Connect with us

National

ദളിതര്‍ക്കെതിരായ ആക്രമണം: ഗുജറാത്തില്‍ അഞ്ച് മടങ്ങ് വര്‍ധിച്ചു

Published

|

Last Updated

അഹമ്മദാബാദ്: ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ദളിതര്‍ക്കെതിരായ ആക്രമണം വര്‍ധിക്കുന്നതായി ദേശീയ പട്ടിക ജാതി കമ്മീഷന്റെ റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മനാടായ ഗുജറാത്തില്‍ ദളിതര്‍ക്കെതിരായ ആക്രമണം അഞ്ച് മടങ്ങ് വര്‍ധിച്ചതായി കേന്ദ്ര സാമൂഹിക ക്ഷേമ മന്ത്രി താവര്‍ ചന്ദ്രഗലോട്ട് പങ്കെടുത്ത യോഗത്തില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ദളിത് കേന്ദ്രത്തില്‍ ബി ജെ പി അധികാരത്തിലേറിയതിന് പിന്നാലെ 2015ല്‍ ദളിതര്‍ക്കും മുസ്‌ലിം, പിന്നാക്ക വിഭാഗക്കാര്‍ക്കും എതിരെ വ്യാപകമായ ആക്രമണങ്ങളാണ് രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നതെന്ന റിപ്പോര്‍ട്ടുകള്‍ക്ക് ബലം നല്‍കുന്നതാണ് കമ്മീഷന്റെ പുതിയ വെളിപ്പെടുത്തല്‍.
ചത്ത പശുവിന്റെ തോലുരിഞ്ഞതിന്റെ പേരില്‍ നാല് ദളിത് യൂവാക്കളെ അതിക്രൂരമായി ആക്രമിച്ച സംഭവത്തില്‍ ഗുജറാത്തിലും മറ്റു സംസ്ഥാനങ്ങളിലും അസാധാരണമായ ദളിത് രോഷം ഉയരുന്നതിനിടയിലാണ് ഞെട്ടിക്കുന്ന കണക്കുകള്‍ കമ്മീഷന്‍ പുറത്തുവിട്ടത്.
കഴിഞ്ഞ വര്‍ഷം ഗുജറാത്തില്‍ മാത്രം 6,655 കേസുകളാണ് ദളിതര്‍ക്കെതിരായ ആക്രമണവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്തത്. 2014ല്‍ കേവലം 1,130 കേസുകള്‍ മാത്രമായിരുന്നു ഗുജറാത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. ദളിതര്‍ക്കെതിരായ ആക്രമണങ്ങളില്‍ ബി ജെ പി ഭരിക്കുന്ന ഛത്തീസ്ഗഢില്‍ മൂന്ന് ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. 2014ല്‍ ഇവിടെ 1,160 ആക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നതെങ്കില്‍ കഴിഞ്ഞ വര്‍ഷമത് 3,000 കടന്നതായി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യാത്ത നിരവധി സംഭവങ്ങള്‍ സംസ്ഥാനത്തിന്റെ ഉള്‍പ്രദേശങ്ങളില്‍ നടക്കുന്നുമുണ്ട്. രജിസ്റ്റര്‍ ചെയ്യുന്ന ആക്രമണങ്ങളേക്കാള്‍ ചെയ്യാത്തവയാണുള്ളതെന്ന് ദളിത് സംഘനകള്‍ വ്യക്തമാക്കുന്നു. രാഷ്ട്രീയ സമ്മര്‍ദവും ഉയര്‍ന്ന ജാതിക്കാരില്‍ നിന്നുള്ള ഭീഷണിയും മൂലം നിരവധി കേസുകള്‍ അട്ടിമറിക്കപ്പെടുന്നുണ്ട്.
ഗുജറാത്തില്‍ ഒരുലക്ഷം ദളിത് ജനസംഖ്യയില്‍ 163 അതിക്രമങ്ങള്‍ നടക്കുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ബീഹാറില്‍ ഇത് കേവലം 43 മാത്രമണ്. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ആക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ഉത്തര്‍പ്രദേശിലാണ്. 8,946 കേസുകളായിരുന്നു ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്.

---- facebook comment plugin here -----

Latest