ഐഎഎസുകാര്‍ കാറിലെ കൊടി നീക്കണമെന്ന നിലപാടില്‍ ഉറച്ച് ഗതാഗത കമ്മീഷണര്‍

Posted on: July 22, 2016 11:50 pm | Last updated: July 22, 2016 at 11:50 pm
SHARE

തിരുവനന്തപുരം: ഐ എ എസ് ഉദ്യോഗസ്ഥരുടെ കാറിലെ കൊടി മാറ്റണമെന്ന നിര്‍ദേശത്തില്‍ ഉറച്ച് ഗതാഗത കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരി. ഇതിനെതിരെ എന്ത് എതിര്‍പ്പ് ഉയര്‍ത്തിയിട്ടും കാര്യമില്ലെന്ന് വ്യക്തമാക്കിയ തച്ചങ്കരി ഹൈക്കോടതിയിലെ ഗവണ്‍മെന്റ് പ്ലീഡര്‍മാരടക്കമുള്ള ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ കാറില്‍ വെച്ചിട്ടുള്ള ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് അഡ്വക്കറ്റ് ജനറലിന് കത്തും നല്‍കി.
ഗവണ്‍മെന്റ് പ്ലീഡര്‍മാരില്‍ പലരും ഹൈകോര്‍ട്ട്, കേരള സ്റ്റേറ്റ് ബോര്‍ഡുകള്‍ വെച്ചിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ചുരുക്കം ചിലര്‍ ബീക്കണ്‍ ലൈറ്റും. ഇത്തരം ബോര്‍ഡുകള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വക്കറ്റ് ജനറലിന് നിര്‍ദേശം നല്‍കിയ കമ്മീഷണര്‍, കാറില്‍ വെക്കാവുന്ന ബോര്‍ഡിന്റ മാതൃകയും കൈമാറി. ബോര്‍ഡിന്റെ വലുപ്പം, നിറം, അക്ഷരങ്ങളുടെ കനം എന്നിവയും ഇതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, കൊടി മാറ്റണമെന്ന ഗതാഗത കമ്മീഷണറുടെ നിര്‍ദേശം അംഗീകരിക്കാനാകില്ലെന്നാണ് ഒരുവിഭാഗം ഐ എ എസ് ഉദ്യോഗസ്ഥരുടെ നിലപാട്. പാലിക്കണമെങ്കില്‍ സര്‍ക്കാര്‍ പ്രത്യേക ഉത്തരവിറക്കട്ടെയെന്നും ഇവര്‍ പറയുന്നു.
ആദ്യം നിയമവശങ്ങള്‍ പരിശോധിക്കട്ടെ എന്നിട്ട് നിര്‍ദേശം പാലിക്കുന്നതിനെക്കുറിച്ച് ആലോചിക്കാം എന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രതികരണം.
ഗതാഗത കമ്മീഷണറുടെ നിര്‍ദേശത്തിനെതിരെ എതിര്‍പ്പുയര്‍ന്നതോടെ മുഖ്യമന്ത്രിയുടെയും വകുപ്പ് മന്ത്രിമാരുടെയും നിലപാടായിരിക്കും ഇക്കാര്യത്തില്‍ നിര്‍ണായകമാകുക.