Connect with us

Thrissur

മാള ഗവ. കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ വികസന സമിതി യോഗം കണ്‍വീനര്‍ എത്താതെ മുടങ്ങി

Published

|

Last Updated

മാളഃ കെ കരുണാകരന്‍ സ്മാരക മാള ഗവ. കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ വികസന സമിതി യോഗം കണ്‍വീനര്‍ എത്താതെ മുടങ്ങി. ഉച്ചക്ക് ശേഷം 2.30 ന് വച്ചിരുന്ന യോഗത്തിലേക്ക് സമിതിയിലെ ഭൂരിപക്ഷം പേരും സമയത്തിന് മുന്‍പേ എത്തിയിരുന്നെങ്കിലും കണ്‍വീനറായ ആശുപത്രി സൂപ്രണ്ട് ആശ സേവ്യാര്‍ എത്തിയില്ല. യോഗത്തിന് എത്തിയിരുന്ന സമിതി അംഗങ്ങള്‍ 3.05 വരെ കണ്‍വീനറെ കാത്തിരുന്ന ശേഷം പിരിഞ്ഞു പോകുകയായിരുന്നു. ആശുപത്രിയുടെ തൊട്ടടുത്തുള്ള തന്റെ വീട്ടിലുണ്ടായിരുന്ന സൂപ്രണ്ട് ആശ സേവ്യാര്‍ രോഗികളെ സ്വകാര്യ പ്രാക്ടീസിലൂടെ പണം കൊയ്യുന്ന തിരക്കിലായിരുന്നതിനാലാണ് യോഗത്തിലേക്ക് എത്താതിരുന്നതെന്നാണ് ഉയരുന്ന ആക്ഷേപം. ആശുപത്രിയുടെ നടത്തിപ്പ് ചുമതലയുള്ള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വര്‍ഗ്ഗീസ് കാച്ചപ്പിള്ളി, വൈസ് പ്രസിഡന്റ് ജയചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്തംഗം സോന കരീം, എ ആര്‍ രാധാകൃഷ്ണന്‍, കെ സി വര്‍ഗ്ഗീസ്, വി എ ജോയ് തുടങ്ങിയവര്‍ സമയത്തിന് തന്നെ എത്തിയിരുന്നെങ്കിലും സമയത്തിന് മുന്‍പേ തന്നെ എത്തേണ്ടിയിരുന്ന സൂപ്രണ്ട് എത്താതിരുന്നതിനാല്‍ യോഗത്തിന് എത്തിയിരുന്ന മറ്റംഗങ്ങള്‍ പ്രശ്‌നമുണ്ടാക്കി. ഇതേ തുടര്‍ന്ന് ആശുപത്രി ജീവനക്കാര്‍ സൂപ്രണ്ടിനെ വിളിച്ച് പെട്ടെന്ന് എത്താന്‍ പറഞ്ഞെങ്കിലും അവരതിന് തയ്യാറായില്ല. ഇതിനിടയില്‍ ഡെപ്യൂട്ടി ഡി എം ഒ യും എത്തിയിരുന്നു. ഒടുവില്‍ എത്തിയിരുന്ന സമിതി അംഗങ്ങള്‍ പോയതിന് ശേഷമാണ് ആശുപത്രി സൂപ്രണ്ട് എത്തിയത്. യോഗം വിളിച്ചു കൂട്ടിയ ആശുപത്രി സൂപ്രണ്ട് യോഗത്തിന് എത്താതിരുന്ന സംഭവത്തില്‍ അവരോട് വിശദീകരണം ചോദിക്കണമെന്നാണ് വികസന സമിതി അംഗങ്ങളില്‍ നിന്നുണ്ടായ ആവശ്യം. കഴിഞ്ഞ തവണ നടന്ന യോഗത്തിലും കണ്‍വീനറായ ആശുപത്രി സൂപ്രണ്ട് ഏറെ വൈകിയാണ് എത്തിയത്. ആശുപത്രിയുടെ വികസനത്തിന് തുരങ്കം വെക്കുന്ന ആശ സേവ്യാര്‍ എന്ന ആശുപത്രി സൂപ്രണ്ടിനെ അടിയന്തിരമായി സ്ഥലം മാറ്റണമെന്നാണ് ഉയരുന്ന ആവശ്യം. ഇതിനിടെ രോഗികളെ പരിശോധിച്ചു കൊണ്ടിരുന്നത് കൊണ്ടാണ് യോഗത്തിന് എത്താതിരുന്നതെന്നാണ് ആശുപത്രി സൂപ്രണ്ടായ പി എസ് ആശ സേവ്യാര്‍ പറയുന്നത്. പലവിധ കാര്യങ്ങള്‍ ഉണ്ടായിരുന്ന വികസന സമിതി അംഗങ്ങള്‍ അവയെല്ലാം മാറ്റി വച്ചാണ് വികസന സമിതി യോഗത്തിന് എത്തിയിരുന്നത്. വീട്ടില്‍ സ്വകാര്യ പ്രാക്ടീസ് നടത്തി പണം വാരുന്ന തിരക്കില്‍ മറ്റെല്ലാമവര്‍ മറന്നെന്നാണ് ഉയരുന്ന ആക്ഷേപം.

Latest