Connect with us

Gulf

ചികിത്സകള്‍ക്കൊപ്പം ശരീര സംരക്ഷണവും; ഹെല്‍ത്ത് സെന്ററുകള്‍ക്ക് പുതിയ മുഖം

Published

|

Last Updated

ദോഹ: പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍ പരമ്പരാഗത പ്രവര്‍ത്തന രീതികളില്‍നിന്നും ആരോഗ്യ ശരീര സംരക്ഷണത്തിന്റെ ആധുനിക മാര്‍ഗങ്ങളിലേക്കു കൂടി പരിവര്‍ത്തിക്കുന്നു. രാജ്യത്ത് പുതുതായി തുറന്ന കേന്ദ്രങ്ങളെല്ലാം ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്ററുകളാണ്.
ആരോഗ്യകരമായ ജീവിതശൈലിക്ക് അനുയോജ്യമായ സാഹചര്യങ്ങള്‍ ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷനു കീഴില്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം നടക്കുന്നത്. ജീവിതശൈലിയിലുണ്ടാകുന്ന മാറ്റങ്ങള്‍ വിവിധ അസുഖങ്ങള്‍ക്ക് കാരണമാകുന്നത് തടയുക, ആരോഗ്യത്തിന് അനുയോജ്യമായ ശീലങ്ങള്‍ പരിശീലിക്കുക എന്നിവ കേന്ദരങ്ങള്‍ ലക്ഷ്യമിടുന്നു. റൗദ അല്‍ ഖായിലിലും ഉംസലാലിലും കഴിഞ്ഞ ദിവസം തുറന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ഈ സൗകര്യങ്ങളോടെയുള്ളതാണ്.
2015 ഡിസംബറില്‍ ലിബൈബിലും ഇത്തരമൊരു കേന്ദ്രം തുറന്നിരുന്നു. വൈകാതെ ഈ രീതിയിലുള്ള കൂടുതല്‍ ആശുപത്രികള്‍ തുറക്കുമെന്ന് പി എച്ച് സി സി ഡയറക്ടര്‍ ഡോ. മറിയം അബ്ദുല്‍ മലിക് അറിയിച്ചു. അത്യാധുനിക സൗകര്യങ്ങള്‍ സജ്ജീകരിച്ചിട്ടുള്ള ആശുപത്രിയില്‍ ആരോഗ്യത്തോടൊപ്പം കായികശേഷിയും മാനസികാരോഗ്യവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നു. ഈയിടെ പുറത്തുവിട്ട കണക്കുകളില്‍ രാജ്യത്തെ 17 ശതമാനം കൗമാരക്കാര്‍ക്കും പ്രമേഹം പോലുള്ള അസുഖങ്ങളും പൊണ്ണത്തടിയും കൂടുതലാണെന്ന് കണ്ടത്തെിയിട്ടുണ്ട്. ഇതിന് തടയിടുക പ്രധാനമാണെന്നും പുതിയ പി എച്ച് സി സികളിലൂടെ ഇത് പരിഹരിക്കപ്പെടുമെന്നും അവര്‍ പറഞ്ഞു. അല്‍ വക്‌റ ഹെല്‍ത്ത് സെന്ററിനു കീഴിലായി സ്മാര്‍ട്ട് ഡയബറ്റിക് ക്ലിനിക്ക് സ്ഥാപിച്ചിട്ടുണ്ട്.
രോഗികള്‍ക്കും മറ്റു സന്ദര്‍ശകര്‍ക്കും ഉപകാരപ്പെടുംവിധം ടൈപ്പ് എ വിഭാഗത്തില്‍പ്പെടുന്ന ഇത്തരം കേന്ദ്രങ്ങളില്‍ ജിം, വിവിധ പ്രായക്കാര്‍ക്കായുള്ള സ്വിമ്മിംഗ് പൂള്‍, മസാജ്, സോന, സ്റ്റീം ബാത്ത്, ഫിസിയോ തെറാപ്പി എന്നിവ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി പ്രത്യേകം നിര്‍മിച്ചിട്ടുണ്ട്. സമീകൃതാഹാര നിര്‍ദേശത്തിനായി ഡയറ്റീഷ്യന്റെ ഉപദേശവും ഇവിടുന്ന് തേടാം. “സ്മാര്‍ട്ട് ക്ലിനിക്കുകള്‍” വഴി സന്ദര്‍ശകരുടെ പൂര്‍വകാല ആരോഗ്യങ്ങശീലങ്ങളും ജീവിതശൈലിയിലും മാറ്റങ്ങള്‍ കൊണ്ടുവരുന്നു. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ഇവിടെ 3000പേരെ പരിശോധിച്ചതില്‍ 1000 പേര്‍ക്ക് പ്രമേഹമുണ്ടെന്ന് തിരിച്ചറിഞ്ഞു.