കളയാനുള്ളതല്ല, പഠിക്കാനുള്ളതാണ് പാഴ്‌വസ്തുക്കള്‍

Posted on: July 24, 2016 6:34 pm | Last updated: July 24, 2016 at 6:34 pm
SHARE

stemദോഹ: പാഴ്‌വസ്തുക്കള്‍ ഉപയോഗിച്ച് അതിസങ്കീര്‍ണമായ പാഠങ്ങള്‍ എളുപ്പം പഠിക്കാമെന്ന് വിദഗ്ധന്‍. സയന്‍സ്, ടെക്‌നോളജി, എന്‍ജിനീയറിംഗ്, മാത്തമാറ്റിക്‌സ് (സ്റ്റെം) വിദ്യാഭ്യാസ സമ്പ്രദായത്തില്‍ മാജിക് സ്പ്രിംഗ്, കറുത്ത കൈയുറ, മഴവില്‍ ഗ്ലാസുകള്‍ തുടങ്ങിയ കളിക്കോപ്പുകളും മറ്റ് പാഴ്‌വസ്തുക്കളും ഉപയോഗിച്ച് സ്‌കൂള്‍ തലം മുതല്‍ യൂനിവേഴ്‌സിറ്റി തലം വരെയുള്ള ഫിസിക്‌സിലെയും ഗണിതത്തിലെയും പാഠങ്ങള്‍ എളുപ്പം മനസ്സിലാക്കാമെന്ന് അമേരിക്കന്‍ വിദ്യാഭ്യാസ വിദഗ്ധന്‍ തോമസ് സി ആള്‍ട്ട്മാന്‍ ചൂണ്ടിക്കാട്ടുന്നു. ഖത്വര്‍ സയന്റിഫിക് ക്ലബിലെ സമ്മര്‍ ക്യാംപില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം.
സാധാരണ വസ്തുവിനെ പഠനോപകരണമാക്കി മാറ്റുന്നത് പഠിതാക്കളിലും ജിജ്ഞാസയും താത്പര്യവും വര്‍ധിപ്പിക്കും. ചോദ്യങ്ങള്‍ ഉന്നയിക്കാനും ക്രിയാശേഷി വര്‍ധിപ്പിക്കാനും ഇത് സാഹചര്യമൊരുക്കും. ചുറ്റുമുള്ള ലോകത്തിന്റെ അത്ഭുതങ്ങളെ സംബന്ധിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ അവരെ പ്രേരിപ്പിക്കുന്നത് പ്രധാനമാണ്. ശാസ്ത്രത്തെയല്ല അത്ഭുതങ്ങളെയാണ് താന്‍ പഠിപ്പിക്കുന്നത്. ലോകത്തുള്ള എല്ലാ കുട്ടികളും ഒരുപോലെയാണ്. ചില വിഷയങ്ങളില്‍ അവര്‍ ജിജ്ഞാസുക്കളും അത്ഭുതപ്പെടുന്നവരുമാണ്. വിനോദത്തിലൂടെ പഠിക്കാനാണ് അവര്‍ താത്പര്യപ്പെടുന്നത്. ചില കാര്യങ്ങളില്‍ അത്ഭുതപ്പെടുമ്പോള്‍ അവര്‍ കൂടുതല്‍ ചോദ്യങ്ങള്‍ ഉന്നയിക്കും.
വിദ്യാഭ്യാസ സമ്പ്രദായം കൂടുതല്‍ പട്ടാളച്ചിട്ടയിലേക്ക് മാറുന്നത് അധ്യാപകരുടെ കര്‍മശേഷിയെ തടസ്സപ്പെടുത്തുന്നതിനും കാരണമാകും. പരീക്ഷയില്‍ എല്ലാവരും വിജയിക്കണമെന്നാണ് അധ്യാപകരുടെ ആഗ്രഹമെങ്കിലും മറ്റൊരു വഴി കണ്ടെത്താന്‍ കഴിയുന്നില്ല. അധ്യാപന കാഴ്ചപ്പാടുകളിലും പരീക്ഷകളിലുമായി അധ്യാപനം പരിമിതപ്പെടുത്തരുത്. കൂടുതല്‍ തിരഞ്ഞെടുപ്പുകളും ഇഷ്ടങ്ങളും അധ്യാപകര്‍ക്ക് ഉണ്ടാകരുതെന്ന് ജനങ്ങള്‍ തീരുമാനിച്ചിരിക്കുകയാണ്.
കൂടുതല്‍ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ പഠിതാക്കളെ പ്രേരിപ്പിക്കണം. കൂടുതല്‍ കര്‍മശേഷിയുള്ളവരാകുകയും വിദ്യാഭ്യാസ പ്രക്രിയയുടെ ചട്ടക്കൂടിന് പുറത്തുകടന്ന് ചിന്തിക്കുകയും ചെയ്യുക. ലോകത്തെ കുറിച്ച് കൂടുതല്‍ അറിയാത്തതിനാല്‍ ചോദ്യങ്ങള്‍ എങ്ങനെ ഉന്നയിക്കണമെന്ന് കുട്ടികള്‍ക്ക് അറിയില്ല. വിജയിക്കേണ്ടതിനാല്‍ പരീക്ഷയെ സമീപിക്കുന്നവരാണ് കുട്ടികള്‍ മാറിയിരിക്കുന്നു. അവര്‍ക്കറിയാത്ത ഒരുപാട് കാര്യങ്ങള്‍ ഉണ്ടെന്നത് യാഥാര്‍ഥ്യമാണ്. ഇന്ന് കൂടുതല്‍ രാഷ്ട്രങ്ങള്‍ സ്റ്റെം സമ്പ്രദായത്തിലേക്ക് വരുന്നുണ്ട്. കരിക്കുലത്തില്‍ ഇതിന് പ്രാധാന്യം നല്‍കണം. കണ്ടെത്തലിനെ കുറിച്ചുള്ളതായതിനാല്‍ കൂടുതല്‍ മേഖലകളെ സ്റ്റെമ്മുമായി ബന്ധപ്പെടുത്തണമെന്നും ആള്‍ട്ട്മാന്‍ പറഞ്ഞു.
ന്യൂക്ലിയര്‍ ഫിസിക്‌സില്‍ പ്രത്യേക പഠനം നടത്തിയ അദ്ദേഹത്തിന് വന്‍കിട കമ്പനികളില്‍ അവസരം ലഭിച്ചെങ്കിലും അധ്യാപനം തിരഞ്ഞെടുക്കുകയായിരുന്നു. 35 വര്‍ഷമായി അധ്യാപന രംഗത്തുണ്ട്. യു എസ് എംബസിയുടെ വര്‍ഷം നീളുന്ന വിദ്യാഭ്യാസ- സാംസ്‌കാരിക കൈമാറ്റ പരിപാടിയുടെ ഭാഗമായാണ് ഖത്വറില്‍ എത്തിയത്. വിദ്യാഭ്യാസ മേഖലയിലെ നൂതന സമ്പ്രദായങ്ങളെ പ്രതിപാദിക്കുന്ന അദ്ദേഹത്തിന്റെ 300 വീഡിയോകള്‍ യൂട്യൂബ് ചാനലില്‍ ലഭ്യമാണ്.