കോഴിക്കോട് നഴ്‌സിംഗ് വിദ്യാര്‍ഥിനിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം

Posted on: July 23, 2016 12:07 pm | Last updated: July 23, 2016 at 12:12 pm
SHARE

SRILAKSHMIകോഴിക്കോട്: നഴ്‌സിംഗ് വിദ്യാര്‍ഥി ശ്രീലക്ഷ്മിയുടെ മരണത്തില്‍ ദൂരുഹതയുണ്ടെന്ന പരാതിയുമായി സഹോദരി. കോഴിക്കോട് ബേബി മെമ്മോറിയല്‍ നഴ്‌സിംഗ്് കോളജിലെ രണ്ടാം വര്‍ഷ ജനറല്‍ നഴ്‌സിംഗ വിദ്യാര്‍ഥിയായിരുന്ന ശ്രീലക്ഷ്മി (19)യെ ഈ മാസം 15 ന് ഉച്ചക്ക് ശേഷം കാണാതാവുകയും ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കാണുകയുമായിരുന്നു. ഹോസ്റ്റല്‍മുറിയില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു സഹോദരിയുടെ മൃതദേഹമെങ്കിലും അവളെ കൊന്ന് കെട്ടിത്തൂക്കിയതായി സംശയിക്കുന്നതായും സഹോദരി പി കെ ഐശ്വര്യ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ശ്രീലക്ഷ്മിയുടെ മരണം ആത്മഹത്യയല്ല കൊലപാതകം തന്നെയാണെന്നാണ് തങ്ങളുടെ ബലമായ സംശയമെന്നും അവര്‍ചൂണ്ടിക്കാട്ടി.

ഹോസ്റ്റലില്‍ ഒരു ടീച്ചറും വിദ്യാര്‍ഥിയും തമ്മിലുണ്ടായിരുന്ന വഴി വിട്ട ബന്ധത്തെ കുറിച്ച് സാക്ഷി പറഞ്ഞതിന് പിന്നാലെയാണ് ശ്രീലക്ഷ്മിയെ കാണാതായതും മരിച്ച നിലയില്‍ കണ്ടെത്തിയതെന്നും ദുരൂഹതയുണര്‍ത്തുന്നു. എന്നാല്‍ സംഭവത്തെ കുറിച്ച് പുറം ലോകം അറിയുന്നതില്‍നിന്ന് രക്ഷപ്പെടാനാണ് ശ്രീലക്ഷ്മി മരിച്ചത് പ്രണയ നൈരാശ്യമാണെന്ന പ്രചരണത്തിന് പിന്നിലെന്ന് ഐശ്വര്യ ചൂണ്ടിക്കാട്ടി.

സഹോദരിയെ കാണാതായതായി അറിയിച്ചതിനെ തുടര്‍ന്ന് അമ്മ ഹോസ്റ്റലില്‍ ബന്ധപ്പെട്ട് ഹോസ്റ്റലിലും കോളജിലും പരിശോധിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ അതിന് തയ്യാറാകാതിരിക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് അമ്മ മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. എന്നാല്‍ കുട്ടിയെ കാണാതായത് സംബന്ധിച്ച് നഴ്‌സിംഗ്് കോളജ് അധികൃതര്‍ പരാതിയൊന്നും നല്‍കിയിട്ടില്ല. കാണാതായെന്ന് പറഞ്ഞ അന്ന് രാത്രി ശ്രീലക്ഷ്മിയെ ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടതായി കാണിച്ച് വിളിച്ച് പറയുകയായിരുന്നു.

എന്നാല്‍ ശ്രീലക്ഷ്മി മരിച്ചതിനെ തുടര്‍ന്ന് മൃതദേഹം കാണാനോ വീട് സന്ദര്‍ശിക്കാനോ കോളജില്‍നിന്ന് സഹപാഠികളോ അധ്യാപകരോ എത്തിയില്ലെന്നത് ദുരൂഹത വര്‍ധിപ്പിക്കുന്നു. അവര്‍ ആരെയോ ഭയക്കുന്നുണ്ടെന്ന് തെളിവാണിതെന്ന് ഐശ്വര്യ ചൂണ്ടിക്കാട്ടി.
ശ്രീലക്ഷ്മിയുടെ മരണം സംബന്ധിച്ച് നിജസ്ഥിതി പുറത്തു കൊണ്ടു വരണമെന്നും പോലീസ് അന്വേഷമം കാര്യക്ഷമമായി നടക്കുന്നില്ലെങ്കില്‍ കേസ് ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് സിറ്റി കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.