മൂന്ന് ചൈനീസ് മാധ്യമപ്രവര്‍ത്തകരെ ഇന്ത്യ പുറത്താക്കി

Posted on: July 24, 2016 7:00 am | Last updated: July 24, 2016 at 1:14 pm
SHARE

ന്യൂഡല്‍ഹി: രാജ്യത്ത് പ്രവര്‍ത്തിച്ചുവന്നിരുന്ന മൂന്ന് ചൈനീസ് മാധ്യമ പ്രവര്‍ത്തകരെ ഇന്ത്യ പുറത്താക്കി. ചൈനീസ് സര്‍ക്കാറിന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവയുടെ റിപ്പോര്‍ട്ടര്‍മാരെയാണ് വിസ നീട്ടി നല്‍കാതെ തിരിച്ചയക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. സിന്‍ഹുവയുടെ റിപ്പോര്‍ട്ടര്‍മാരായ വു ക്വിയാങ്, ലു താങ്, ഷി യോങ്ഗാങ് എന്നിവരോടാണ് മടങ്ങിപ്പോകാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. അതേസമയം, ഇന്ത്യയുടെ നടപടിയുമായി ബന്ധപ്പെട്ട് ചൈനയുടെ പ്രതികരണം ഇതുവരെ പുറത്തു വന്നിട്ടില്ല. കഴിഞ്ഞ ഏഴ് വര്‍ഷമായി വു ക്വിയാങ് ഇന്ത്യയിലുണ്ട്. മറ്റ് രണ്ട് പേര്‍ കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യയിലെത്തിയത്.

ഇന്ത്യയുടെ എന്‍ എസ് ജി പ്രവേശവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണ സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാറിന്റെ നീക്കം. നിലവിലെ സാഹചര്യത്തില്‍ ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ മോശമാക്കിയേക്കുമെന്ന് നയതന്ത്ര വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. വിസാ കാലാവധി നീട്ടി നല്‍കാത്തത്തിന് പ്രത്യേകിച്ച് കാരണമൊന്നും അധികൃതര്‍ പറഞ്ഞിട്ടില്ലെന്നാണ് ഇവര്‍ പറയുന്നത്.

ചൈനീസ് ഗവണ്‍മെന്റിനു രസിക്കാത്ത റിപ്പോര്‍ട്ടുകള്‍ നല്‍കുന്നവര്‍ക്കു ചൈനയും വിസ പുതുക്കാറില്ല. ഇന്ത്യന്‍ നടപടി ചൈനയിലെ ഇന്ത്യന്‍ മാധ്യമ ലേഖകരുടെ വിസ റദ്ദാക്കാനും വഴിതെളിച്ചേക്കാം. നിലവില്‍ അഞ്ച് ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരാണ് ബീജിങ്ങിലുള്ളത്. ഇതിന് പുറമെ നിരവധി ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകര്‍ ചൈനീസ് മാധ്യമങ്ങളായ ചൈന സെന്‍ട്രല്‍ ടെലിവിഷന്‍, ചൈന ഡെയ്‌ലി, ചൈന റേഡിയോ ഇന്റര്‍നാഷണല്‍ തുടങ്ങിയവയിലും ജോലി ചെയ്യുന്നുണ്ട്.