Connect with us

Gulf

സന്ദര്‍ശകരെ ആകര്‍ഷിച്ച് ദുബൈ മാളിലെ സ്രാവ് പ്രദര്‍ശനം

Published

|

Last Updated

ദുബൈ: ദുബൈ മാളിലെ അക്വേറിയം ആന്‍ഡ് അണ്ടര്‍വാട്ടര്‍ സൂവിലെ സ്രാവ് പ്രദര്‍ശനം സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. പ്രദര്‍ശനം കാണാന്‍ നിരവധി പേരാണ് ദുബൈ മാളിലെത്തുന്നത്. ഡിസ്‌കവറി ചാനലിലെ ഷാര്‍ക്ക് വീക്ക് പരിപാടിയുടെ ആശയം ഉള്‍ക്കൊണ്ടാണ് പ്രത്യേക സംവിധാനം ഒരുക്കിയിരിക്കുന്നത്.

അണ്ടര്‍വാട്ടര്‍ സൂവിനോട് അനുബന്ധിച്ച് പ്രത്യേക ഇടനാഴി നിര്‍മിച്ചാണ് വിവിധയിനം സ്രാവുകളെ പ്രദര്‍ശിപ്പിക്കുന്നത്. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ഒരുക്കിയ സ്രാവുകള്‍ക്കായുള്ള അക്വേറിയം ആകര്‍ഷകമായാണ് സംവിധാനിച്ചിരിക്കുന്നത്. ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ട ജലജീവിയാണ് സ്രാവുകളെന്നും അവയെക്കുറിച്ച യഥാര്‍ഥ വസ്തുതകള്‍ പൊതുജനങ്ങളെ അറിയിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നതെന്ന് അക്വേറിയം ക്യുറേറ്റും ജനറല്‍ മാനേജറുമായ പോള്‍ ഹാമിള്‍ട്ടണ്‍ പറഞ്ഞു.

വന്‍തോതില്‍ വേട്ടയാടപ്പെട്ട് വംശനാഷ ഭീഷണി നേരിടുന്ന ജീവികളാണ് സ്രാവുകള്‍. വിവിധയിനം സ്രാവുകളെക്കുറിച്ച് വിശദമായി അറിയാനുള്ള സംവിധാനവും ഇവിടെയുണ്ട്. പ്രവേശന കവാടത്തിലുള്ള ചെറിയ സ്‌ക്രീനില്‍ പരിചയപ്പെടേണ്ട സ്രാവുകളുടെ പേര് അമര്‍ത്തിയാല്‍ അത്യാധുനിക എല്‍ ഇ ഡി ഡിസ്‌പ്ലേ സംവിധാനത്തില്‍ അവയെക്കുറിച്ച വിവരങ്ങളത്തെും. സ്രാവുകളെ ജീവനോടെ കാണാനും സ്ഫടിക തുരങ്കത്തില്‍ അവക്കൊപ്പം സഞ്ചരിച്ച് ഫോട്ടോ എടുക്കാനും സാധിക്കും. വംശനാശ ഭീഷണി നേരിടുന്ന സാന്‍ഡ്ബാര്‍ വെയ്‌ലേഴ്‌സ്, ബ്ലാക് ടിപ്പ് റീഫ് ഷാര്‍ക്‌സ്, ബോണറ്റ് ഹെഡ് ഷാര്‍ക്‌സ് എന്നീ ഇനം സ്രാവുകള്‍ ഇവിടെയുണ്ട്. ഡിസ്‌കവറി ചാനലും ദുബൈ മാളും കൈകോര്‍ത്താണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. സ്രാവുകളെ കുറിച്ച് ബോധവത്കരിക്കാന്‍ 28 വര്‍ഷം മുമ്പാണ് ഷാര്‍ക്ക് വീക്ക് ആരംഭിച്ചത്. സ്രാവ് സംരക്ഷണ പദ്ധതികളെക്കുറിച്ച് ഡിസ്‌കവറി ചാനല്‍ തയാറാക്കിയ മൂന്ന് മിനിറ്റ് ഡോക്യുമെന്ററി സന്ദര്‍ശകര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കും. 60 മിനിറ്റ് നീളുന്ന ഇതിന്റെ പൂര്‍ണരൂപം ഡിസ്‌കവറി ചാനലില്‍ ഈവര്‍ഷം സംപ്രേഷണം ചെയ്യും.

Latest