സംസ്ഥാനത്ത് തൊഴില്‍ നൈപുണ്യ പരിശീലന പദ്ധതി വരുന്നു

Posted on: July 23, 2016 6:00 am | Last updated: July 22, 2016 at 11:48 pm
SHARE

കണ്ണൂര്‍: കേരളത്തില്‍ സ്വകാര്യ പങ്കാളിത്തത്തോടെ തൊഴില്‍ നൈപുണ്യ പരിശീലന പദ്ധതിക്ക് സര്‍ക്കാര്‍ തുടക്കം കുറിക്കുന്നു. പരിശീലനത്തിനാവശ്യമായ ഭൗതിക സൗകര്യങ്ങള്‍ സ്വകാര്യ പങ്കാളിത്തത്തോടെ ഉറപ്പ് വരുത്തും. തൊഴില്‍ വകുപ്പാണ് ഈ സംരംഭത്തിന് നടപടികള്‍ ആരംഭിച്ചിരിക്കുന്നത്.
തൊഴില്‍ നൈപുണ്യ പരിശീലനം ഏതെല്ലാം തരത്തില്‍ സാധ്യമാകുമെന്ന് വിശദമായ പരിശോധനക്ക് വിധേയമാക്കും. ഇതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള നൈപുണ്യ വികസന അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും. വിവിധ ഏജന്‍സികള്‍, സാങ്കേതിക വിദ്യാഭ്യാസ വകുപ്പുകള്‍ തുടങ്ങിയവ നടത്തുന്ന നൈപുണ്യ പരിശീലന പരിപാടികള്‍ എകോപിപ്പിക്കാനും പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. തൊഴില്‍ സംസ്‌കാരത്തില്‍ സമൂലമായ മാറ്റം കൊണ്ടുവരിക എന്നതിനൊപ്പം 25 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള നൈപുണ്യ വികസന അക്കാദമി യുടെ കീഴില്‍ ഇറാം ഗ്രൂപ്പിന്റെ മേല്‍നോട്ടത്തില്‍ അങ്കമാലിയില്‍ എസ്‌പൊയിര്‍ അക്കാദമി ഇതിനകം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
ഇവിടത്തെ ആദ്യ ബാച്ച് വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റും പ്ലേസ്‌മെന്റ് പ്രഖ്യാപനവും സമീപനാളിലാണ് നടന്നത്. സ്‌കില്‍ ഡെവലപ്‌മെന്റ് കൗണ്‍സിലിന്റെ കീഴിലായിരിക്കും തൊഴില്‍ പരിശീലനം ശക്തിപ്പെടുത്തുക. മുഖ്യമന്ത്രിയാണ് കൗണ്‍സില്‍ ചെയര്‍മാന്‍. വിദ്യാഭ്യാസം, വ്യവസായം, തൊഴില്‍, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിമാര്‍ കൗണ്‍സിലിന്റെ വൈസ് ചെയര്‍മാന്‍മാരുമായിരിക്കും.
വിവിധ തൊഴില്‍ മേഖലകളില്‍ അനുഭവപ്പെടുന്ന വിദഗ്ധ തൊഴിലാളികളുടെ കുറവ് കണ്ടെത്തുന്നതിന് പഠനം നടത്താനും തൊഴില്‍വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. വിദ്യാര്‍ഥികളെ തൊഴില്‍ പരിശീലന രംഗത്തേക്ക് കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച തൊഴില്‍ നൈപുണ്യ പരിശീലന പദ്ധതി കഴിഞ്ഞ സര്‍ക്കാരിന്റെ അനാസ്ഥമൂലം കേരളത്തിന് നഷ്ടമായിരുന്നു. ഹയര്‍ സെക്കന്‍ഡറി, വി എച്ച് എസ് ഇ, ബി എ, ബി എസ്‌സി, ബി കോം തുടങ്ങിയ ബിരുദ തലത്തിലാണ് തൊഴില്‍ നൈപുണ്യ വിദ്യാഭ്യാസ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നത്. പദ്ധതി നടപ്പിലാക്കാത്ത രാജ്യത്തെ ഏകസംസ്ഥാനമാണ് കേരളം.
