Connect with us

Gulf

പതിനയ്യായിരം ഇസ്ദാന്‍ പാര്‍പ്പിടങ്ങളില്‍ ഊര്‍ജ സുരക്ഷാ സംവിധാനം നടപ്പിലാക്കി

Published

|

Last Updated

ദോഹ: രാജ്യത്തു നടപ്പിലാക്കുന്ന ഊര്‍ജ സംരക്ഷണ പദ്ധതിയുടെ (തര്‍ശീദ്) ഭാഗമായി ഇസ്ദാന്റെ വുകൈര്‍ റസിഡന്‍ഷ്യല്‍ വില്ലേജിലെ ഹൗസിംഗ് യൂനിറ്റുകളില്‍ ഊര്‍ജ സുരക്ഷാ സംവിധാനം നടപ്പിലാക്കിയതായി അധികൃതര്‍ അറിയിച്ചു. 15,000 പാര്‍പ്പിടങ്ങളിലാണ് വെള്ളത്തിന്റെയും വൈദ്യുതിയുടെയും ഉപയോഗം കുറക്കുന്ന ഉപകരണങ്ങള്‍ ഘടിപ്പിച്ചത്.
15,000 ഹൗസിംഗ് യൂനിറ്റുകളിലായി 262,000 ജല സംരക്ഷണ ഉപകരരണങ്ങള്‍ ഘടിപ്പിച്ചു. ഇതുവഴി 60 ശതമാനം വരെ വെള്ളത്തിന്റെ ഉപയോഗം കുറക്കാനാകുമെന്ന് കമ്പനി വാര്‍ത്താ കുറിപ്പില്‍ അവകാശപ്പെട്ടു. പ്രത്യേക സംഘത്തെ നിയോഗിച്ചാണ് വില്ലേജിലെ പാര്‍പ്പിട യൂനിറ്റുകളില്‍ ഊര്‍ജോപയോഗം കുറക്കുന്നിതിനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതെന്ന് ഇസ്ദാന്‍ റിയല്‍ എസ്റ്റേറ്റ് ആക്ടിംഗ് ജനറല്‍ മാനേജര്‍ ഉമര്‍ അല്‍ യാഫി പറഞ്ഞു. സംഘം ദൗത്യം പൂര്‍ത്തീകരിച്ചു. അതിന്റെ ഗുണഫലം ഇതിനകം ലഭിച്ചു തുടങ്ങിയിട്ടുണ്ട്. 40 മുതല്‍ 60 ശതമാനം വരെ വെള്ളത്തിന്റെ ഉപയോഗം കുറഞ്ഞിട്ടുണ്ട്. ചിലപ്പോള്‍ 60 ശതമാനത്തിനു മുകളിലും ലാഭിക്കാനാകുന്നുണ്ട്. അമിതമായി ഉപയോഗിക്കേണ്ടി വരികയോ പാഴായിപ്പോകുകയോ ചെയ്തവെള്ളമായിരുന്നു ഇത്. വെള്ളത്തിന്റെ ഉപയോഗം നിയന്ത്രിക്കുന്ന ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് പുതിയ പദ്ധതികളില്‍ ഉപയോഗിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമായും ഇസ്ദാന്‍ ഒയാസിസിലാലാണ് നൂതനവിദ്യ ഉപയോഗിക്കുന്നത്. ഒമ്പതിനായിരം പാര്‍പ്പിടങ്ങളുള്ള പദ്ധതിയാണിത്. ആദ്യഘട്ടം അടുത്ത വര്‍ഷം ആദ്യപാദത്തില്‍ തുറക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഊര്‍ജോപയോഗം കുറക്കുന്നതിനായി രാജ്യം നടപ്പിലാക്കുന്ന പദ്ധതികളോടും ആശയങ്ങളോടും സഹകരിക്കുക എന്ന കമ്പനിയുടെ ആശയത്തിന്റെ ഭാഗമായാണ് ഹൗസിംഗ് യൂനിറ്റുകളില്‍ ഊര്‍ജസുരക്ഷാ സംവിധാനങ്ങള്‍ നടപ്പിലാക്കുന്നതെന്ന് ഇസ്ദാന്‍ ഗ്രൂപ്പ് സി ഇ ഒ മൗസ അല്‍ അവാദ് പറഞ്ഞു. പരിസ്ഥിതിയുടെയും ഭാവിയെയും സംരക്ഷിക്കുന്നതിനുള്ള ദേശീയ കാഴ്ചപ്പാടിനൊപ്പമാണ് കമ്പനി നില്‍ക്കുന്നത്. പ്രകൃതിവിഭവങ്ങള്‍ സംരക്ഷിക്കുന്നതിനുകൂടി വേണ്ടിയുള്ള ഈ പദ്ധതി ഖത്വര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പറേഷനുള്ള (കഹ്‌റമ) പിന്തുണ കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു. കഹ്‌റമയുമായി ഊര്‍ജ സംരക്ഷണ ആശയത്തില്‍ സഹകരിക്കുന്നതിന് ഇസ്ദാന്‍ ധാരണാപത്രത്തില്‍ ഒപ്പു വെച്ചിരുന്നു.
കൂടുതല്‍ പദ്ധതികളില്‍ ഊര്‍ജ സംരക്ഷണ ആശയം നടപ്പിലാക്കും. ദോഹയിലെ ഹൈസിംഗ് കോമ്പൗണ്ടില്‍ വൈകാതെ തന്നെ നടപ്പിലാക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഇസ്ദാന്‍ ഹോട്ടലുകളിലും മാളുകളിലും കുറഞ്ഞകാലത്തിനുള്ള ജല സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തും. ഭാവിയിലെ കുട്ടികള്‍ക്കു വേണ്ടി പ്രകൃതി സമ്പത്തിനെ കരുതിവെക്കുക എന്ന ദേശീയ ദര്‍ശനത്തോടൊപ്പം നില്‍ക്കാന്‍ കമ്പനി പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.

Latest