ബ്ലൂ ബ്ലാക്ക്‌മെയ്‌ലിംഗ്: മുഖ്യപ്രതി പിടിയില്‍

Posted on: July 24, 2016 3:33 pm | Last updated: July 24, 2016 at 3:33 pm
SHARE

blue black mailതിരുവനന്തപുരം: സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ വീട്ടിലേക്ക് വിളിച്ചു വരുത്തി വിവസ്ത്രനാക്കി നഗ്‌നരായ സ്ത്രീകള്‍ക്കൊപ്പമുള്ള ചിത്രം പകര്‍ത്തി പണം തട്ടാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി പിടിയില്‍. കൊല്ലം ഇരവിപുരം സ്വദേശിനിയായ അഞ്ജലി എന്ന പ്രിയയാണ് ഇന്നു പിടിയിലായത്. കേസുമായി ബന്ധപ്പെട്ട് ഒരാളെ കൂടി പിടികിട്ടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. ആനയറ പുളുക്കല്‍ ലെയ്‌നില്‍ പുതുവല്‍ പുത്തന്‍ വീട്ടില്‍ അനു(26), ചെറുവയ്ക്കല്‍ കട്ടേല വള്ളിവിള വീട്ടില്‍ സാനു (19), ചാക്ക ഐ.ടി.ഐക്ക് സമീപം മൈത്രി ഗാര്‍ഡന്‍സില്‍ പുതുവല്‍ വീട്ടില്‍ ഷീബ (30), കുമാരപുരം തോപ്പില്‍ നഗറില്‍ ടി.ആര്‍.എ 6ല്‍ ദീപ (36) എന്നിവരെ കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളേജ് പൊലീസ് പിടികൂടിയിരുന്നു.
വന്‍കിട വ്യവസായികളില്‍ നിന്ന് നിന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്നും ഇവര്‍ ലക്ഷങ്ങള്‍ തട്ടിയതായി പൊലീസ് പറഞ്ഞു. കുമാരപുരത്തിനടുത്ത് വാടകവീട്ടിലാണ് സംഘം ആള്‍ക്കാരെ വിളിച്ചുവരുത്തി പണം തട്ടിയിരുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കൊല്ലത്തു വച്ച് പരിചയപ്പെട്ട മായ എന്ന സ്ത്രീ കുമാരപുരത്തുള്ള വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ദീപയും ഷീബയുമാണ് വീട്ടിലുണ്ടായിരുന്നത്. ഈ സമയം വീട്ടിലെത്തിയ മൂന്നുപേര്‍ ഉദ്യോഗസ്ഥനെ വിവസ്ത്രനാക്കുകയും നഗ്‌നരായ സ്ത്രീകള്‍ക്കൊപ്പമിരുത്തി ഫോട്ടോയെടുക്കുകയും ചെയ്തു.

ഈ ചിത്രം ഫെയ്‌സ് ബുക്കിലും വാട്‌സ് ആപ്പിലും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. ഉദ്യോഗസ്ഥന്റെ 10,000 രൂപയും മൊബൈല്‍ ഫോണും വാങ്ങിയ ശേഷം നാലുലക്ഷം രൂപ തന്നാല്‍ മോചിപ്പിക്കാമെന്നായിരുന്നു പ്രതികള്‍ പറഞ്ഞത്. ഓഫീസില്‍ എത്തിയാല്‍ ബാക്കി രൂപ സമ്മതിച്ചപ്പോള്‍ അനു, സാനു എന്നിവര്‍ ഉദ്യോഗസ്ഥനോടൊപ്പം ഓഫീസിലേക്ക് പോയി. ഇരുവരെയും സന്ദര്‍ശകമുറിയില്‍ ഇരുത്തിയ ശേഷം സഹപ്രവര്‍ത്തകരോട് വിവരം പറയുകയും അവര്‍ പോലീസില്‍ വിവരം അറിയിക്കുകയുമാണ് ചെയ്തത്. തുടര്‍ന്ന് കുമാരപുരത്തെ വീട്ടിലെത്തി പോലീസ് നാലുപേരെ പിടികൂടുകയായിരുന്നു.