കുട്ടികളുടെ എണ്ണം കുറയുന്നതിനാല്‍ അനാദായകരമെന്ന് പറഞ്ഞ് സര്‍ക്കാര്‍- എയ്ഡഡ് മേഖലകളിലെ സ്‌കൂളുകള്‍ അടച്ച് പൂട്ടല്‍ ഭീഷണി നേരിടുമ്പോഴാണ് തൊഴില്‍ നൈപുണ്യ പരിശീലന പദ്ധതി നടപ്പിലാക്കുന്നതില്‍ കഴിഞ്ഞ സര്‍ക്കാര്‍ വീഴ്ച വരുത്തിയത്. കൃഷി, വ്യവസായം, നിര്‍മാണം, സേവനം, വിനോദസഞ്ചാരമടക്കം 71 മേഖലകളില്‍ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുന്ന പദ്ധതി നടപ്പിലാക്കിയാല്‍ പൊതുവിദ്യാലയങ്ങളിലേക്ക് ആകര്‍ഷിക്കുവാനും അവരുടെ അഭിരുചിക്കനുസരിച്ച് തൊഴില്‍ പരിശീലനം നല്‍കാനും പുതിയ കണ്ടെത്തലുകള്‍ക്ക് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാനും കഴിയുമെന്ന് കണക്ക്കൂട്ടിയിരുന്നു. പദ്ധതിയനുസരിച്ച് പരിശീലനം പൂര്‍ത്തിയായ വിദ്യാര്‍ഥികള്‍ക്ക് 6,500 രൂപ വീതം ലഭിക്കും.
പ്ലസ് വണ്‍, പ്ലസ് ടു പഠനം കഴിയുമ്പോഴും ഇതേ തുക ലഭിക്കും. കൂടാതെ പുതിയ കണ്ടെത്തലുകളുമായി ബന്ധപ്പെട്ട മാസ്റ്റര്‍ പ്ലാന്‍ തയ്യറാക്കുന്നതിനായി ഒരുലക്ഷം രൂപവരെയും ലഭിക്കുന്ന പദ്ധതിയാണ് കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് നഷ്ടമായത്. 1982ല്‍ നരസിംഹറാവു മാനവശേഷി വകുപ്പ് മന്ത്രിയായിരുന്നപ്പോഴാണ് വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ നൈപുണ്യ പരിശീലനമെന്ന ആശയം രൂപപ്പെട്ടത്. 2009ല്‍ കപില്‍ സിബല്‍ മന്ത്രിയായിരിക്കെ നാല് സംസ്ഥാനങ്ങളിലെ സ്‌കൂളുകളില്‍ പദ്ധതി ആരംഭിച്ചിരുന്നു. നാല് വര്‍ഷത്തിനകം ഒരു കോടി യുവജനങ്ങള്‍ക്ക് നൈപുണ്യ പരിശീലനം നല്‍കാന്‍ 12,000 കോടി രൂപ ചെലവ് വരുന്ന പ്രധാനമന്ത്രി നൈപുണ്യ വികസന പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ സമീപ നാളില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. ഇതില്‍ 60 ലക്ഷം യുവജനങ്ങള്‍ക്ക് പുതുതായി പരിശീലനം നല്‍കുകയും അനൗപചാരിക തൊഴില്‍ വൈദഗ്ധ്യമുള്ള 40 ലക്ഷം പേര്‍ക്ക് നൈപുണ്യത്തിനുള്ള ഔപചാരിക സര്‍ട്ടിഫിക്കറ്റ് നല്‍കാനുമാണ് ലക്ഷ്യമിടുന്നത്. പരിശീലനം ലഭിച്ചവരെ തൊഴില്‍ നേടാന്‍ സഹായിക്കാനായി തൊഴില്‍ മേളകളും സംഘടിപ്പിക്കും. ദേശീയ നൈപുണ്യ യോഗ്യതാ ചട്ടക്കൂട് അനുസരിച്ചാകും പരിശീലന പദ്ധതികള്‍ തയ്യാറാക്കുക.