Connect with us

Kerala

പ്രമുഖ കമ്പനികളുടെ കുപ്പിവെള്ളത്തില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് വില്‍പ്പന നടത്തുന്ന പല പ്രമുഖ കമ്പനികളുടെയും കുപ്പിവെള്ളത്തില്‍ കോളിഫോം ബാക്ടീരയുടെ സാന്നിധ്യം കണ്ടെത്തി. മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടത്തിയ പരിശോധനയിലാണ് അന്താരാഷ്ട്ര കമ്പനികളുടേതടക്കമുള്ള കുപ്പിവെള്ളത്തില്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന കോളിഫോം ബാക്ടീരിയ കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ കടകളിലും മറ്റ് വാണിജ്യസ്ഥാപനങ്ങളിലും വില്‍പ്പന നടത്തുന്ന കുപ്പിവെള്ളം പരിശോധിക്കാനും വീഴ്ച കണ്ടെത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കാനും ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് കത്തുനല്‍കി.

കഴിഞ്ഞ വര്‍ഷം അവസാനവും 2016 മാര്‍ച്ച് മാസത്തിലുമായാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് സംസ്ഥാനത്ത് കുപ്പിവെള്ള പരിശോധന നടത്തിയത്. 69 കുപ്പിവെള്ള സാമ്പിളുകളില്‍ നടത്തിയ പരിശോധനാ ഫലം ഞെട്ടിക്കുന്നതായിരുന്നു. അഞ്ച് ബ്രാന്‍ഡുകളിലാണ് ഉയര്‍ന്ന അളവില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യമുള്ളത്.
ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ നിന്നെടുത്ത സാമ്പിളുകളിലാണ് കോളിഫോം ബാക്ടീരിയ കണ്ടെത്തിയത്. അതിനാല്‍ ഇവിടങ്ങളില്‍ നിന്ന് ശേഖരിച്ച അഞ്ച് സാമ്പികളുകളടക്കം സംസ്ഥാനത്ത് വില്‍പ്പന നടത്തുന്ന കുപ്പിവെള്ളങ്ങളുടെ സാമ്പിളുകളും ശേഖരിക്കാന്‍ അസി. ഫുഡ്‌സേഫ്റ്റി കമ്മീഷണര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായി ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ഗോകുല്‍ ജി ആര്‍ പറഞ്ഞു. ഇതിന്റെ പരിശോധന വളരെ വേഗം പൂര്‍ത്തിയാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. അത് കിട്ടിയാലുടന്‍ നടപടിയിലേക്ക് കടക്കുമെന്നും അദ്ദേഹം പറഞ്ഞു.
100 എം എല്‍ വെള്ളത്തില്‍ രണ്ടു മുതല്‍ 41 സി എഫ് യു വരെയാണ് കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം. അതായത് ഇതില്‍ നിന്ന് ഒരു തുള്ളി വെള്ളം പോലും കൂടി കുടിക്കാന്‍ പാടില്ല. കോളറ, മഞ്ഞപ്പിത്തം, വയറിളക്കമടക്കം ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാവുന്നതാണ് ഈ ബാക്ടീരിയയുടെ സാന്നിധ്യം.