ലൈംഗികാതിക്രമം: ഫോക്‌സ് ന്യൂസ് മേധാവി റോജര്‍ എയില്‍സ് രാജിവെച്ചു

Posted on: July 23, 2016 9:28 am | Last updated: July 23, 2016 at 12:16 pm
SHARE

roger ailesവാഷിംഗ്ടണ്‍: ഫോക്‌സ് ന്യൂസിനെ ജനകീയവും രാഷ്ട്രീയപരമായി ശക്തവുമായ കേബിള്‍ നെറ്റ്‌വര്‍ക്ക് ആക്കിമാറ്റിയതിലൂടെ അമേരിക്കന്‍ ടി വി ന്യൂസ് മേഖലയെ പുനര്‍ വ്യാഖ്യാനിച്ച റോജര്‍ എയില്‍സ് രാജിവെച്ചു. ഇദ്ദേഹത്തിനെതിരെ ലൈംഗികാതിക്രമ കേസ് വന്നതിനെത്തുടര്‍ന്നാണ് രാജി. ഇതേത്തുടര്‍ന്ന് ഫോക്‌സ് ന്യൂസിന്റെ പുതിയ മേധാവിയായി ട്വന്റി ഫസ്റ്റ് സെഞ്ചുറിയുടെ തലവനും ഫോക്‌സ് അടക്കമുള്ള സാമ്രാജ്യങ്ങളുടെ തലവനുമായ റൂപര്‍ട് മര്‍ഡോക് സ്ഥാനമേറ്റു. റോജര്‍ എയില്‍സിന്റെ രാജിയെത്തുടര്‍ന്ന് 85 കാരനായ മര്‍ഡോക് ഫോക്‌സ് ന്യൂസിന്റെയും ഫോക്‌സ് ബിസിനസ് നെറ്റ്‌വര്‍ക്കിന്റെയും ചെയര്‍മാന്‍ സ്ഥാനവും ആക്ടിംഗ് ചീഫ് എക്‌സികൂട്ടീവ് സ്ഥാനവും വഹിക്കുമെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.

ലൈംഗികമായി വഴങ്ങാത്തതിനാല്‍ തന്നെ ഫോക്‌സ് ന്യൂസില്‍നിന്നും എയില്‍സ് പിരിച്ചുവിട്ടുവെന്ന് കാണിച്ച് ഫോക്‌സ് ന്യൂസിന്റെ അവതാരികയായിരുന്ന ഗ്രചെന്‍ കാള്‍സണ്‍ എയില്‍സിനെതിരെ കേസ് ഫയല്‍ ചെയ്യുകയായിരുന്നു. എന്നാല്‍ കേസിനെക്കുറിച്ചോ ആരോപണങ്ങളെക്കുറിച്ചോ പ്രസ്താവനയില്‍ കമ്പനി ഒന്നും പറയുന്നില്ല. റിപ്പബ്ലിക്കന്‍ പ്രസിഡന്റുമാരുടെ മുന്‍ ഉപദേശകനായിരുന്ന 76കാരനായ എയില്‍സ് മാധ്യമ സാമ്രാജ്യത്തിലെ ഒരു സുപ്രധാന വ്യക്തിത്വമാണ്.