കൊച്ചി വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരുടെ ബാഗേജില്‍ നിന്ന് സാധനങ്ങള്‍ മോഷണം പോയി

Posted on: July 24, 2016 11:24 am | Last updated: July 24, 2016 at 11:24 am
SHARE

നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരുടെ ബാഗേജില്‍ നിന്ന് സാധനങ്ങള്‍ നഷ്ടപ്പെതായി പരാതി. ദോഹയില്‍ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരുടെ ബാഗേജുകളില്‍ നിന്നും സാധനങ്ങള്‍ കവര്‍ന്നതായി ട്ടാണ്പരാതി ഉയര്‍ന്നിരിക്കുന്നത്. ഇന്നലെ ഉച്ചക്ക് 1.15 ന് നെടുമ്പാശ്ശേരിയിലെത്തിയ ജെറ്റ് എയര്‍വേയ്‌സ് വിമാനത്തിലെ യാത്രക്കാരാണ് പരാതിയുമായി വിമാനത്താവള അധികൃതരെ സമീപിച്ചത്.

ലക്ഷദ്വീപ് സ്വദേശി ജുമാന, കണ്ണൂര്‍ സ്വദേശി വിനീത് എന്നിവര്‍ ഉള്‍പ്പെടെ അഞ്ച് യാത്രക്കാരുടെ ലഗേജുകളില്‍ നിന്നാണ് സാധനങ്ങള്‍ മോഷണം പോയത്. ദോഹയില്‍ നിന്നും ഇത്തിഹാദ് വിമാനത്തില്‍ അബുദബിയിലെത്തിയ ഇവര്‍ അവിടെ നിന്നും ജെറ്റ് എയര്‍വെയ്‌സില്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്നു.

ബാഗേജിന്റെ വശങ്ങളില്‍ കൈകടക്കുന്ന തരത്തിലുള്ള ഹോള്‍ ഉണ്ടാക്കിയ ശേഷം അതിലൂടെ കൈ ബാഗേജിനകത്തേക്ക് കടത്തി സാധനങ്ങള്‍ കവരുകയായിരുന്നുവെന്നാണ് പരാതിയില്‍ പറഞ്ഞിട്ടുള്ളത്. ഇത്തരത്തില്‍ ഓരോരുത്തരുടെയും ബാഗില്‍ നിന്നും വസ്ത്രങ്ങള്‍ അടക്കം വില പിടിപ്പുള്ള നിരവധി സാധനങ്ങള്‍ കവര്‍ന്നിട്ടുണ്ട്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് തന്നെയാണോ ഇത് സംഭവിച്ചിരിക്കുന്നത് എന്ന് അറിയാന്‍ സി സി ടി വി ക്യാമറ ദൃശ്യങ്ങള്‍ പരിശോധിക്കാനുള്ള തീരുമാനത്തിലാണ് അധികൃതര്‍.