വിമാനത്തിനായി തിരച്ചില്‍ തുടരുന്നു; മോശം കാലാവസ്ഥ തടസ്സം

Posted on: July 24, 2016 10:24 am | Last updated: July 24, 2016 at 7:26 pm

PLANEചെന്നൈ: ചെന്നൈയില്‍ നിന്ന് പോര്‍ട്ട് ബ്ലെയറിലേക്കുള്ള യാത്രക്കിടെ കാണാതായ വ്യോമസേനയുടെ എ എന്‍- 32 വിമാനത്തിനായുള്ള തിരച്ചില്‍ തുടരുന്നു. മോശം കാലാവസ്ഥയെ തുടര്‍ന്ന് വ്യോമ മാര്‍ഗമുള്ള തിരച്ചില്‍ താല്‍കാലികമായി നിര്‍ത്തിവെച്ചു. ശനിയാഴ്ച രാത്രിയോടെ ഉള്‍ക്കടലില്‍ കനത്ത മഴയും കാര്‍മേഘങ്ങള്‍ മൂടി നില്‍ക്കുന്നതും കാരണമാണ് വിമാനം ഉപയോഗിച്ചുള്ള തിരച്ചില്‍ നിര്‍ത്തിവെച്ചത്. 18 മുതല്‍ 20 നോട്ടിക്കല്‍ മൈല്‍ വേഗതയിലാണ് കാറ്റ് വീശുന്നത്. കപ്പലും മുങ്ങിക്കപ്പലും ഉപയോഗിച്ചുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. ഇതിനിടെ, കടലില്‍ നിന്ന് ലഭിച്ച അവശിഷ്ടങ്ങള്‍ കാണാതായ എ.എന്‍23 വിമാനത്തിന്റേതല്ലെന്ന് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
കാണാതായ വിമാനത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ 29 പേരാണ് ഉണ്ടായിരുന്നത്. കോഴിക്കോട് കക്കോടി മക്കട കോട്ടൂപ്പാടം ചെറിയാറമ്പത്ത് പരേതനായ സി വി എന്‍ വാസു നായരുടെയും പത്മജയുടെയും മകന്‍ ഐ പി വിമല്‍ (30), കാക്കൂര്‍ തച്ചൂര്‍ നെല്ലിക്കുന്നുമ്മല്‍ രാജന്റെയും ചന്ദ്രമതിയുടെയും മകന്‍ സജീവ് കുമാര്‍ (38) എന്നിവരാണ് വിമാനത്തിലുണ്ടായിരുന്ന മലയാളികള്‍.

കാര്‍ണിക്കോവിലെ മിലിട്ടറി എന്‍ജിനീയറിംഗ് വിഭാഗത്തിലാണ് വിമല്‍. രണ്ട് വര്‍ഷം മുമ്പാണ് വിവാഹം കഴിഞ്ഞത്. ഭാര്യ രേഷ്മ. പോര്‍ട്ട് ബ്ലെയറിലെ നാവികസേനാ ഉദ്യോഗസ്ഥനാണ് സജീവ് കുമാര്‍. ഭാര്യ ജെസിയും ആറ് വയസ്സുകാരിയായ മകള്‍ ദിയയും അന്തമാനില്‍ ഒപ്പമുണ്ടായിരുന്നു.

മോശം കാലാവസ്ഥ ബാധിക്കുന്നുണ്ടെങ്കിലും തിരച്ചില്‍ നിര്‍ത്തിവെച്ചിട്ടില്ല. വ്യോമ, നാവിക സേനയും തീരദേശ സേനയും സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്. ദേശീയ ദുരന്ത നിവാരണ സേനയും വേണ്ട സഹായങ്ങളുമായി രംഗത്തുണ്ട്.
രണ്ട് പി 8 ഐ എയര്‍ക്രാഫ്റ്റുകളും രണ്ട് ഡോണിയര്‍ വിമാനങ്ങളും തിരച്ചിലിനായി ഉപയോഗിക്കുന്നുണ്ട്. ഇതിന് പുറമേ എ എന്‍- 32 എയര്‍ക്രാഫ്റ്റ്, രണ്ട് സി- 130 ഹെര്‍ക്കുലീസ് കോപ്റ്ററും നാവികസേനയുടെ പതിമൂന്നും തീരദേശ സേനയുടെ നാലും കപ്പലുകളും ഉപയോഗിച്ച് തിരച്ചില്‍ നടത്തുന്നുണ്ട്. അന്തര്‍വാഹിനിയും ഉപയോഗപ്പെടുത്തുന്നുണ്ട്. ഐ എസ് ആര്‍ ഒയുടെ റഡാര്‍ ഇമേജിംഗ് സാറ്റലൈറ്റും (റിസാറ്റ്) തിരച്ചിലിനായി ഉപയോഗിക്കുന്നുണ്ട്. രാവും പകലും ഒരുപോലെ ചിത്രങ്ങളെടുക്കാന്‍ ഉപഗ്രഹത്തിന് സാധിക്കുമെന്ന് ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ എ എസ് കിരണ്‍ കുമാര്‍ പറഞ്ഞു.

വെള്ളിയാഴ്ച രാവിലെ 8.30ന് ചെന്നൈയിലെ തംബാരം വിമാനത്താവളത്തില്‍ നിന്നാണ് വിമാനം പറന്നുയര്‍ന്നത്. പറന്നുയര്‍ന്ന് പതിനാറ് മിനുട്ടിന് ശേഷം 8.46നാണ് വിമാനത്തില്‍ നിന്ന് അവസാന സന്ദേശം ലഭിച്ചത്. ഒന്നിടവിട്ട ദിവസങ്ങളില്‍ പോര്‍ട്ട്‌ബ്ലെയറിലേക്ക് സര്‍വീസ് നടത്തുന്ന കൊറിയര്‍ വിമാനമാണിത്. രാവിലെ 11.30നാണ് വിമാനം പോര്‍ട്ട് ബ്ലെയറില്‍ എത്തേണ്ടിയിരുന്നത്. അവസാന സന്ദേശം ലഭിക്കുമ്പോള്‍ 151 നോട്ടിക്കല്‍ മൈല്‍ അകലെ 23,000 അടി ഉയരത്തിലായിരുന്നു വിമാനം.