‘ദളിതരായി പിറന്നത് ഒരു കുറ്റമാണോ..?’

Posted on: July 22, 2016 11:59 pm | Last updated: July 22, 2016 at 11:59 pm
SHARE

gujarath dalithഅഹമ്മദാബാദ്: ഉനയിലെ ദളിതര്‍ക്ക് നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്നുണ്ടായ പ്രക്ഷോഭങ്ങള്‍ ആശങ്കാജനകമായ രീതിയിലേക്ക് മാറുന്നു. അധികാരികളുടെ കണ്ണു തുറപ്പിക്കുന്നത് വരെ ആത്മഹത്യയടക്കമുള്ള പ്രതിഷേധ മാര്‍ഗങ്ങളുമായി മുന്നോട്ടുപോകുമെന്നാണ് ദളിത് കൂട്ടായ്മകള്‍ വ്യക്തമാക്കുന്നത്. രാജ്യത്തിന്റെ കുടുതല്‍ ഭാഗങ്ങളിലേക്ക് പ്രക്ഷോഭം പടരുന്നത് കേന്ദ്ര സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കുകയാണ്. ആത്മഹത്യക്ക് വേണ്ടി ദാഹിക്കുന്ന വിഭാഗമായി ഗുജറാത്തിലെ ദളിതര്‍ മാറിയിട്ടുണ്ടെന്നാണ് പ്രക്ഷോഭങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. കലക്ടറ്റേറ്റിന് മുമ്പിലും മറ്റും ചത്ത പശുക്കളുമായും മറ്റും ദളിതര്‍ പ്രകടനം നടത്തിയിട്ടുണ്ട്. ഇതില്‍ ആത്മഹത്യാ ശ്രമമാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാറിനെയും നിയമപാലകരെയും പ്രതിസന്ധിയിലേക്കുന്നത്.
ഇതിനിടെ, അത്മഹത്യാ ശ്രമം നടത്തിയ 18 പേരില്‍ ഒരാളായ ബോട്ടഡ് ജില്ലയിലെ ദളിത് തൊഴിലാളി പരേഷ്ഭായ് ദയാഭായ് റാത്തോഡ് എഴുതിയ ആത്മഹത്യ കുറിപ്പ് ദേശീയ തലത്തില്‍ വരെ ചര്‍ച്ചയായികൊണ്ടിരിക്കുകയാണ്. ശരീരത്തിന്റെ 40 ശതമാനം ഭാഗങ്ങളിലും പൊള്ളലേറ്റ പരേഷ്ഭായി ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല. ഉനയിലെ ആക്രമണത്തില്‍ അധികൃതര്‍ നടപടി സ്വീകരിക്കാത്തതും താനും തന്റെ കുടുംബവും നിരന്തരം ഉയര്‍ന്ന ജാതിയില്‍ നിന്ന് ആക്രമണം നേരിട്ടുകൊണ്ടിരിക്കുന്നതും പരേഷ്ഭായിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു.
‘അടുത്തിടെ, ഉനയിലെ നാല് ദളിത് യുവാക്കള്‍ ക്രൂരമായ ആക്രമണത്തിന് വിധേയരായി. ഇതേതുടര്‍ന്ന് എന്റെ 15 ദളിത് സഹോദരന്മാര്‍ ആത്മഹത്യക്ക് ശ്രമിച്ചു. ഇതില്‍ ഒരാള്‍ മരണപ്പെട്ടു. ഇതെല്ലാം സംഭവിച്ചത് സര്‍ക്കാറിന്റെ അനാസ്ഥമൂലമാണ്. ഇന്ന്(ജൂലൈ 20, 2016) ഞാന്‍ ബോട്ടഡ് ജില്ലാ കലക്ടറേറ്റിന് മുന്നില്‍ ആത്മഹത്യ ചെയ്യുകയാണ്. ഇതിനുത്തരവാദി സംസ്ഥാന സര്‍ക്കാരാണ്’. പരേഷ്ഭായിയുടെ റാത്തോഡിന്റെ ആത്മഹത്യാ കുറിപ്പിലെ വാക്കുകളാണിത്. ദരിദ്രരായും താഴ്ന്ന ജാതിക്കാരുമായി പിറന്നത് തങ്ങളുടെ തെറ്റാണോയെന്ന് പരോഷിന്റെ ഭാര്യ ചോദിക്കുന്നു.
ആത്മഹത്യാ ശ്രമം നടത്തി അപകട നില തരണം ചെയ്തവര്‍ തങ്ങള്‍ ചെയ്ത പ്രതിഷേധ നടപടിയില്‍ അഭിമാനിക്കുകയാണ്. രാജ്യത്ത് ഇത്തരത്തില്‍ പ്രക്ഷോഭം പടരാന്‍ തങ്ങളുടെ ആത്മഹത്യാ ശ്രമം കാരണമായതില്‍ സന്തോഷമുണ്ടെന്ന് അവര്‍ പറയുന്നു.