സമ്പൂര്‍ണ വൈദ്യുതീകരണം; കെഎസ്ഇബി നടപടി തുടങ്ങി

Posted on: July 24, 2016 6:02 am | Last updated: July 24, 2016 at 12:04 am
SHARE

KSEB logoതിരുവനന്തപുരം: അടുത്ത വര്‍ഷം മാര്‍ച്ചോടെ സംസ്ഥാനത്തെ എല്ലാ ഭവനങ്ങളിലും വൈദ്യുതി എത്തിക്കുന്നതിനായി കേരള സര്‍ക്കാറും കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡും നടപടികളാരംഭിച്ചു.
ഈ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് എല്ലാ പ്രദേശങ്ങളിലേക്കും വൈദ്യുതി വിതരണ ശൃംഖല വ്യാപിപ്പിക്കാനാണ് കെ എസ് ഇ ബി ഉദ്ദേശിക്കുന്നത്. വൈദ്യുതി ലൈനും ട്രാന്‍സ്‌ഫോര്‍മറും എത്തിയിട്ടില്ലാത്ത മേഖലകളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതിവിഹിതം, എം പി മാരുടെയും എം എല്‍ എമാരുടെയും വികസന ഫണ്ടുകള്‍, പട്ടിക ജാതി പട്ടികവര്‍ഗ ക്ഷേമ ഫണ്ടുകള്‍, കേന്ദ്രാവിഷ്‌കൃത പദ്ധതിവിഹിതം, വിവിധ വികസന പ്രോജക്ടുകളില്‍ നിന്നുള്ള ഫണ്ടുകള്‍ തുടങ്ങിയവ വിനിയോഗിച്ചായിരിക്കും ശൃംഖലാ വ്യാപനം നടത്തുക.
ബി പി എല്‍ ഭവനങ്ങള്‍ക്ക് വെതര്‍ പ്രൂഫ് കണക്ഷന്‍ സൗജന്യമായി നല്‍കും. ബി പി എല്‍ ഇതര ഉപഭോക്താക്കള്‍ വെതര്‍ പ്രൂഫ് കണക്ഷനുള്ള എസ്റ്റിമേറ്റ് തുക സ്വയം വഹിക്കേണ്ടതുണ്ട്. ശൃംഖലാ വ്യാപനം പൂര്‍ത്തിയാകുന്ന മുറക്ക് വയറിംഗ് പൂര്‍ത്തിയാക്കി അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് കണക്ഷന്‍ നല്‍കും.
ലൈന്‍ വലിക്കുന്നതിന് വനം വകുപ്പിന്റെ അനുമതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും മറ്റു പ്രായോഗിക ബുദ്ധിമുട്ടുകളും ഉള്ളതിനാല്‍ വിദൂരമായ കോളനികളിലേക്ക് നിലവിലുള്ള വിതരണ ശൃംഖല നീട്ടുന്നത് പ്രായോഗികമാകില്ല. അത്തരം സ്ഥലങ്ങളില്‍ വികേന്ദ്രീകൃതമായ ഉത്പാദന വിതരണത്തിലൂടെയും മൈക്രോ ഗ്രിഡുകള്‍ സ്ഥാപിച്ചുമൊക്കെ വൈദ്യുതീകരണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.
ലക്ഷ്യമിടുന്ന സമയത്തുതന്നെ സമ്പൂര്‍ണ വൈദ്യുതീകരണം സാധ്യമാക്കുവാനായി വൈദ്യുതി ലഭിക്കാത്തവരുടെ പട്ടിക എത്രയും വേഗം തയ്യാറാക്കാനും ലൈന്‍ നിര്‍മിക്കാനുള്ള പ്രവൃത്തികളുടെ എസ്റ്റിമേറ്റെടുക്കാനുമുള്ള നടപടികള്‍ സെക്ഷന്‍ ഓഫീസുകളില്‍ ഇതിനകം തന്നെ ആരംഭിച്ചുകഴിഞ്ഞു.
ഇനിയും വൈദ്യുതി ലഭിച്ചിട്ടില്ലാത്ത ഗുണഭോക്താക്കള്‍ക്ക് നേരിട്ടോ, പഞ്ചായത്തംഗങ്ങള്‍, സന്നദ്ധസംഘടനകള്‍, സര്‍ക്കാരിതര സംഘടനകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ സഹായത്തോടെയോ അതതു പ്രദേശത്തെ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസില്‍ നിര്‍ദിഷ്ട മാതൃകയില്‍ അപേക്ഷ നല്‍കാവുന്നതാണ്. അപേക്ഷയില്‍ ഗുണഭോക്താവിന്റെ പേര്, വിലാസം, ബന്ധപ്പെടാവുന്ന ഫോണ്‍ നമ്പര്‍, വീടിന്റെ സ്ഥാനം തിരിച്ചറിയാനുള്ള മാര്‍ഗം, ഉപഭോക്താവ് ദാരിദ്ര്യ രേഖക്ക് താഴെയാണോ പട്ടികജാത, പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുന്നയാളാണോ, വീട് നിലവില്‍ വയറിംഗ് പൂര്‍ത്തിയാക്കിയതാണോ തുടങ്ങി ലഭ്യമായ എല്ലാ വിവരങ്ങളും ഉള്‍പ്പെടുത്തിയിരിക്കണം.
അപേക്ഷയുടെ മാതൃക കെ എസ് ഇ ബി സെക്ഷന്‍ ഓഫീസുകളില്‍ സൗജന്യമായി ലഭ്യമാണ്. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷകള്‍ ഓഗസ്റ്റ് ഒന്നിന് മുമ്പ് അതത് സെക്ഷന്‍ ഓഫീസുകളില്‍ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്ക് കെ എസ് ഇ ബി സെക്ഷന്‍ ഓഫീസിലെ അസിസ്റ്റന്റ് എന്‍ജിനിയറെ സമീപിക്കാം.