ടിപി ദാസന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്; മേഴ്‌സിക്കുട്ടന്‍ വൈസ് പ്രസിഡന്റ്‌

Posted on: July 23, 2016 3:31 pm | Last updated: July 23, 2016 at 8:50 pm
SHARE

tp dasanതിരുവനന്തപുരം: സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്യക്ഷനായി ടി പി ദാസനെ നിയമിച്ചു. ഒളിമ്പ്യന്‍ മേഴ്‌സിക്കുട്ടനാണ് വൈസ് പ്രസിഡന്റ്. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. ഇരുവരും ഇന്നു തന്നെ ചുമതലയേല്‍ക്കും. അഞ്ജു ബോബി ജോര്‍ജ്ജ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്നാണ് ദാസന്റെ നിയമനം.കഴിഞ്ഞമാസം 22 നാണ് അഞ്ജു ബോബി ജോര്‍ജ് സ്‌പോര്‍ട് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്.മുന്‍ ഇടതുസര്‍ക്കാരിന്റെ കാലത്തും ദാസന്‍ ഈ ചുമതല വഹിച്ചിരുന്നു. ഇക്കാലത്തെ സ്‌പോര്‍ട്‌സ് ലോട്ടറിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ദാസനെതിരെ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

കെ.സി ലേഖ (ബോക്‌സിംഗ്), ജോര്‍ജ് തോമസ്,(ബാഡ്മിന്റണ്‍), എസ്.രാജീവ് (നീന്തല്‍), എം.ആര്‍ രഞ്ജിത്(അമ്പെയ്ത്ത്), ഡി.ബിജുകുമാര്‍ (കനോയിംഗ്)എന്നിവരാണ് കൗണ്‍സില്‍ അംഗങ്ങള്‍. സ്‌പോര്‍ട്‌സ് രംഗത്തെ വിദഗ്ധരും മുന്‍കാല കായിക താരങ്ങളും വിവിധ അസോസിയേഷനുകളിലെ പ്രതിനിധികളും ഭരണസമിതിയില്‍ അംഗങ്ങളായിരിക്കും.

സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ് ദാസന്‍. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്യക്ഷ സ്ഥാനത്തുനിന്ന് അഞ്ജു ബോബി ജോര്‍ജിനെ നീക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതു മുതല്‍ വിവാദം ഉയര്‍ന്നിരുന്നു. ദാസന്റെ കാലത്ത് നടന്ന സ്‌പോര്‍ട്‌സ് ലോട്ടറി ക്രമക്കേടുമായി ബന്ധപ്പെട്ട് അഞ്ജു ബോബി ജോര്‍ജ് ആരോപണം ഉന്നയിച്ചിരുന്നു. കൗണ്‍സിലില്‍ വന്‍ അഴിമതിയാണ് നടന്നതെന്നായിരുന്നു അഞ്ജുവിന്റെ ആരോപണം. അഞ്ജു അഴിമതിക്കാരിയാണെന്നായിരുന്നു ദാസന്റെ മറുപടി. അര്‍ജുന അവാര്‍ഡ് ജേതാവ് കൂടിയായ മേഴ്‌സിക്കുട്ടന്‍ നിലവില്‍ മേഴ്‌സിക്കുട്ടന്‍ അത്‌ലറ്റിക്‌സ് അക്കാദമി പരിശീലകയാണ്.