Connect with us

Kerala

മന്ത്രിസഭാ തീരുമാനങ്ങള്‍ ഉത്തരവായാല്‍ 48 മണിക്കൂറിനകം പ്രസിദ്ധപ്പെടുത്തുമെന്ന് സര്‍ക്കാര്‍

Published

|

Last Updated

തിരുവനന്തപുരം: മന്ത്രിസഭാ യോഗത്തിന്റെ തീരുമാനങ്ങള്‍ 48 മണിക്കൂറിനകം ഉത്തരവായി ഇറക്കണമെന്ന് ചീഫ് സെക്രട്ടറിയുടെ നിര്‍ദേശം. മന്ത്രിസഭാ തീരുമാനങ്ങള്‍ അതാത് വകുപ്പുകള്‍ അംഗീകരിച്ച് ഉത്തരവായാല്‍ ഇതിന്റെ പകര്‍പ്പ് അപ്പപ്പോള്‍ വെബ്‌സൈറ്റിലും പ്രസിദ്ധീകരിക്കണം. അതേസമയം, മുഖ്യവിവരാവകാശ കമ്മീഷണറുടെ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
സെക്രട്ടേറിയറ്റ് മാനുവല്‍ അനുസരിച്ച് മന്ത്രിസഭാ തീരുമാനങ്ങള്‍ രഹസ്യ രേഖകളാണെന്നാണ് ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്.

ഇവ ചീഫ് സെക്രട്ടറിയുടെ അനുമതിയില്ലാതെ ഒരു കാരണവശാലും പുറത്തുനല്‍കാനാകില്ല. മന്ത്രിസഭാ തീരുമാനങ്ങള്‍ സര്‍ക്കാര്‍ ഉത്തരവായി പുറപ്പെടുവിച്ചാല്‍ മാത്രമേ അത് പൊതുജനങ്ങള്‍ക്ക് നല്‍കാനാകൂ. അതിനാല്‍, മന്ത്രിസഭ കൈക്കൊള്ളുന്ന എല്ലാ തീരുമാനങ്ങളും 48 മണിക്കൂറിനകം സര്‍ക്കാര്‍ ഉത്തരവുകളായി ഇറക്കണമെന്നാണ് നിര്‍ദേശം.

ഉത്തരവുകള്‍, അവയുമായി ബന്ധപ്പെട്ട നോട്ടുകളും വകുപ്പുകളുടെ കുറിപ്പുകളും ഉള്‍പ്പെടെ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണം. ഉത്തരവ് പുറപ്പെടുവിക്കുന്ന ദിവസം തന്നെ സൈറ്റിലും നല്‍കണം. ഉത്തരവുകളുടെ പകര്‍പ്പ് പൊതുഭരണ വകുപ്പിനും കൈമാറണം. നിയമം, ധനകാര്യം എന്നീ വകുപ്പുകള്‍ക്കും ഈ നിര്‍ദേശം ബാധകമാണ്. വിവരാവകാശ നിയമത്തിന്റെ അന്തസ്സത്ത ഉള്‍ക്കൊണ്ട് എല്ലാ വകുപ്പുകളും പ്രവര്‍ത്തിക്കണം. ജനങ്ങള്‍ വിവരം ചോദിച്ച് എത്തും മുമ്പ് കഴിയുന്നത്ര വിവരങ്ങള്‍ ലഭ്യമാക്കണമെന്നതാണ് സര്‍ക്കാര്‍ നയമെന്ന്് ചീഫ് സെക്രട്ടറി എസ്എം വിജയാനന്ദ് ഉത്തരവില്‍ പറയുന്നത്. തീരുമാനങ്ങള്‍ പ്രസിദ്ധപ്പെടുത്താന്‍ കാലതാമസം നേരിടുന്ന പക്ഷം മന്ത്രിമാരുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.
മന്ത്രിസഭാ തീരുമാനങ്ങള്‍ പുറത്തുവിടാത്തത് വിവാദമായതിനെ തുടര്‍ന്ന് ഇത് മറച്ചുവെക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, അതാത് വകുപ്പുകള്‍ അംഗീകരിച്ചാല്‍ മാത്രമേ മന്ത്രിസഭായോഗ തീരുമാനങ്ങള്‍ ഉത്തരവുകളാവുകയുള്ളൂവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.
ഈ നിലപാടില്‍ സര്‍ക്കാര്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണ്. മുന്‍ സര്‍ക്കാറിന്റെ കാലത്തെ ഉത്തരവുകള്‍ ചീഫ് സെക്രട്ടറിയുടെ ഓഫീസ് ലഭ്യമാക്കണമെന്നത് സംബന്ധിച്ച് മുഖ്യ വിവരാവകാശ കമ്മീഷണര്‍ നല്‍കിയ ഉത്തരവ് സംബന്ധിച്ച കാര്യത്തില്‍ ഹൈക്കോടതി തീരുമനമെടുക്കട്ടെയെന്ന നിലപാടിലാണ് സര്‍ക്കാര്‍.

Latest