സ്റ്റാര്‍ട്ട് അപ്പ് വില്ലേജ് ഇന്ത്യയിലെ ഏറ്റവും മികച്ച സ്റ്റാര്‍ട്ട് അപ്പ് ഇന്‍കുബേറ്റര്‍

Posted on: July 22, 2016 11:45 pm | Last updated: July 22, 2016 at 11:45 pm
SHARE

startupകൊച്ചി: ലോകത്തിലെ ആദ്യ സ്റ്റുഡന്റ് ഡിജിറ്റല്‍ ഇന്‍കുബേറ്ററായ എസ് വി.കോ ആയി ഈയിടെ മാറിയ കൊച്ചി സ്റ്റാര്‍ട്ടപ് വില്ലേജിനെ ഇന്ത്യയിലെ ഏറ്റവും മികച്ച സ്റ്റാര്‍ട്ട് അപ്പ് ഇന്‍കുബേറ്ററായി ‘ഓന്‍ട്രപ്രെന്യൂര്‍’ മാസിക തിരഞ്ഞെടുത്തു. ഓന്‍ട്രപ്രെന്യൂര്‍ നൂറ് മികച്ച സ്റ്റാര്‍ട്ട് അപ്പ് ഇന്‍കുബേറ്ററുടെ പട്ടിക തയാറാക്കിയപ്പോഴാണ് സ്റ്റാര്‍ട്ട് അപ്പ് വില്ലേജ് ഒന്നാമതെത്തിയത്.
ഗ്രാഡ്വേറ്റ് ചെയ്ത സ്റ്റാര്‍ട്ട് അപ്പ് സ്ഥാപനങ്ങള്‍, ധനസമാഹരണം, ഓഹരിനിക്ഷേപം, സ്റ്റാര്‍ട്ടപ് കാലയളവ് എന്നിവ മാനദണ്ഡങ്ങളാക്കിയാണ് തിരഞ്ഞെടുപ്പ് നടത്തിയത്. ലോകനിലവാരത്തിലുള്ള വിദ്യാര്‍ഥി സംരംഭക അന്തരീക്ഷം ഇന്ത്യയില്‍ സൃഷ്ടിച്ചെടുക്കാനുള്ള എസ് വി.കോയുടെ പരിശ്രമങ്ങള്‍ക്കിടെയാണ് ഈ പുരസ്‌കാരം. വിദ്യാര്‍ഥികള്‍ക്ക് മികച്ച സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങുന്നതിന് സഹായിക്കാനായി എസ്‌വി.കോ പങ്കാളികളെ കണ്ടെത്താനുള്ള ശ്രമം തുടങ്ങി.
പൊതുസ്വകാര്യ പങ്കാളിത്തത്തില്‍ തുടങ്ങിയ ഇന്ത്യയിലെ ആദ്യ ടെക്‌നോളജി ബിസിനസ് ഇന്‍കുബേറ്ററായ സ്റ്റാര്‍ട്ടപ് വില്ലേജിന് പൊതു-സ്വകാര്യ മേഖലകളില്‍നിന്ന് നിരവധി സ്ഥാപനങ്ങളുടെ പിന്തുണ ലഭിച്ചിരുന്നു. രാജ്യത്തെ എന്‍ജിനീയറിംഗ് കോളജുകളിലെ 50 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് മികച്ച സ്റ്റാര്‍ട്ടപ് അന്തരീക്ഷം നല്‍കുന്നതിനുള്ള പങ്കാളികളെ കണ്ടെത്തുകയാണ് എസ്‌വി.കോയുടെ ലക്ഷ്യമെന്ന് സ്റ്റാര്‍ട്ടപ് വില്ലേജ് ചെയര്‍മാന്‍ സഞ്ജയ് വിജയകുമാര്‍ പറഞ്ഞു. ഓല, ഫ്രീചാര്‍ജ്, ഫ്രഷ് ഡെസ്‌ക്, സിട്രസ് പേ തുടങ്ങിയ ഇന്ത്യയിലെ മികച്ച സ്റ്റാര്‍ട്ടപ്പുകള്‍ ഇതിനോടകം എസ്‌വി.കോയിലെ സംരംഭങ്ങള്‍ക്ക് പിന്തുണയുമായി എത്തിക്കഴിഞ്ഞു.
കഴിഞ്ഞയാഴ്ചയാണ് സ്റ്റാര്‍ട്ടപ് വില്ലേജിന്റെ രണ്ടാംഘട്ടമെന്ന നിലയില്‍ എസ്‌വി.കോ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തത്. ഈ ഇന്‍കുബേറ്ററിലെ പ്രവേശനവും, പ്രവര്‍ത്തനവും മാര്‍ഗദര്‍ശനവും യോഗ്യതാ നിര്‍ണയവുമെല്ലാം ഡിജിറ്റല്‍ ആയാണ് ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം മികച്ച ടെക്‌നോളജി ബിസിനസ് ഇന്‍കുബേറ്ററിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ അവാര്‍ഡ് സ്റ്റാര്‍ട്ടപ് വില്ലേജിന് ലഭിച്ചിരുന്നു. കേരള സ്റ്റാര്‍ട്ടപ് മിഷന്‍, മദ്രാസ് ഐ ഐ ടി , ബോംബെ ഐ ഐ ടി, ബെംഗളൂരു, അഹമ്മദാബാദ് ഐ ഐ എമ്മുകള്‍, ഐ ഐഐടി ഹൈദരാബാദ്, ബിറ്റ്‌സ് പിലാനി എന്നിവയടങ്ങിയ പട്ടികയിലാണ് സ്റ്റാര്‍ട്ടപ് വില്ലേജ് ഒന്നാമതെത്തിയത്.
നൂറു മികച്ച സ്റ്റാര്‍ട്ടപ്പുകളെ കണ്ടെത്തി ഉത്പന്നങ്ങള്‍ സൃഷ്ടിക്കാനുള്ള ആറ് മാസത്തെ പരിശീലനത്തിനും തുടര്‍ന്ന് ഈ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അമേരിക്കയിലെ സിലിക്കണ്‍വാലിയില്‍ ഒരാഴ്ചത്തെ പരിശീലനത്തിനും എസ്‌വി.കോ അപേക്ഷ ക്ഷണിച്ചു http-s://www.sv.co/apply യിലാണ് അപേക്ഷ നല്‍കേണ്ടത്.