വിമാനം കാണാതായ സംഭവം; അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി സൂചന

Posted on: July 23, 2016 11:40 am | Last updated: July 24, 2016 at 10:22 am
SHARE

PORT BLAIRചെന്നൈ: ആന്‍ഡമാനിലേക്കുള്ള യാത്രാമധ്യേ കാണാതായ വ്യോമസേനയുടെ എഎന്‍ 32 വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി സൂചന. ബംഗാള്‍ ഉള്‍ക്കടലില്‍ ചെന്നെയില്‍ നിന്ന് 150 നോട്ടിക്കല്‍ മൈല്‍ അകലെയാണിത്. എന്നാലിത് കാണാതായ വിമാനത്തിന്റേതാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
വിമാനത്തിനായുള്ള തിരച്ചില്‍  ബംഗാള്‍ ഉള്‍ക്കടലില്‍ തുടരുകയാണ്‌.12 വിമാനങ്ങളും 13 നാവികസേന, തീരരക്ഷാ സേനാ കപ്പലുകളും ഒരു മുങ്ങികപ്പലും ബംഗാള്‍ ഉള്‍ക്കടലില്‍ തെരച്ചില്‍ നടത്തുകയാണ്. 24 മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ വിമാനത്തിന് വേണ്ടിയുള്ള തെരച്ചില്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലേക്കു കൂടി വ്യാപിപ്പിച്ചിട്ടുണ്ട്. ശ്രീലങ്ക, മലേഷ്യ, സിങ്കപ്പൂര്‍ എന്നീ രാജ്യങ്ങളും ദൗത്യത്തില്‍ പങ്കാളികളാവും.

ചെന്നൈയില്‍ നിന്ന് ആന്‍ഡമാനിലെ പോര്‍ട്ട്‌ബ്ലെയറിലേക്ക് പോകുന്നതിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ എന്‍ – 32 വിമാനം കാണാതായത്. ആറ് ക്രൂ അംഗങ്ങള്‍ ഉള്‍പ്പെടെ 29 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. കാണാതായവരില്‍ കോഴിക്കോട് കക്കോടി മക്കട കോട്ടൂപ്പാടം സ്വദേശിയായ വിമല്‍ (30), കാക്കൂര്‍ സ്വദേശി സജീവ്കുമാര്‍ (37) എന്നിവരും ഉള്‍പ്പെടും.

വെള്ളിയാഴ്ച രാവിലെ 8.30ന് ചെന്നൈയിലെ താംബാരം വിമാനത്താവളത്തില്‍ നിന്നാണ് വിമാനം പറന്നുയര്‍ന്നത്. പറന്നുയര്‍ന്ന് പതിനാറ് മിനുട്ടിന് ശേഷം 8.46നാണ് വിമാനത്തില്‍ നിന്ന് അവസാന സന്ദേശം ലഭിച്ചത്. ഒന്നിടവിട്ട ദിവസങ്ങളില്‍ പോര്‍ട്ട്‌ബ്ലെയറിലേക്ക് സര്‍വീസ് നടത്തുന്ന കൊറിയര്‍ വിമാനമാണിത്. രാവിലെ 11.30നാണ് വിമാനം പോര്‍ട്ട് ബ്ലെയറില്‍ എത്തേണ്ടിയിരുന്നതെന്ന് വ്യോമസേന വിംഗ് കമാന്‍ഡര്‍ അനുപം ബാനര്‍ജി പറഞ്ഞു.

കാണാതായ വിമാനത്തില്‍ നിന്ന് അവസാന സന്ദേശം ലഭിക്കുമ്പോള്‍ 23,000 അടി ഉയരത്തിലായിരുന്നു വിമാനം. ബംഗാള്‍ ഉള്‍ക്കടലിന്റെ വിവിധ ഭാഗങ്ങളിലായി തിരച്ചില്‍ നടന്നുവരികയാണെന്ന് നാവികസേനാ വക്താവ് ക്യാപ്റ്റന്‍ ഡി കെ ശര്‍മ പറഞ്ഞു. വിമാനത്തില്‍ നിന്ന് അവസാനം സന്ദേശം ലഭിച്ച പ്രദേശത്ത് തിരച്ചില്‍ നടത്തിവരികയാണെന്ന് തീരദേശ സേന അറിയിച്ചു.

തീരദേശ സേനയുടെ സാഗര്‍, സമുദ്ര കപ്പലുകള്‍ ചെന്നൈയില്‍ നിന്നും രാജ്ശ്രീ, രാജ്‌വീര്‍ കപ്പലുകള്‍ പോര്‍ട്ട് ബ്ലെയറില്‍ നിന്നും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. അന്തര്‍വാഹിനി ഉപയോഗിച്ചും തിരച്ചില്‍ നടത്തുന്നുണ്ട്. മോശം കാലാവസ്ഥ തിരച്ചിലിന് തടസ്സമാകുന്നുണ്ട്. ദേശീയ ദുരന്തനിവാരണ സേനയോട് വ്യോമ, നാവിക സേനകള്‍ക്ക് വേണ്ട സഹായം നല്‍കാന്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് നിര്‍ദേശം നല്‍കി.