ദുബൈയിലെ വിദ്യാര്‍ഥികളില്‍ 33 ശതമാനവും അമിതവണ്ണക്കാര്‍

Posted on: July 23, 2016 3:06 pm | Last updated: July 23, 2016 at 3:06 pm
SHARE

fatദുബൈ: ദുബൈയിലെ വിവിധ വിദ്യാലയങ്ങളിലേയും മറ്റിതര സ്ഥാപനങ്ങളിലേയും വിദ്യാര്‍ഥികളില്‍ 33 ശതമാനവും അമിതവണ്ണമോ അമിത ഭാരമോ ഉള്ളവരാണെന്ന് ദുബൈ ഹെല്‍ത് അതോറിറ്റി (ഡി എച്ച് എ).

കുട്ടിക്കാലത്ത് ഉണ്ടാകുന്ന അമിതവണ്ണവും അതുമായി ബന്ധപ്പെട്ട് ഉണ്ടാകാനിടയുള്ള ആരോഗ്യ പ്രശ്‌നങ്ങളും പ്രതിരോധിക്കുന്നതിനും അവയെകുറിച്ച് ബോധവത്കരിക്കുന്നതിനും ഡി എച്ച് എ സ്മാര്‍ട് ക്ലിനിക് ആരംഭിച്ചിട്ടുണ്ട്. അമിതവണ്ണംമൂലം ഒട്ടനവധി മാറാവ്യാധികളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. സ്മാര്‍ട് ക്ലിനിക്കിലെ വിദഗ്ധര്‍ കുട്ടികളിലെയും മുതിര്‍ന്നവരിലെയും അമിതവണ്ണം സംബന്ധിച്ച രോഗങ്ങള്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പുവരുത്തും.

ദുബൈ ഹെല്‍ത് അതോറിറ്റിയുടെ കണക്കനുസരിച്ച് പ്രൈമറിതലം മുതല്‍ സെക്കന്‍ഡറിതലം വരെയുള്ള കുട്ടികളിലും മറ്റിതര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളിലും 33 ശതമാനം പേരും പൊണ്ണത്തടിയന്മാരോ അമിതഭാരമുള്ളവരോ ആണ്. എമിറേറ്റിലെ 176ഓളം സ്‌കൂളില്‍ ഡി എച്ച് എ നടത്തിയ പഠനങ്ങളിലാണ് ഈ കണ്ടെത്തല്‍.

ഈ സ്ഥിതി വിവരണക്കണക്കുകള്‍ പ്രശ്‌നത്തിന്റെ വ്യാപ്തിയാണ് വെളിപ്പെടുത്തുന്നത്. 2014-2015 കാലയളവില്‍ നടത്തിയ പഠന റിപ്പോര്‍ട്ടാണിത്. തങ്ങള്‍ക്ക് ലഭ്യമായ കണക്കുകളുടെ അടിസ്ഥാനത്തില്‍ രക്ഷിതാക്കളെ അമിതവണ്ണത്തിന്റെ ദോഷവശങ്ങളെക്കുറിച്ച് ബോധവത്കരിച്ചു. അമിതവണ്ണം കുറക്കുന്നതിന് മൂന്ന് വ്യത്യസ്ത രൂപത്തില്‍ പ്രതിവിധികള്‍ അവതരിപ്പിച്ചു. ഡി എച്ച് എ കമ്മ്യൂണിറ്റി ആന്‍ഡ് ഫാമിലി സ്‌പെഷ്യലിസ്റ്റ് ഡോ. ഹമദ് ഹുസൈന്‍ വ്യക്തമാക്കി.

നഗരസഭയുമായി സഹകരിച്ച് അമിതമായി കൊഴുപ്പിന്റെ അംശം കലര്‍ന്നിട്ടുള്ള ഭക്ഷണങ്ങള്‍ സ്‌കൂള്‍ സമയത്ത് ഉപയോഗിക്കുന്നതും സ്‌കൂള്‍ കാന്റീനുകളില്‍ വില്‍ക്കുന്നതിനും വിലക്കേര്‍പെടുത്തി. സ്‌കൂള്‍ പ്രവര്‍ത്തി സമയമല്ലാത്ത സന്ദര്‍ഭങ്ങളിലും കുട്ടികള്‍ക്ക് ഫാസ്റ്റ് ഫുഡ് ഭക്ഷണരീതി ഒഴിവാക്കാന്‍ രക്ഷിതാക്കള്‍ ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ടു.
ടെലിവിഷന്‍ കാണുന്നതിനും വീഡിയോ ഗെയിമുകളില്‍ ഏര്‍പെടുത്തുന്നതിനും സമയക്രമീകരണം ഏര്‍പെടുത്തി. മറ്റു കായിക വിനോദങ്ങളില്‍ ഏര്‍പെടുന്നതിനെ കൂടുതല്‍ പ്രേരിപ്പിച്ചു. ഇതിലൂടെ രക്ഷിതാക്കളില്‍നിന്ന് അനുകൂലമായ സമീപനങ്ങളാണ് ലഭിച്ചത്. കൂടുതല്‍ പ്രചാരണ ബോധവത്കരണ പരിപാടികളിലൂടെ അമിതവണ്ണത്തിന്റെ ഭാഗമായുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.