Connect with us

Gulf

കേരള ബേങ്ക് ലക്ഷ്യം വെക്കുന്നത് പ്രവാസികളുടെ നിക്ഷേപവും ഇടപാടുകളും

Published

|

Last Updated

ദോഹ: ഒരു വര്‍ഷത്തിനകം പ്രവര്‍ത്തനമാരംഭിക്കുക ലക്ഷ്യം വെച്ച് കേരള സര്‍ക്കാര്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്ന കേരള ബേങ്കിന്റെ പ്രധാന ലക്ഷ്യം പ്രവാസികളുടെ നിക്ഷേപവും ബേങ്കിടപാടുകളും. ബേങ്ക് രൂപവ്തകരിച്ച് അഡ്വാന്‍സ്ഡ് ഓണ്‍ലൈന്‍, മൊബൈല്‍ സേവനങ്ങളിലൂടെ പ്രവാസി മലയാളികളുടെ ബേങ്കിടപാടുകള്‍ ആകര്‍ഷിക്കുകയാണ് മുഖ്യ ഉദ്ദേശ്യം. പലിശ സ്വീകരിക്കാത്ത നിക്ഷേപങ്ങള്‍കൂടി അക്കൗണ്ടിലേക്കു ആകര്‍ഷിക്കുന്നതോടെ സര്‍ക്കാറിന് വികസന ഫണ്ട് കണ്ടെത്താനാകുമെന്നും കരുതുന്നു. ഇത് ബേങ്ക് ആയിരിക്കുമെന്നും ബേങ്കിതര സാമ്പത്തിക സ്ഥാപനമായിരിക്കില്ലെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതിവര്‍ഷം ഏകദേശം 1,35,000 കോടി രൂപ പ്രവാസി മലയാളികള്‍ നാട്ടിലെ ബേങ്കുകളില്‍ നിക്ഷേപിക്കുന്നുവെന്നാണ് കണക്ക്. എന്നാല്‍, സംസ്ഥാനത്താകെ ശൃംഖലകളുള്ള ജില്ലാ സഹകരണ ബേങ്കിന് ഇതിന്റെ ഒരു വിഹിതവും ലഭിക്കുന്നില്ല. ഓരോ ജില്ലകളിലും വ്യത്യസ്ത ഭരണ സമിതികള്‍ക്കു കീഴില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ജില്ലാ സഹകരണേ ബേങ്കുകളെ ഏകോപിപ്പിച്ച് നിക്ഷേപം സംസ്ഥാന സര്‍ക്കാറിനു കീഴിലിലുള്ള ധനമാനേജ്‌മെന്റിലേക്ക് കൊണ്ടു വരുകിയാണ് ലക്ഷ്യം. എസ് ബി ടി, എസ് ബി ഐ ലയനത്തിന് കേന്ദ്ര സര്‍ക്കാര്‍ ശ്രമം നടത്തി വരുന്ന സാഹചര്യത്തില്‍ രാഷ്ട്രീയമായും കേരള ബേങ്കിന്റെ സ്ഥാപനം സര്‍ക്കാര്‍ ഗൗരവമായി കാണുന്നു.
ഒരു വര്‍ഷത്തിനകം ബേങ്ക് യാഥാര്‍ഥ്യമാക്കുമെന്ന് കഴിഞ്ഞ ദിവസം സഹകരണ മന്ത്രി എ സി മൊയ്തീന്‍ അറിയിച്ചു. എന്‍ ആര്‍ ഐ നിക്ഷേപം ആകര്‍ഷിക്കാന്‍ സാധിക്കുന്ന രീതിയില്‍ റിസര്‍വ് ബങ്കിന്റെ നിയമങ്ങള്‍ പാലിച്ചുകൊണ്ടുള്ള ബേങ്കായിരിക്കും സ്ഥാപിക്കുക. നിലവില്‍ നബാര്‍ഡിന്റെ കീഴിലാണ് ജില്ലാ സഹകരണ ബേങ്കുകള്‍ പ്രവര്‍ത്തിച്ചു വരുന്നത്. എന്നാല്‍ പുതിയ ബേങ്ക് ആര്‍ ബി ഐയുടെ കീഴിലായിരിക്കും. നിയമപരമായ എല്ലാ വശങ്ങളും പരിശോധിച്ചും പാലിച്ചുമായിരിക്കും പുതിയ ബേങ്കെന്ന് മന്ത്രി വിശദീകരിക്കുന്നു.
ജില്ലാ സഹകരണ ബേങ്കുകളെയും സംസ്ഥാന സഹകരണ ബേങ്കുകളെയും സംയോജിപ്പിച്ചാണ് സംസ്ഥാന തലത്തില്‍ കേരള ബേങ്കിന് പദ്ധതി തയാറാക്കിയിരിക്കുന്നത്. റിസര്‍വ് ബേങ്കിന്റെ അനുമതിയടെ സമ്പൂര്‍ണ ബേങ്കാണ് ലക്ഷ്യം. സി പി എം കേരള പഠന കോണ്‍ഗ്രസ് രൂപപ്പെടുത്തിയ പദ്ധതി സര്‍ക്കാര്‍ നടപ്പിലാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്ന മറ്റു മുഖ്യധാരാ ബേങ്കുകളോട് മത്സരിക്കാവുന്ന വിധേമാണ് സ്റ്റേറ്റ് ബേങ്ക് സ്ഥാപിക്കുക. ഇതിനു വേണ്ടി റിസര്‍ബേങ്കില്‍ പ്രവര്‍ത്തിച്ച വിദഗ്ധരുടെ നേതൃത്വത്തിലുള്ള സമതി പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. വിശദമായ പദ്ധതി റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും. സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷത്തില്‍ കേരളത്തിന്റെ സ്വന്തം ബേങ്ക് നാടിനു സമ്മാനിക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്.
നിലവില്‍ സംസ്ഥാന സഹകരണ ബേങ്കിന് 803 യൂനിറ്റുകളാണുള്ളത്. ഇതില്‍ 20 ബ്രാഞ്ചുകള്‍ സ്റ്റേറ്റ് ബേങ്കിനും കൂടാതെ 14 ജില്ലകളിലും ജില്ലാ സഹകരണ ബേങ്കുകളും അവയുടെ ബ്രാഞ്ചുകളും പ്രവര്‍ത്തിക്കുന്നു. സംസ്ഥാനത്തിന്റെ സ്വന്തം ബേങ്ക് എന്ന രീതിയില്‍ പ്രവാസി മലയാളികളുടെ വൈകാരികമായ സഹകരണംകൂടി കേരള ബേങ്കിലേക്കു കൊണ്ടു വരാനാകുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.
നിലവില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ ബേങ്കുകളും പ്രവാസികള്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കുന്നതില്‍ ശ്രദ്ധിക്കുന്നു. എല്ലാ ഗള്‍ഫ് നാടുകളിലും പ്രധാന ബേങ്കുകളുടെ പ്രതിനിധികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Latest