Connect with us

Kannur

അപൂര്‍വ പകര്‍ച്ചവ്യാധി ത്വക്ക് രോഗം കണ്ണൂരിലും

Published

|

Last Updated

കണ്ണൂര്‍: വിദേശ രാജ്യങ്ങളില്‍ മാത്രം കാണപ്പെടുന്ന അപൂര്‍വ്വയിനം പകര്‍ച്ചവ്യാധി ത്വക്ക് രോഗം കണ്ണൂരിലും കണ്ടെത്തി. കണ്ണൂര്‍ ജില്ലയിലെ ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ മാനന്തേരിയില്‍ തൊണ്ടിലേരി ലക്ഷംവീട്ടില്‍ 16 വയസ്സുകാരനാണ് കരിമ്പനി എന്ന് വിളിക്കപ്പെടുന്ന ലീഷ്മാനിയാസിസ് സ്ഥിരീകരിച്ചത്. ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി കെ. ബേബിയുടെ നിര്‍ദ്ദേശ പ്രകാരം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ മാനന്തേരി സന്ദര്‍ശിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂനിറ്റിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് നിന്നും പ്രാണി,കീടങ്ങളുടെ ശേഖരണവും നടത്തി. കോട്ടയത്ത് നിന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അടുത്ത ദിവസം പ്രദേശത്തെത്തി കൂടുതല്‍ പഠന പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍ പി കെ ബേബി സിറാജിനോട് പറഞ്ഞു.
മലമ്പനി കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകളെ കൊന്നൊടുക്കുന്ന പകര്‍ച്ചവ്യാധിയാണ് കരിമ്പനി എന്നു മലയാളത്തില്‍ വിളിക്കുന്ന കാലാ അസര്‍. ലീഷ്മാനിയാസിസ് എന്ന ശാസ്ത്ര നാമത്തില്‍ അറിയപ്പെടുന്ന ഈ രോഗം തുടക്കത്തിലേ തിരിച്ചറിയാനായാല്‍ ചികിത്സിച്ചു ഭേദപ്പെടുത്താനാകും. രോഗാണു ശരീരത്തില്‍ പ്രവേശിച്ചാല്‍ തൊലിക്കു കറുപ്പു നിറം ബാധിക്കുന്നതാണു രോഗ ലക്ഷണം. ദംദം പനി എന്നും അറിയപ്പെടുന്നു. തുടക്കത്തിലേ രോഗബാധ കണ്ടെത്തിയാല്‍ രണ്ടാഴ്ചത്തെ വിദഗ്ധ ചികിത്സ കൊണ്ടു ഭേദപ്പെടുത്താം. വൈറസ് ബാധിച്ചു മാസങ്ങള്‍ കഴിഞ്ഞിട്ടും കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കില്‍ രോഗിക്കു മരണം സംഭവിക്കാം.ഏകകോശ ജീവികളായ ലീഷ്മാനിയ വിഭാഗത്തില്‍പ്പെട്ട രോഗാണുക്കളാണ് രോഗത്തിന് കാരണം. ഫ്‌ളെബൊട്ടൊമിന്‍ സാന്റ് ഫ്‌ളൈ എന്നപേരിലറിയപ്പെടുന്ന മണലീച്ചയാണ് ഈ രോഗം പരത്തുന്നത്. ഒരു കൊതുകിന്റെ ഏകദേശം മൂന്നിലൊന്ന് മാത്രം വലിപ്പമുള്ള ചെറു ഷഡ്പദങ്ങളാണ് ഇവ. പകല്‍ സമയത്ത് അധികവും പ്രവര്‍ത്തനനിരതമാകാറില്ല. വീടിന്റെയും തൊഴുത്തിന്റെയുമൊക്കെ ഇരുണ്ട മൂലകളിലോ മണ്‍ഭിത്തികളിലെ ചെറിയ വിടവുകളിലോ വിള്ളലുകളിലോ സുഷിരങ്ങളിലോ ഒക്കെയാണ് ഇവ വിശ്രമിക്കാറുള്ളത്. മനുഷ്യരില്‍ രോഗം പ്രത്യക്ഷപ്പെടാന്‍ പലപ്പോഴും 8 മുതല്‍ 10 മാസം വരെ ആവശ്യമാണ്. ചില അവസരങ്ങളില്‍ ഇത് 10 ദിവസം കൊണ്ട് ഉണ്ടാകുന്നതായും രണ്ടര വര്‍ഷം വരെ നീണ്ടുപോയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ക്യൂട്ടേനിയസ് ലീഷ്മാനിയാസിസ് : ഏറ്റവും അധികമായി കാണപ്പെടുന്നത് തൊലിപ്പുറമേയുള്ള ലീഷ്മാനിയാസിസ് ആണ്. തൊലിപ്പുറമെ ചെറിയ കുരു പോലെയാണ് ആരംഭിക്കാറെങ്കിലും ക്രമേണ വ്രണമായി മാറും. വ്രണമുണ്ടായ ശരീരഭാഗവുമായി ബന്ധപ്പെട്ട് കഴല വലുതാവാറുണ്ട്. പലപ്പോഴും കുറച്ചു കഴിഞ്ഞ് ഈ വ്രണം ഉണങ്ങും. മുഖത്തും കഴുത്തിലും നെഞ്ചിലും കൈകാലുകളിലുമാണ് കൂടുതലായും വ്രണങ്ങള്‍ കാണപ്പെടുന്നത്.
പ്രതിവര്‍ഷം രണ്ട് ലക്ഷം മുതല്‍ നാല് ലക്ഷം വരെ ആളുകള്‍ക്ക് കരിമ്പനി ബാധിക്കുന്നുണ്ട്. ഇവരില്‍ അരലക്ഷത്തോളം പേര്‍ മരിക്കുന്നു എന്നാണ് ലോകാരാഗ്യ സംഘടനയുടെ കണക്ക്. പാശ്ചാത്യ നാടുകളിലാണ് രോഗം കൂടുതല്‍ കണ്ടിട്ടുള്ളത്. അടുത്തിടെ ഇന്ത്യയിലും രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയിട്ടുണ്ട്. നേരത്തെ തൃശൂരില്‍ കരിമ്പനിയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയത് വലിയ തോതിലുള്ള ആശങ്കകള്‍ക്കും കാരണമായിരുന്നു. വടക്കന്‍ ജില്ലകളിലാദ്യമായാണ് ഇത്തരമൊരു രോഗം കണ്ണൂരില്‍ കണ്ടെത്തിയിട്ടുള്ളത്.