പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ പ്രചരിപ്പിക്കാന്‍ പദ്ധതി

Posted on: July 24, 2016 3:03 pm | Last updated: July 24, 2016 at 3:03 pm
SHARE

green taxiദുബൈ: ഹരിത സാമ്പത്തിക രംഗത്ത് കരുത്ത് പകരാന്‍ കൂടുതല്‍ ഹൈബ്രിഡ്, ഇലക്ട്രിക് കാറുകള്‍ രംഗത്തിറക്കാന്‍ ദുബൈ ഊര്‍ജ ഉന്നതാധികാര സമിതി പദ്ധതികള്‍ തയ്യാറാക്കി. 2016-20 കാലയളവില്‍ ഈ ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പുകള്‍ സംബന്ധിച്ചുള്ള പഠനങ്ങള്‍ ഇതിനകം പൂര്‍ത്തീകരിച്ചതായും അധികൃതര്‍ വ്യക്തമാക്കി.
സുസ്ഥിര ഗതാഗത സംവിധാനത്തിന് കരുത്ത് പകരുന്നതിനാണ് ഇത്തരമൊരു ശ്രമം.

ഇതുമായി ബന്ധപ്പെട്ട പദ്ധതികള്‍ സഹകാരികള്‍ക്കു മുമ്പില്‍ അവതരിപ്പിച്ചിട്ടുണ്ട്. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ സ്മാര്‍ട് ദുബൈ കാഴ്ചപ്പാട് പിന്തുടര്‍ന്ന് ദുബൈയെ ഏറ്റവും സ്മാര്‍ടായതും സന്തുഷ്ടവുമായ നഗരമാക്കി ഉയര്‍ത്തുക എന്ന ലക്ഷ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു ശ്രമം നടത്തുന്നതെന്ന് അധികൃതര്‍ വിശദീകരിച്ചു.

ദുബൈ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റിയുമായി സഹകരിച്ച് എമിറേറ്റിലുടനീളം കാറുകളിലെ ഇന്ധനത്തിനായി കൂടുതല്‍ ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. 2015ല്‍ 100 സ്റ്റേഷനുകള്‍ സ്ഥാപിച്ചിരുന്നു.

2016നും 20നുമിടയില്‍ ദുബൈയില്‍ എടുക്കപ്പെട്ട കാറുകളുടെ രണ്ട് ശതമാനം ഇലക്ട്രിക് അല്ലെങ്കില്‍ ഹൈബ്രിഡ് ആക്കും. 2030ഓടെ ഇത് 10 ശതമാനമാക്കി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നതെന്ന് ഉന്നതാധികാര സമിതി വൈസ് ചെയര്‍മാന്‍ സഈദ് മുഹമ്മദ് അല്‍ തായര്‍ വ്യക്തമാക്കി.

2021 ദുബൈ പ്ലാനിന്റേയും ദുബൈ ക്ലീന്‍ എനര്‍ജി 2050 പദ്ധതിയുടെയും ഭാഗമായി പരിസ്ഥിതി സൗഹൃദ കാറുകള്‍ പ്രചരിപ്പിക്കുന്നതിന് വിവിധ ഗവണ്‍മെന്റ് സ്ഥാപനങ്ങളുമായും വിഭാഗങ്ങളുമായും സഹകരണം ഉറപ്പ് വരുത്തിയിട്ടുണ്ട്. 2020ഓടെ കാര്‍ബണ്‍ പുറംതള്ളല്‍ 16 ശതമാനം കുറക്കണമെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണിത്. ദുബൈയിലെ കാര്‍ ഉപയോക്താക്കളെ പരിസ്ഥിതി സൗഹൃദ കാറുകള്‍ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്ന നയമാണ് അധികൃതര്‍ സ്വീകരിക്കുകയെന്ന് ഉന്നതാധികാര സമിതി സെക്രട്ടറി ജനറല്‍ അഹ്മദ് സൂതി അല്‍ മുഹൈരിയും പറഞ്ഞു.