കന്‍ഹയ്യക്കെതിരായ ആക്രമണം ആസൂത്രിതമെന്ന് പോലീസ് റിപ്പോര്‍ട്ട്

Posted on: July 23, 2016 11:59 pm | Last updated: July 23, 2016 at 11:59 pm
SHARE

487765-kanhaiyaന്യൂഡല്‍ഹി :ജെ എന്‍ യു വിദ്യാര്‍ഥി യൂനിയന്‍ നേതാവ് കന്‍ഹയ്യ കുമാറിനെതിരെ പട്യാല ഹൗസ് കോടതിയില്‍ നടന്ന ആക്രമണം ആസൂത്രിതമാണെന്ന് ഡല്‍ഹി പോലീസിന്റെ റിപ്പോര്‍ട്ട്.
പട്യാലാ ഹൗസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ജെ എന്‍ യു ക്യാമ്പസില്‍ നടന്ന അഫ്‌സല്‍ ഗുരു അനുസ്മരണ പരിപാടിയുമായി ബന്ധപ്പെട്ട് രാജ്യദ്രോഹക്കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്ത കന്‍ഹയ്യ കുമാറിനെ ഹാജറാക്കുന്നതിനിടെ കഴിഞ്ഞ ഫെബ്രുവരി 15 നാണ് പട്യാല ഹൗസ് കോടതി വളപ്പില്‍ അഭിഭാഷകര്‍ അഴിഞ്ഞാടിയത്. അക്രമത്തില്‍ കന്‍യ്യകുമാര്‍ ഉള്‍പ്പെട ആറ് പേര്‍ക്ക് പരുക്കേറ്റിരുന്നു. ജെ എന്‍ യു അഭിഭാഷകരെപ്പോലും കോടതിയില്‍ ഇരിക്കാന്‍ അഭിഭാഷകര്‍ സമ്മതിച്ചില്ലെന്നും കറുത്ത കോട്ടണിഞ്ഞ അഭിഭാഷകരല്ലാത്ത ചിലരും അക്രമത്തില്‍ പങ്കാളികളായെന്നും കുറ്റപത്രത്തിലുണ്ട്. കുറ്റപത്രം കോടതി സപ്തംബറില്‍ പരിഗണിക്കും.
ബി ജെ പി നേതാക്കളായ വിക്രം ചൗഹാന്‍, ഓംശര്‍മ, യശ്പാല്‍ സിംഗ് എന്നീ അഭിഭാഷകരാണ് ഇതിന് നേതൃത്വം നല്‍കിയതെന്നും അവര്‍ അക്രമവും കലാപവുമുണ്ടാക്കാന്‍ മറ്റു അഭിഭാഷകരെ പ്രേരിപ്പിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഇവര്‍ മൂന്ന് പേരും ചേര്‍ന്നാണ് മറ്റ് അഭിഭാഷകരെ സംഘടിപ്പിച്ചത്. തുടര്‍ന്ന് കന്‍ഹയ്യ കുമാറിനെ ആക്രമിക്കാന്‍ സംഘം ചേര്‍ന്നു നിന്നു. സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ വന്ന മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി.
രണ്ടാം നമ്പര്‍ ഗേറ്റില്‍ വിക്രം ചൗഹനാണ് മാധ്യമങ്ങള്‍ക്കെതിരെ അക്രമം തുടങ്ങിയതെന്ന് പോലീസ് വ്യക്തമാക്കുന്നു. പിന്നീട് മറ്റു രണ്ട് പേരും പങ്കുചേര്‍ന്നു. ഇവര്‍ മറ്റു അഭിഭാഷകരെ മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നുവെന്നും റിപ്പേര്‍ട്ട് വിശദീകരിക്കുന്നുണ്ട്.