തകരാറുള്ള ലെനോവ ടാബ്‌ലെറ്റ്: പരാതിക്കാരിക്ക് ഇരുപതിനായിരം രൂപ നഷ്ടപരിഹാരം

Posted on: July 23, 2016 11:57 am | Last updated: July 23, 2016 at 12:15 pm
SHARE

പാലക്കാട്: യൂണിവേഴ്‌സല്‍ എന്‍ എം ആര്‍ കോപ്ലക്‌സില്‍ നിന്ന് പറളി സ്വദേശിയായ സലീന എന്ന വിദ്യാര്‍ത്ഥി 9500/ രൂപക്ക് വാങ്ങിയ ലെനോവ ടാബ്‌ലെറ്റ് തുടര്‍ച്ചയായി പ്രവര്‍ത്തനരഹിതമാവുകയും ആവശ്യസമയത്ത്് ഉപയോഗിക്കാന്‍ സാധിക്കാത്തതിനെയും തുടര്‍ന്ന് പാലക്കാട് ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം പരാതിക്കാരിക്ക് 20000/ രൂപ നഷ്ടപരിഹാരമായും 1000/- രൂപ കോടതി ചിലവ് വകയിലും നല്‍കാന്‍ ഉത്തരവിട്ടു. ഉത്തരവില്‍ ടാബ്ലെറ്റ് മാറ്റി നല്‍കാനും എതിര്‍ കക്ഷികള്‍ക്ക് നിര്‍ദേശമുണ്ട്. തുടക്കത്തില്‍ തന്നെ തകരാറുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വാങ്ങിയ സ്ഥാപനത്തില്‍ ബന്ധപ്പെടുകയും തകരാര്‍ പരിഹരിച്ച് തിരിച്ചേല്‍പ്പിക്കുകയും ചെയ്തു. ടാബ്‌ലെറ്റ് തുടര്‍ന്നും പ്രവര്‍ത്തനരഹിതമായപ്പോള്‍ വാങ്ങിയ സ്ഥാപനവുമായി വീണ്ടും ബന്ധപ്പെട്ടു.

ആദ്യസ്ഥാപനം പിന്നീട് തകരാര്‍ പരിഹരിക്കുന്നതിനായി കോഴിക്കോട് പുതിയറയിലുളള ലെനോവ സര്‍വ്വീസ് സെന്റ്‌റിലേക്ക് അയച്ചു. പിന്നീടും ടാബ്ലെറ്റ് പ്രവര്‍ത്തനരഹിതമായപ്പോള്‍ വിദ്യാര്‍ത്ഥി ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തെ സമീപിക്കുകയായിരുന്നു. ബാഗ്ലൂരിലെ ഹുബ്ലിയിലുളള ലെനോവ ഇന്ത്യ എന്ന പ്രൈവറ്റ് ലിമിറ്റഡ് കമ്പിനി രണ്ടാം എതിര്‍ കക്ഷിയും കോഴിക്കോട് പുതിയറയിലുളള ലെനോവ സര്‍വ്വീസ് സെന്റര്‍ മൂന്നാം എതിര്‍ കക്ഷിയുമായിരുന്നു.വാങ്ങിയ ആദ്യ വര്‍ഷത്തില്‍ തന്നെ ടാബ്‌ലെറ്റ് പ്രവര്‍ത്തനരഹിതമാവുകയും ഉത്പന്നത്തിന്റെ ഗുണമേന്മയുടെ കുറവും ഉപഭോക്താവിനോട് തുടര്‍ സേവനത്തില്‍ കാണിച്ച വീഴ്ച്ചയും പരിഗണിച്ചാണ് ഫോറം വിധി പ്രസ്താവന നടത്തിയത്. പ്രസിഡന്റ് ഷൈനി പി ആര്‍, അംഗങ്ങളായ കെ പി സുമ, വി പി അനന്തനാരായണന്‍ എന്നിവരടങ്ങിയ ഫോറമാണ് വിധി പ്രസ്താവന നടത്തിയത്.