മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും ജനാധിപത്യത്തിന്റെ കാവലാളുകളാകണം : കാന്തപുരം

Posted on: July 23, 2016 9:18 am | Last updated: July 23, 2016 at 12:16 pm
SHARE

kANTHAPURAM NEWകോഴിക്കോട്: ജനാധിപത്യത്തെ ശക്തിപ്പെടുത്തേണ്ട രണ്ട് മേഖലകളാണ് മാധ്യമപ്രവര്‍ത്തനവും അഭിഭാഷകവൃത്തിയുമെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. ജനങ്ങളുടെ താത്പര്യങ്ങള്‍ക്കു വേണ്ടി വിവേകപൂര്‍വ്വം ഇടപെടുന്ന ഇരു സംവിധാനങ്ങളും പരിമിതികള്‍ ഉണ്ടെങ്കിലും ജനാധിപത്യത്തിന്റെ കാവലാളുകളായി നിലനിന്നതിന് എത്രയെങ്കിലും ഉദാഹരണങ്ങള്‍ ഉണ്ട്. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ തീവ്രത ലോകശ്രദ്ധയിലേക്ക് കൊണ്ടുവന്ന് , ദുരിതക്കയത്തില്‍ നിന്ന് ആ പ്രദേശത്തെ പതിയെ ഉയര്‍ത്തിക്കൊണ്ടുവന്നതില്‍ മാധ്യമപ്രവര്‍ത്തകര്‍ വഹിച്ച പങ്ക് വിസ്മരിക്കാന്‍ കഴിയില്ല.

ദുരിതമനുഭവിക്കുന്ന പലര്‍ക്കും വേണ്ടി സ്വയം മറന്നു പ്രവര്‍ത്തിക്കുന്ന അഭിഭാഷകര്‍ നമ്മുടെ സമൂഹത്തില്‍ ഉണ്ട്. അതുകൊണ്ട് രണ്ട് സ്ഥാപനങ്ങളും തമ്മില്‍ എപ്പോഴും സൗഹൃദമാണ് ഉണ്ടാവേണ്ടത്. സംഘര്‍ഷം സംഭവിക്കുമ്പോള്‍ നമ്മുടെ ജനാധിപത്യ സ്ഥാപനങ്ങളുടെയും സമൂഹത്തിന്റെയും ഒക്കെ ജീര്‍ണതക്കു അതു കാരണമാവും. അറിവുള്ളവര്‍ സാധാരണ പൗരന്മാര്‍ക്ക് മാതൃകയാവേണ്ടവരാണ്. ഹൈക്കോടതി പരിസരത്തും തിരുവനന്തപുരത്തും നടന്ന സംഘര്‍ഷവും വാക്കേറ്റവും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു. അതിന് ഉത്തരവാദികളായവരെ കണ്ടെത്തി നിയമനടപടികള്‍ സ്വീകരിക്കണം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും മറ്റു ജാനാധിപത്യ സ്ഥാപനങ്ങളും ജാഗ്രത പുലര്‍ത്തണമെന്നും കാന്തപുരം പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു.