Connect with us

Kozhikode

ന്യായാധിപന്‍മാരുടെ കുറവ് കേസുകളുടെ കാലതാമസത്തിന് കാരണമാകുന്നു: ജ. ആന്റണി ഡൊമനിക്

Published

|

Last Updated

താമരശ്ശേരി: ന്യായാധിപന്‍മാരുടെയും കോടതികളുടെയും കുറവാണ് കേസുകളുടെ കാലതാമസത്തിന്റെ പ്രധാന കാരണമെന്നും ഇത് നീതിന്യായ വ്യവസ്ഥയെ സംബന്ധിച്ച് ഭിന്നാഭിപ്രായത്തിന് കാരണമാവുന്നുവെന്നും ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ആന്റണി ഡൊമനിക്. ജില്ലയിലെ ആദ്യത്തെ ഗ്രാമ ന്യായാലയം താമരശ്ശേരിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് പ്രായോഗികവും ക്രിയാത്മകവുമായ നീതിന്യായ വ്യവസ്ഥിതിയാണ് രാജ്യത്തിന് നിലവിലുള്ളത്. എന്നാല്‍ അത് എത്രമാത്രം തൃപ്തികരമായിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്ന് ചോദിച്ചാല്‍ പല അഭിപ്രായമുണ്ടാവും. അതിനുള്ള പ്രധാന കാരണം ഇവിടുത്തെ കാലതാമസമാണ്. കാലതാമസത്തിന് പല കാരണങ്ങളുണ്ടെങ്കിലും ഏറ്റവും വലിയ കാരണം ന്യായാധിപന്‍മാരുടെ കുറവാണ്. മറ്റു രാജ്യങ്ങളില്‍ പത്തുലക്ഷത്തിന് ഇരുനൂറോളം ന്യായാധിപരുള്ളപ്പോള്‍ നമ്മുടെ രാജ്യത്ത് പതിനഞ്ചില്‍ താഴെയാണ്. ന്യായാധിപരുടെ എണ്ണം അന്‍പതാക്കണമെന്ന് സുപ്രീംകോടതി നേരത്തെ നിര്‍ദ്ദേശിച്ചാണെങ്കിലും അത് ഇന്നും യാഥാര്‍ത്ഥ്യമായിട്ടില്ല. ഇത് കാരണം കേസുകള്‍ കെട്ടിക്കിടക്കുകയാണ്. കേസുകള്‍ കെട്ടിക്കിടക്കുന്നത് കുറക്കുക എന്നതുകൂടി ഉദ്ദേശിച്ചാണ് ഗ്രാമന്യായാലയങ്ങള്‍ ആരംഭിക്കുന്നതെന്നും ജസ്റ്റിസ് ആന്റണി ഡൊമിനിക് പറഞ്ഞു.

സാധാരണ കോടതികള്‍ക്കുള്ള നൂലമാലകള്‍ പലതും ഒഴിവാക്കിക്കൊണ്ടാണ് ഗ്രാമ ന്യായാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ക്രിമിനല്‍ കേസുകളും സിവില്‍ കേസുകളും കേള്‍ക്കാന്‍ ഗ്രാമ ന്യായാലയത്തിലെ ന്യായാധികാരിക്ക് അധികാരം നല്‍കിയത് സാധാരണക്കാര്‍ക്ക് നീതി വീട്ടുപടിക്കല്‍ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണെന്നും അദ്ദേഹം പറഞ്ഞു. ഡിസ്ട്രിക് ആന്റെ സെഷന്‍സ് ജഡ്ജ് ടി എസ് പി മൂസദ് അധ്യക്ഷത വഹിച്ചു. ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകങ്ങളായ ജുഡീഷ്യറിയും മീഡിയയും തമ്മിലുള്ള ശീത സമരം ഉണ്ടാവാന്‍ പാടില്ലാത്തതാണെന്നും ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ എല്ലാവരും ശ്രമിക്കണമെന്നും ചടങ്ങില്‍ മുഖ്യാതിഥിയായ എംകെ രാഘവന്‍ എം പി പറഞ്ഞു. കാരാട്ട് റസാക്ക് എം എല്‍ എ, ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കെ സോമന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൂപ്പര്‍ അഹമ്മദ്കുട്ടി, ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ജെയ്‌സണ്‍ ജോര്‍ജ് പ്രസംഗിച്ചു. താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സരസ്വതി സ്വാഗതവും വൈസ് പ്രസിഡന്റ് കെ സി മാമു മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

കൊച്ചിയിലും തിരുവനന്തപുരത്തും അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും തമ്മിലുണ്ടായ കയ്യാങ്കളിയുടെ സാഹചര്യത്തില്‍ താമരശ്ശേരി ഡി വൈ എസ് പി. ആര്‍ ശ്രീകുമാറിന്റെ നേതൃത്വത്തില്‍ താമരശ്ശേരി, കൊടുവള്ളി, ബാലുശ്ശേരി സി ഐ മാര്‍ ഉള്‍പ്പെടെയുള്ള വന്‍ പോലീസ് സന്നാഹമാണ് സ്ഥലത്ത് നിലയുറപ്പിച്ചത്.

Latest