മ്യൂണിക്ക് വെടിവെപ്പ്; അക്രമിക്ക് ഇസിലുമായി ബന്ധമില്ലെന്ന് പോലീസ്

Posted on: July 24, 2016 12:00 pm | Last updated: July 24, 2016 at 12:00 pm
SHARE

munichമ്യൂണിക്ക്: മ്യൂണിക്കിലെ ഒളിമ്പിക് ഷോപ്പിംഗ് സെന്ററില്‍ വെടിവെപ്പ് നടത്തിയ ജര്‍മന്‍- ഇറാനിയന്‍ പൗരത്വമുള്ള 19കാരനായ അലി ഡേവിഡ് സോണോബലിന് ഇസിലുമായി ബന്ധമില്ലെന്ന് ജര്‍മന്‍ പോലീസ്. പ്രാദേശിക സമയം വൈകീട്ട് ആറിനുണ്ടായ വെടിവെപ്പില്‍ ഒമ്പത് പേരാണ് കൊല്ലപ്പെട്ടത്. അക്രമത്തിന് ശേഷം അക്രമി സ്വയം വെടിവച്ചു മരിക്കുകയായിരുന്നു.

അക്രമത്തിന് ശേഷം നടത്തിയ തിരച്ചിലില്‍ അക്രമിക്ക് ഇസിലുമായി ബന്ധമുള്ളതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് മ്യൂനിക്ക് പോലീസ് മേധാവി ഹബര്‍ട്ടസ് ആന്‍ഡ്രിയ പറഞ്ഞു.
മഗ്്‌ഡൊനാള്‍ഡ് ഫാസ്റ്റ്ഫുഡ് റെസ്റ്റോറന്റിന്റെ മുന്നില്‍ നിന്നാണ് അക്രമി വെടിവെപ്പ് തുടങ്ങിയത്. സ്വയം വെടിവെച്ചു മരിക്കുന്നതിന് മുമ്പ് ഒമ്പത് പേരെ വെടിവെച്ചു കൊല്ലകയും 16 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. യൂറോപ്പില്‍ ഒരാഴ്ചക്കിടെ സാധാരണക്കാര്‍ക്ക് നേരെ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്.
അക്രമിയുടെ വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ കൊലപാതകത്തെ സംബന്ധിക്കുന്ന പുസ്തകങ്ങളും ലേഖനങ്ങളും പോലീസ് കണ്ടെടുത്തു. ആളുകളോട് മാളിലേക്ക് വരാന്‍ ആവശ്യപ്പെടുന്ന പോസ്റ്റ് അക്രമി തന്റെ ഫേസ്ബുക്ക് വാളില്‍ ഇട്ടിരുന്നു. പ്രാദേശിക സമയം വൈകുന്നേരം നാലിന് മാളിലെത്താന്‍ ആവശ്യപ്പെടുന്ന പോസ്റ്റ് പ്രധാനമായും കൗമാരക്കാരികളെയാണ് ലക്ഷ്യം വെച്ചത്. നാല് മണിക്ക് എത്തണമെന്നും ആവശ്യപ്പെട്ടാല്‍ പ്രത്യേകമായ സത്കാരം നല്‍കുമെന്നും പോസ്റ്റില്‍ പറയുന്നു. ഇയാള്‍ മാനസിക രോഗിയായിരുന്നുവെന്നും ചികിത്സകള്‍ ചെയ്തിരുന്നതായും പോലീസ് പറഞ്ഞു.