താമരശ്ശേരിയില്‍ വിനോദ സഞ്ചാര കേന്ദ്രത്തിന് സമീപം പരസ്യമായി മദ്യപിച്ചവരെ അറസ്റ്റ് ചെയ്തു

Posted on: July 24, 2016 8:25 pm | Last updated: July 24, 2016 at 8:25 pm
SHARE

താമരശ്ശേരി: വിനോദ സഞ്ചാര കേന്ദ്രത്തിന് സമീപം മാംസ്യവുമായെത്തി പരസ്യമായി മദ്യപിച്ച സംഘത്തെ തിരുവമ്പാടി പോലീസ് അറസ്സ് ചെയ്തു. കൊടുവള്ളി ഉളിയാടന്‍കുന്നുമ്മല്‍ ഷാനവാസ്, സൗത്ത് കൊടുവള്ളി കിഴക്കാലിച്ചിയില്‍ യൂസുഫ്, കിഴക്കോത്ത് കച്ചേരിമുക്ക് പടിപ്പുരകണ്ടിയില്‍ മിര്‍ഷാദ് എന്നിവരെയാണ് തിരുവമ്പാടി എസ് ഐ സനല്‍ രാജിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്സ് ചെയ്തത്. പുല്ലൂരാംപാറ മുത്തപ്പന്‍പുഴയില്‍ റോഡരികില്‍ വെച്ച് ഭക്ഷണം പാകം ചെയ്യുകയും മദ്യപിക്കുകയും ചെയ്യുന്നതായ വിവരത്തെ തുടര്‍ന്നാണ് പോലീസ് പരിശോധനക്കെത്തിയത്. കൊടുവള്ളി മുനിസിപ്പല്‍ കൗണ്‍സിലര്‍ മജീദ് കോഴിശ്ശേരിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘത്തെ പോലീസ് കസ്റ്റഡിയിലെടുക്കുകയും പരിശോധനയില്‍ മദ്യപിച്ചതായി കണ്ടെത്തിയ മൂന്നുപേര്‍ക്കെതിരെ കേസെടുക്കുകയുമായിരുന്നു. പ്രതികളെ പിന്നീട് ജാമ്യത്തില്‍ വിട്ടു. അറസ്സ് മെമ്മോയില്‍ ഒപ്പിടാന്‍ വിസമ്മതിച്ചത് മുനിസിപ്പല്‍ കൗണ്‍സിലറും പോലീസും തമ്മില്‍ ഏറെനേരം വാക്കേറ്റത്തിന് കാരണമായി. ഇവര്‍ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു.