ഐഎന്‍എസ് വിരാട് കൊച്ചിയിലേക്ക് അന്ത്യയാത്ര പുറപ്പെട്ടു

Posted on: July 23, 2016 9:31 pm | Last updated: July 24, 2016 at 10:26 am
SHARE

INS VIRATമുംബൈ: ഇന്ത്യന്‍ നാവികസേനയുടെ കരുത്തായ ഐഎന്‍എസ് വിരാട് വിമാനവാഹിനിക്കപ്പല്‍ അന്ത്യയാത്ര പുറപ്പെട്ടു. ഈ വര്‍ഷം അവസാനം ഡീകമ്മീഷന്‍ ചെയ്യാന്‍ നിശ്ചയിക്കപ്പെട്ട ഐഎന്‍എസ് വിരാട് മുംബൈയില്‍ നിന്ന് കൊച്ചിയിലേക്കാണ് പുറപ്പെട്ടത്. കൊച്ചി ഷിപ് യാര്‍ഡില്‍ വെച്ച് ഡീ കമ്മീഷനിംഗിന് മുമ്പുള്ള അവസാന വട്ട അറ്റക്കുറ്റപ്പണികള്‍ (Essential Repairs and Dry Docking – ERDD) പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. സ്വന്തം എന്‍ജിന്‍ ഉപയോഗിച്ചുള്ള ഐഎന്‍എസ് വിരാടിന്റെ അവസാന യാത്രയാണിത്.

വൈകീട്ട് മുംബൈയില്‍ വീരോചിതമായ യാത്രയപ്പ് ഏറ്റുവാങ്ങിയാണ് ഐഎന്‍എസ് വിരാട് കൊച്ചിയിലെത്തുന്നത്. വൈസ് അഡ്മിറല്‍ ഗിരീഷ് ലുത്ര, ഫഌഗ് ഓഫീസര്‍, കമാന്‍ഡിംഗ് ഇന്‍ ചീഫ്, വെസ്‌റ്റേണ്‍ നാവല്‍ കമാന്‍ഡര്‍ തുടങ്ങി നാവികസേനാംഗങ്ങള്‍ കപ്പലിനെ യാത്രയാക്കാന്‍ എത്തിയിരുന്നു. ഇന്ത്യന്‍ നാവികസേനക്ക് വികാരഭരിതമായ നിമിഷമാണ് ഇതെന്ന് ഒരു പ്രതിരോധ വക്താവ് പറഞ്ഞു. ഫാസ്റ്റ് ഇന്റര്‍സെപ്റ്റര്‍ ക്രാഫ്റ്റുകളുടെയും ഹെലികോപ്റ്ററുകളുടെയും അകമ്പടിയോടൊണ് കപ്പല്‍ യാത്ര തിരിച്ചത്.

27 വര്‍ഷക്കാലം ബ്രിട്ടീഷ് പതാകയേന്തിയ ശേഷം 1987 മെയ് 12നാണ് ഐഎന്‍എസ് വിരാട് ഇന്ത്യന്‍ നാവികസേനയുടെ ഭാഗമാകുന്നത്. 2250 ദിവസം കടലില്‍ കഴിഞ്ഞ ഐഎന്‍എസ് വിരാട് ഇതിനകം 5,88,288 നോട്ടിക്കല്‍ മൈല്‍ ദൂരം ഇതിനകം താണ്ടിക്കഴിഞ്ഞു. ഇന്ത്യന്‍ നാവിക സേനയുടെ ‘ഒഴുകുന്ന വിമാനത്താവളമായി’ അറിയപ്പെടുന്ന ഐ എന്‍ എസ് വിരാടിന് 30 പോര്‍വിമാനങ്ങളെ വരെ വഹിക്കാന്‍ ശേഷിയുണ്ട്. കൂടാതെ സീ കിംഗ്, ചേതക് ഹെലികോപ്റ്ററുകളും കപ്പല്‍വേധ മിസൈലുകളും ഉള്‍പ്പെടെയുള്ള ആധുനിക സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചതാണ് വിരാടിന്റെ ‘ആയുധക്കലവറ’.

1989ല്‍ ശ്രീലങ്കയില്‍ ഇന്ത്യന്‍ സേന നടത്തിയ സമാധാന ദൗത്യമായ ഓപ്പറേഷന്‍ ജുപീറ്റര്‍, 1999ല്‍ കാര്‍ഗില്‍ യുദ്ധ സമയത്തെ ഓപ്പറേഷന്‍ വിജയ്, യുഎസ് സേനയുമൊന്നിച്ചുള്ള സംയുക്ത അഭ്യാസപ്രകടനങ്ങള്‍ തുടങ്ങിയ ഐഎന്‍എസ് വിരാടിന്റെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലുകളാണ്. വിശാഖപട്ടണത്ത് നടന്ന ഇന്റര്‍നാഷണല്‍ ഫഌറ്റ് റിവ്യൂ ആണ്‍് ഐഎന്‍എസ് വിരാട് അവസാനമായി പങ്കെടുത്ത പരിപാടി.

എെഎൻഎസ് വിരാടിൽ ഇക്കഴിഞ്ഞ മാർച്ച് ആറിനുണ്ടായ തീപ്പിടുത്തത്തിൽ ഒരു ചീഫ് എൻജിനീയർ മരിച്ചിരുന്നു.