Connect with us

Gulf

ഷാര്‍ജയില്‍ ഇന്ത്യന്‍ വര്‍കേഴ്‌സ് റിസോഴ്‌സ് സെന്ററിന് അനുമതി

Published

|

Last Updated

അബുദാബി:ഇന്ത്യന്‍ സമൂഹത്തിന് ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കുന്ന ഇന്ത്യന്‍ വര്‍കേഴ്‌സ് റിസോഴ്‌സ് സെന്റര്‍ ഷാര്‍ജയില്‍ തുടങ്ങുന്നതിന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതായി യു എ ഇയിലെ ഇന്ത്യന്‍ സ്ഥാനപതി ടി പി സീതാറാം സിറാജിനോട് പറഞ്ഞു.

നിലവില്‍ ദുബൈ ജെ എല്‍ ടിയില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ വിജയമായതിനാലാണ് ഇന്ത്യന്‍ സമൂഹത്തിന്റെ ആവശ്യം മുന്‍നിര്‍ത്തി രണ്ടാമത്തെ സെന്റര്‍ ഷാര്‍ജയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. ഇന്ത്യന്‍ വിദേശകാര്യ വകുപ്പ് ആദ്യമായാണ് സംശയങ്ങള്‍ നിവാരണം ചെയ്യുന്നതിനും നിയമം, സാമ്പത്തികം, സ്വകാര്യ പ്രശ്‌നങ്ങള്‍ എന്നിവയില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനുമായി ദുബൈ കോണ്‍സുലേറ്റിന് കീഴില്‍ ദുബൈയില്‍ ഇന്ത്യന്‍ വര്‍കേഴ്‌സ് റിസോഴ്‌സ് സെന്റര്‍ ആരംഭിച്ചത്.
ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫയര്‍ ഫണ്ട് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സെന്ററില്‍ വിവിധ പ്രശ്‌നങ്ങളുമായി നൂറുകണക്കിന് കാളുകളാണ് വരുന്നത്. ആഴ്ചയില്‍ എല്ലാ ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സെന്റര്‍ മലയാളം, ഇംഗ്ലീഷ്, തമിഴ്, ഹിന്ദി, ബംഗാളി ഭാഷകളില്‍ ടെലിഫോണിലൂടെ കൂടാതെ സെന്ററില്‍ നേരിട്ടെത്തുന്നവര്‍ക്കും മാര്‍ഗനിര്‍ദേശങ്ങളും സംശയ നിവാരണങ്ങളും നല്‍കും. ദുബൈ സെന്റര്‍ വിജയിച്ചതോടെ സഊദിയില്‍ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിന്റെ കീഴില്‍ റിയാദില്‍ ഇന്ത്യന്‍ വര്‍കേഴ്‌സ് റിസോഴ്‌സ് സെന്റര്‍ തുറക്കാനുള്ള ഒരുക്കത്തിലാണ് വിദേശകാര്യ മന്ത്രാലയം. അനുമതി ലഭിച്ച സഊദി സെന്റര്‍ ഉടന്‍ റിയാദില്‍ പ്രവര്‍ത്തനമാരംഭിക്കും.
ഷാര്‍ജ സെന്ററിന് അനുമതി ലഭിച്ചുവെങ്കിലും ഏത് ഭാഗത്ത് തുറക്കുമെന്ന് തീരുമാനിച്ചിട്ടില്ല. നിയമ, സാമ്പത്തിക പ്രശ്‌നങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ആശ്വാസമാണ് റിസോഴ്‌സ് സെന്റര്‍. നിയമ, സാമ്പത്തിക രംഗത്ത് പരിജ്ഞാനമുള്ളവരാണ് സെന്ററില്‍നിന്നും ഉപദേശ-നിര്‍ദേശങ്ങള്‍ നല്‍കുക.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി