പൊരിവെയില്‍ നല്‍കുന്ന പ്രതീക്ഷ

സൗരോര്‍ജം ഉപയോഗപ്പെടുത്തുന്ന ഇന്ത്യയിലെ ആദ്യ തീവണ്ടിയുടെ പരീക്ഷണ ഓട്ടം രാജസ്ഥാനിലെ ജോധ്പൂരില്‍ നടന്നപ്പോള്‍ അത് പുതിയ പ്രതീക്ഷക്കാണ് വിത്തിട്ടത്. ഓരോ കോച്ചിന്റെയും മുകളില്‍ രണ്ട് നിരയായി സ്ഥാപിച്ചിട്ടുള്ള സോളാര്‍ പാനലുകള്‍ പിടിച്ചെടുത്ത സൗരോര്‍ജമാണ് രാജസ്ഥാനിലെ തീവണ്ടിക്കു വേണ്ട വൈദ്യുതി നല്‍കിയത്. ഒരു കോച്ചില്‍ 18 സോളാര്‍ പാനലുകള്‍ സ്ഥാപിച്ചിരുന്നു. അതിന് നാല് ലക്ഷത്തോളം ചെലവു വന്നു. സോളാര്‍ പാനലുകള്‍ ഊര്‍ജത്തിനായി ഉപയോഗിച്ചാല്‍ വലിയ തോതില്‍ ഡീസല്‍ പ്രതിവര്‍ഷം ലാഭിക്കാനാകുമെന്ന് കണ്ടെത്തിയതോടെയാണ് രാജസ്ഥാനില്‍ ഇങ്ങനെയൊരു പരീക്ഷണത്തിനു മുതിര്‍ന്നതും അതില്‍ അവര്‍ വിജയിച്ചതും. രാജ്യത്തെ ഏറെക്കുറെ ട്രെയിനുകളില്‍ ഇത്തരം സൗകര്യം ഏര്‍പ്പെടുത്തി രാജസ്ഥാന്‍ മാതൃക കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുന്നുവെന്നുള്ള പ്രഖ്യാപനവും പിന്നീട് കേട്ടു. ഇതും നല്ല പ്രതീക്ഷക്കാണ് വക നല്‍കുന്നത്.
Posted on: July 23, 2016 6:00 am | Last updated: July 22, 2016 at 10:18 pm
SHARE

solar trainരാജസ്ഥാനിലെ ജോധ്പൂരില്‍ നിന്ന് അടുത്തിടെയായി കേട്ട വാര്‍ത്തക്ക് വലിയ പ്രതീക്ഷയുടെ വെളിച്ചമുണ്ടായിരുന്നു. സൗരോര്‍ജം കൊണ്ട് തീവണ്ടിയോടുന്നതിനെക്കുറിച്ചുള്ള വാര്‍ത്തയും ചിത്രങ്ങളുമായിരുന്നു മാധ്യമങ്ങളില്‍ നിന്ന് ജനം വായിച്ചറിഞ്ഞ, ഗൗരവമേറിയ എന്നാല്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ആ നല്ല വാര്‍ത്ത. സൗരോര്‍ജം ഉപയോഗപ്പെടുത്തുന്ന ഇന്ത്യയിലെ ആദ്യ തീവണ്ടിയുടെ പരീക്ഷണ ഓട്ടം രാജസ്ഥാനിലെ ജോധ്പൂരില്‍ നടന്നപ്പോള്‍ അത് പുതിയ കാലത്തെ ഊര്‍ജോത്പാദനത്തിന്റെ പുതിയ മാതൃകയാകുമെന്ന പ്രതീക്ഷക്കാണ് വിത്തിട്ടത്.
സൗരോര്‍ജം ഉപയോഗിച്ച് ലൈറ്റും ഫാനുകളും പ്രവര്‍ത്തിപ്പിച്ച് വിജയകരമായി പരീക്ഷണ ഓട്ടം നടത്തിയ തീവണ്ടി വൈകാതെ ഒരുപക്ഷേ നമ്മുടെ നാട്ടിലും എത്തിക്കൂടെന്നില്ല. ഓരോ കോച്ചിന്റെയും മുകളില്‍ രണ്ട് നിരയായി സ്ഥാപിച്ചിട്ടുള്ള സോളാര്‍ പാനലുകള്‍ പിടിച്ചെടുത്ത സൗരോര്‍ജമാണ് രാജസ്ഥാനിലെ തീവണ്ടിക്കു വേണ്ട വൈദ്യുതി നല്‍കിയത്. ഒരു കോച്ചില്‍ 18 സോളാര്‍ പാനലുകള്‍ സ്ഥാപിച്ചിരുന്നു. അതിന് നാല് ലക്ഷത്തോളം ചെലവു വന്നു. സോളാര്‍ പാനലുകള്‍ ഊര്‍ജത്തിനായി ഉപയോഗിച്ചാല്‍ വലിയ തോതില്‍ ഡീസല്‍ പ്രതിവര്‍ഷം ലാഭിക്കാനാകുമെന്ന് കണ്ടെത്തിയതോടെയാണ് രാജസ്ഥാനില്‍ ഇങ്ങനെയൊരു പരീക്ഷണത്തിനു മുതിര്‍ന്നതും അതില്‍ അവര്‍ വിജയിച്ചതും. രാജ്യത്തെ ഏറെക്കുറെ ട്രെയിനുകളില്‍ ഇത്തരം സൗകര്യം ഏര്‍പ്പെടുത്തി ഇന്ധനലാഭം ഉണ്ടാക്കാനുള്ള രാജസ്ഥാന്‍ മാതൃക കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുന്നുവെന്നുള്ള പ്രഖ്യാപനവും പിന്നീട് കേട്ടു. ഇതും നല്ല പ്രതീക്ഷക്കാണ് വക നല്‍കുന്നത്. നിത്യേന ഏറ്റവുമധികം ഊര്‍ജം ഉപയോഗിക്കപ്പെടുന്ന സംവിധാനങ്ങളിലൊന്നാണ് ട്രെയിനുകളെന്നതിനാല്‍ സൗരോര്‍ജമുപയോഗിച്ചുള്ള ഊര്‍ജോത്പാദനത്തിന്റെ ഏറ്റവും വലിയ സാധ്യതകളാണ് ജോധ്പൂരില്‍ റെയില്‍വേ തുറന്നത്. ഇത് സൗരോര്‍ജത്തിന്റെ അനന്തസാധ്യതകളാണ് നമ്മുക്ക് മുന്നില്‍ കാട്ടുന്നുവെന്നതില്‍ മറ്റൊരഭിപ്രായമുണ്ടാകാനിടയില്ല.
വൈദ്യുതിക്ഷാമത്തിന് മാത്രമല്ല, ആഗോളതാപനത്തിനു വരെ പരിഹാരമായി കണക്കാക്കുന്ന സൗരോര്‍ജം നാടൊട്ടുക്കും ഉപയോഗിക്കപ്പെടേണ്ടതിന്റെ പ്രാധാന്യം വര്‍ധിച്ചുവന്ന വര്‍ത്തമാന സാഹചര്യമാണ് നിലവിലുള്ളത്. സൗരോര്‍ജത്തോടുതന്നെ ജനങ്ങളില്‍ അവജ്ഞയുണ്ടാക്കുംവിധം കേരളത്തില്‍ സോളാര്‍ തട്ടിപ്പ് കേസ് വലിയ പ്രചാരം നേടിയത് മലയാളികള്‍ക്ക് മറച്ചുവെക്കാനാകില്ലെങ്കിലും പുതിയ സര്‍ക്കാറിന്റെ ആദ്യ ബജറ്റില്‍ സൗരോര്‍ജ ഉപയോഗത്തിന് വലിയ പ്രാധാന്യം നല്‍കിയത് വരും നാളുകളില്‍ നല്ല പ്രതീക്ഷക്കാണ് വക നല്‍കുന്നത്. വൈദ്യുതി ഉപയോഗം അനുദിനം കൂടിവരികയും ഉത്പാദനം കുറയുകയും ചെയ്യുന്നതാണ് കേരളത്തിന്റെ ഇപ്പോഴത്തെതെന്നല്ല, എപ്പോഴത്തെയും അവസ്ഥ. നിലവില്‍ നേരിടുന്ന ഊര്‍ജക്ഷാമത്തിന് പരിഹാരം തേടാതെയിരുന്നാല്‍ നാടിന്റെ ഭാവി ഇരുളിലാകും. സര്‍വരും ഇത് സമ്മതിക്കുന്നതുമാണ്. സൗരോര്‍ജത്തില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതികളാണ് കൂടുതല്‍ അഭികാമ്യമെന്ന് വിലയിരുത്തലുകള്‍ വന്നുകഴിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ സൂര്യതാപ ഉപയോഗത്തിന് കൂടുതല്‍ പരിഗണനല്‍കേണ്ടത്. സര്‍ക്കാര്‍ ഓഫീസുകളില്‍ സൗരോര്‍ജപാനല്‍ സ്ഥാപിച്ച് സൗരോര്‍ജം സമ്പൂര്‍ണമായി ഉപയോഗിക്കുന്ന ആദ്യ സംസ്ഥാനമായി മാറ്റാനുള്ള പദ്ധതികള്‍ക്ക് കേരളം തുടക്കമിടുമ്പോള്‍ സോളാറിന്റെ പേരില്‍ ആരൊക്കെയോ കാട്ടിക്കൂട്ടിയ പേക്കൂത്തുകള്‍ കത്തിച്ചാമ്പലാകാനേ തരമുള്ളൂ.
സൗരോര്‍ജ പാനലുകള്‍ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും മുകളിലും സ്ഥലസൗകര്യം ഉള്ളിടങ്ങളിലും സ്ഥാപിച്ച് വൈദ്യുതി സമാഹരണം നടത്താന്‍ നേരത്തെ കേന്ദ്ര ഊര്‍ജ മിഷന്റെ നിര്‍ദേശം പുറത്തിറങ്ങിയിരുന്നു. ഇത് സംബന്ധിച്ച് കേന്ദ്രമന്ത്രിമാര്‍ക്കും സംസ്ഥാനങ്ങള്‍ക്കും രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ഒട്ടു മിക്ക സംസ്ഥാനങ്ങളും ഇതിനോട് പുറം തിരിഞ്ഞു നിന്നു. 2022 ഓടെ 40,000 മെഗാവാട്ട് സൗരോര്‍ജം ലഭ്യമാക്കുന്നതിന്റെ ഭാഗമായി കൂടിയാണ് ഊര്‍ജമേഖലയിലെ ഗവേഷകര്‍ ഇത്തരത്തിലുള്ള ഒരു നിര്‍ദേശത്തിന് വിത്ത് പാകിയത്. ഇതിനായി എല്ലാ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സ്‌കൂള്‍, കോളജുകള്‍ക്കും അക്കാലത്ത് പ്രത്യേക കത്ത് നല്‍കിയിരുന്നു. സര്‍ക്കാര്‍ കെട്ടിടങ്ങളുടെ മുകളില്‍ വലിയ സൗകര്യമാണ് സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിനായുള്ളത്. ഈ സ്ഥലങ്ങള്‍ പ്രയോജനപ്പെടുത്തിയാല്‍ ആയിരക്കണക്കിന് മെഗാ വാട്ട് സൗരോര്‍ജം ഉണ്ടാക്കാനാകും. പത്ത് ചതുരശ്ര അടി സ്ഥലമാണ് ഒരു സൗരോര്‍ജ പാനല്‍ സ്ഥാപിക്കാന്‍ വേണ്ടതെന്നായിരുന്നു അവരുടെ നിര്‍ദേശം. സൗരോര്‍ജം ഉപയോഗപ്പെടുത്തുന്നതിലൂടെ വൈദ്യുതി ബില്ല് വളരെയേറെ ലാഭിക്കുവാനാകുമെന്നും ദേശീയ സൗരോര്‍ജ മിഷന്‍ കണക്കുകൂട്ടി. സൗരോര്‍ജ പാനല്‍ സ്ഥാപിക്കുന്നതിനുള്ള ചെലവിന്റെ 15 ശതമാനം കേന്ദ്ര സര്‍ക്കാര്‍ സഹായമായി നല്‍കാനും അന്ന് തത്വത്തില്‍ തൂരുമാനമെടുത്തെങ്കിലും അതെല്ലാം ചുവപ്പുനാടക്കടിയില്‍ കിടന്നു. ഘട്ടംഘട്ടമായി വീടുകള്‍, സ്ഥാപനങ്ങള്‍, സര്‍ക്കാര്‍, സാമൂഹിക മേഖലകള്‍ എന്നിങ്ങനെ നാല് കാറ്റഗറിയില്‍ പദ്ധതി നടപ്പിക്കാനും അതില്‍ നിര്‍ദേശിച്ചിരുന്നു. എന്നിട്ടും എവിടെയും സൊരോര്‍ജത്തിന്റെ ഉപയോഗം കാര്യക്ഷമമാക്കാന്‍ നടപടിയുണ്ടായില്ല.
കേരളത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇതിനുള്ള ശ്രമം നടന്നത് വലിയ തട്ടിപ്പിലും വിവാദങ്ങളിലും കൊണ്ടെത്തിക്കുകയും ചെയ്തു. സര്‍ക്കാറിന്റെ കൊള്ളരുതായ്മ പൈങ്കിളി സിനിമാക്കഥ പോലെ കേരളത്തിനു പുറത്തുവര്‍ വരെ കേട്ടു രസിച്ചു. ഇതിനു പിന്‍പറ്റി സര്‍ക്കാറിനെ ശപിച്ച് താഴെയുമിറക്കി. വലിയ വരള്‍ച്ചയും ഊര്‍ജപ്രതിസന്ധിയും ഇത്തവണയും നമ്മുക്ക് മുന്നില്‍ കൊടും ചൂടായെത്തിയപ്പോഴാണ് സൗരോര്‍ജം വീണ്ടും വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചത്.
2015ല്‍ 1784.37 ദശലക്ഷം യൂനിറ്റ് ഉത്പാദിപ്പിക്കാനാവശ്യമായ ജലം സംസ്ഥാനത്തെ സംഭരണികളിലുണ്ടായിരുന്നു. എന്നാല്‍, ഈ വര്‍ഷം 1363.43 ദശലക്ഷം ഉത്പാദിപ്പിക്കാനാവശ്യമായ ജലം മാത്രമേയുള്ളൂവെന്നാണ് കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ വിലയിരുത്തപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ഓരോ ദിവസവും ശരാശരി 20.21 ദശലക്ഷം യൂനിറ്റ് ജലവൈദ്യുത പദ്ധതികളില്‍ നിന്ന് ഉല്‍പ്പാദിപ്പിച്ചിരുന്നുവെങ്കില്‍ ഈ വര്‍ഷമിത് 18 ദശലക്ഷമായാണ് കുറഞ്ഞത്. സംഭരണികളിലേക്ക് ഒഴുകിയെത്തിയ വെള്ളത്തിന്റെ കാര്യത്തില്‍ ഈ വര്‍ഷം വലിയ കുറവാണു ഉണ്ടായി. 2015 ല്‍ ശരാശരി 7.04 ദശലക്ഷം യൂനിറ്റ് ഉത്പാദിപ്പിക്കാനാവശ്യമായ ജലം ദിവസേന സംഭരണികളില്‍ എത്തിയിരുന്നു. എന്നാല്‍ ഈ വര്‍ഷമിത് 2.21 ദശലക്ഷം യൂനിറ്റായി കുറഞ്ഞു. ഇക്കുറി വേനല്‍ കടുത്തു വന്നതോടെ വൈദ്യുതി ഉപയോഗം വര്‍ധിക്കുകയും ഉത്പാദനവും ഉപയോഗവും തമ്മില്‍ വലിയ അന്തരം സൃഷ്ടിക്കപ്പെടുകയും ചെയ്തു. ഇത്തവണ ആവശ്യമായ മഴ പെയ്തില്ലെങ്കില്‍, വലിയ തോതില്‍ ജലം പിടിച്ചു നിര്‍ത്താനായില്ലെങ്കില്‍ അടുത്ത വേനലിനു മുന്‍പ് തന്നെ വൈദ്യുതിക്ഷാമം കടുത്തതായിരിക്കുമെന്ന് വൈദ്യുതി വകുപ്പു തന്നെ വിലയിരുത്തുന്നുണ്ട്.
ജലവൈദ്യുത പദ്ധതികളില്‍ നിന്ന് ഉത്പാദിപ്പിക്കുന്നതിനേക്കാള്‍ മൂന്ന് മടങ്ങ് വൈദ്യുതി അന്യസംസ്ഥാനത്തു നിന്നും വാങ്ങിയാണ് ഇപ്പോള്‍ നാം സകല ആവശ്യങ്ങള്‍ക്കുമായി ചെലവിടുന്നത്. മഴക്കാലത്തു പോലും ചൂടു കൂടുന്ന പ്രവണത അടുത്ത കാലത്തായി കേരളത്തിന്റെ കാലാവസ്ഥയില്‍ സൃഷ്ടിക്കപ്പെടുന്നുണ്ടെന്നത് നമ്മുക്ക് ബോധ്യമുണ്ട്. സംസ്ഥാനത്ത് മറ്റു ഊര്‍ജ മേഖലകളേക്കാള്‍ ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കുന്നത് ജല വൈദ്യുതിയാണ്. താപവൈദ്യുതിക്ക് ഉയര്‍ന്ന ഉത്പാദനച്ചെലവായതിനാല്‍ 1.09 ദശലക്ഷം യൂനിറ്റ് മാത്രമേ താപവൈദ്യുത നിലയങ്ങളില്‍ ഇപ്പോള്‍ ഓരോ ദിവസവും ഉത്പാദിപ്പിക്കുന്നുള്ളൂ. സൗരോര്‍ജത്തില്‍ നിന്നും 0.0596 ദശലക്ഷം മാത്രമാണ് ലഭിക്കുന്നത്. കാറ്റില്‍ നിന്നാകട്ടെ 0.0021 ദശലക്ഷമാണ് ഉത്പാദിപ്പിക്കുന്നത്. ബാക്കി ഓരോ ദിവസവും ആവശ്യമായ വൈദ്യുതി കേരളത്തിന് പുറത്തുള്ള വ്യാപാരികളില്‍ നിന്നും വലിയ വില നല്‍കിയാണ് വാങ്ങുന്നതെന്ന് ഏത് കൊച്ചു കുട്ടിക്കു പോലും അറിയാവുന്ന കാര്യവുമാണ്. അന്യസംസ്ഥാനത്തു നിന്നും ആവശ്യാനുസരണം വൈദ്യുതി ലഭിക്കുന്നുണ്ടെങ്കിലും നിരക്ക് വര്‍ധനയായി ജനങ്ങളുടെ മേല്‍ എപ്പോള്‍ വേണമെങ്കിലും അത് വന്ന് ചേരുമെന്ന് സാധാരണക്കാര്‍ക്കു പോലും അറിയുകയും ചെയ്യാം.
മനുഷ്യ വംശം അതിന്റെ ഊര്‍ജം നേടുന്നത് പ്രകൃതിയില്‍ നിന്നാണ്. ശാസ്ത്രം കണ്ടെത്തിയ കാര്യങ്ങളെ ഗുണകരമായി മാറ്റേണ്ടതിനു പകരം പലപ്പോഴും കച്ചവട താത്പര്യത്തിന്റെയും ലാഭക്കൊതിയുടെയും ഇടയില്‍ മനുഷ്യന്റെ തന്നെ നാശത്തിലേക്ക് നയിക്കുന്ന തരത്തില്‍ നീങ്ങിയതിന്റെ ഫലമായി നിരവധി ദുരന്തങ്ങള്‍ നമ്മുക്കു മുന്നിലുണ്ട്. വലിയ അണക്കെട്ടുകളില്‍ നിന്ന് പ്രതീക്ഷിച്ച വൈദ്യുതി ലഭിക്കാതെ വന്നതും അനേകായിരം വര്‍ഷങ്ങള്‍ കൊണ്ട് രൂപം കൊണ്ട വനസ്ഥലി ഇതിനായി നശിപ്പിക്കപ്പെട്ടതിന്റെ പരിണിതഫലങ്ങളും പലരൂപത്തിലും ഭാവത്തിലും നാം കണ്ടു കഴിഞ്ഞിരുന്നു. ആണവോര്‍ജം പോലുള്ള ലോകത്തിന് സമ്മാനിച്ച ദുരന്തങ്ങളുടെ ബാക്കിപത്രം ഇന്നും നമ്മുക്ക് മുന്ന ില്‍ മായാതെ കിടപ്പുണ്ട്. പരിസ്ഥിതിയുടെ സംതുലിതാവസ്ഥയെ തകര്‍ക്കാത്തയായിരിക്കണം നമ്മുടെ ഊര്‍ജ ഉത്പാദനമെന്നത് അതു കൊണ്ട് തന്നെ ലോകം ചിന്തിക്കുന്ന പല രാജ്യങ്ങളും പ്രയോഗത്തില്‍ വരുത്തുന്ന കാര്യങ്ങാളാണ്. ഹരിത സമ്പദ്‌വ്യവസ്ഥയുടെ ഒന്നാമത്തെ ആശയം സൗരോര്‍ജം, ജൈവ ഇന്ധനങ്ങള്‍, കാറ്റില്‍ നിന്നുള്ള ഊര്‍ജോത്പാദനം എന്നിവയെ ആശ്രയിച്ചുള്ള ഒരു ജീവിതശൈലി രൂപപ്പെടണമെന്നതാണെന്ന് ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളും ആലോചിക്കുന്നത്. (തുടരും)