Connect with us

Gulf

ദുബൈയുടെ വ്യാപാര ചരിത്രത്തിന് 4,000 വര്‍ഷം പഴക്കമുണ്ടെന്ന് പുതിയ കണ്ടെത്തല്‍

Published

|

Last Updated

ദുബൈ: പൗരാണിക ദുബൈയുടെ വ്യാപാര ചരിത്രത്തിലേക്ക് വെളിച്ചം വീശി പുതിയ കണ്ടെത്തലുകള്‍. ക്രീക്കിന്റെ വികസനത്തിനു ശേഷമാണ് വ്യാപാര വാണിജ്യ സിരാകേന്ദ്രമായി ദുബൈ മാറിയതെന്ന് ധരിച്ചുവെച്ചിരുന്നവര്‍ക്ക് തെറ്റി. ആയുധ നിര്‍മാണത്തിന് ഇരുമ്പ് ഉപയോഗിച്ചു തുടങ്ങിയെന്ന് കരുതപ്പെടുന്ന “അയണ്‍ എയ്ജ്” കാലഘട്ടത്തില്‍ തന്നെ, അതായത് 4,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ദുബൈ കേന്ദ്രീകരിച്ച് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്കും മറ്റിതര രാജ്യങ്ങളിലേക്കും വ്യാപാര ശൃംഖല നിലനിന്നിരുന്നതിന് തെളിവുകള്‍.

സറൂഖ് അല്‍ ഹദീദ് പുരാവസ്തു ഗവേഷണ മേഖലയിലാണ് പൗരാണിക കാലംതൊട്ടെ ദുബൈക്ക് വിദേശ രാജ്യങ്ങളുമായി വ്യാപാര ശൃംഖല ഉണ്ടായിരുന്നുവെന്നതിനെ അടിവരയിടുന്ന കണ്ടെത്തലുകള്‍ നടന്നത്. ഷിന്ദഗ ഹെറിറ്റേജ് വില്ലേജില്‍ പുതുതായി ആരംഭിച്ച താത്കാലിക മ്യൂസിയത്തില്‍ ഈ മേഖലയില്‍നിന്ന് കണ്ടെടുത്ത വിവിധങ്ങളായ 900 ത്തോളം പുരാവസ്തുക്കളടക്കം പൗരാണിക വ്യാപാര ശൃംഖലയുടെ ഭൂപടവും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ദുബൈയില്‍നിന്ന് 70 കിലോമീറ്റര്‍ നീങ്ങി അബുദാബിയുടെ അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന റബ്ബ് അല്‍ ഖാലി മരുഭൂമിയിലാണ് സറൂഖ് അല്‍ ഹദീദ് സ്ഥിതി ചെയ്യുന്നത്. ഈ ഭാഗത്ത് പൗരാണിക മധ്യ പൗരസ്ത്യ ദേശത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വ്യാപാര സംഘങ്ങളുടെ യാത്രാ പാതകളുടെ സംഗമ കേന്ദ്രമായിരുന്നുവെന്നാണ് കണക്കാക്കുന്നത്.

ഇന്ത്യ, ഒമാന്‍, മെസൊപൊട്ടോമിയ, ഈജിപ്ത് എന്നിവിടങ്ങളിലേക്കുള്ള സമുദ്ര, കര പാതകളുടെ സംഗമകേന്ദ്രം ഈ മേഖലയായിരുന്നുവെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യ, പാക്കിസ്ഥാന്‍, സിറിയ, ഇറാന്‍, ഇറാഖ്, ഒമാന്‍, ബഹ്‌റൈന്‍, ഈജിപ്ത്, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് ദുബൈയുടെ വ്യാപാര ശൃംഖല പ്രാചീനകാലത്ത് തന്നെ വളര്‍ന്നിരുന്നുവെന്നതിന് ഉപോല്‍ബലകമായ തെളിവുകളാണ് സുറൂഖ് അല്‍ ഹദീദ് മേഖലയില്‍നിന്ന് കണ്ടെത്താന്‍ കഴിഞ്ഞതെന്ന് ദുബൈ നഗരസഭാ ആര്‍കിടെച്‌റല്‍ ഹെറിറ്റേജ് ഡിപാര്‍ട്‌മെന്റ് ഡയറക്ടര്‍ റശാദ് ബുക്കാഷ് വ്യക്തമാക്കി.

Latest