ്പോള്‍ മറ്റുള്ള പല കോളേജിലെയും വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക് ലിസ്റ്റിലും ഇത്തരം അപാകതകള്‍ കാണുവാന്‍ സാധിച്ചു. ഇതിനെതിരെ തേവര എസ്എച്ച് കോളേജ് ബോട്ടണി വിഭാഗം മേധാവി ഡോ.എം.എസ്. ഫ്രാന്‍സിസിന്റെ നിര്‍ദ്ദേശാനുസരണം കോളേജ് പ്രിന്‍സിപ്പാളിന്റെ കയ്യൊപ്പോടുകൂടി വിവരങ്ങള്‍ വിശദമാക്കിക്കൊണ്ട് ബുധനാഴ്ച കോട്ടയം എം.ജി. യൂണിവേഴ്‌സിറ്റിയിലെത്തി വിദ്യാര്‍ത്ഥികള്‍ വൈസ് ചാന്‍സിലര്‍ക്ക് പരാതിയും നല്‍കിയിട്ടുണ്ട്.