അഭിഭാഷക അക്രമം: ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

Posted on: July 22, 2016 11:42 pm | Last updated: July 22, 2016 at 11:42 pm
SHARE

MEDIA2തിരുവനന്തപുരം: വഞ്ചിയൂര്‍ ജില്ലാ കോടതിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായി അഭിഭാഷകര്‍ നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് പോലീസ് ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മാധ്യമ പ്രവര്‍ത്തകരുടെ പരാതിയില്‍ രണ്ട് കേസുകളും വക്കീല്‍ ഗുമസ്തന്‍ ശബരി ഗിരീഷ്, അഭിഭാഷക കൃഷ്ണകുമാരി എന്നിവരുടെ പരാതിയിലുമാണ് കേസുകള്‍. പ്രശ്‌നപരിഹാരത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് അനുരഞ്ജന യോഗം വളിച്ചിട്ടുണ്ട്. എറണാകുളം ഗസ്റ്റ്ഹൗസില്‍ ഉച്ചക്ക് പന്ത്രണ്ടിനാണ് യോഗം.
അതേസമയം, പ്രശ്‌നം പരിഹരിച്ചതായി സുപ്രീം കോടതി നിര്‍ദേശം അനുസരിച്ച് തിരുവനന്തപുരത്ത് തെളിവെടുപ്പിനെത്തിയ ഹൈക്കോടതി ജഡ്ജിമാര്‍ അറിയിച്ചു. ജില്ലയില്‍ മാധ്യമ- അഭിഭാഷക പ്രതിനിധികളെ ഉള്‍പ്പെടുത്തി മീഡിയ ഫ്രണ്ട്‌ലി സമിതി രൂപവത്കരിക്കാനും ധാരണയായി. ജില്ലാ ജഡ്ജിയുടെ അധ്യക്ഷതയിലുള്ള സമിതിയില്‍ മാധ്യമ പ്രതിനിധികള്‍, ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍, ക്ലാര്‍ക്ക് അസോസിയേഷന്‍ പ്രതിനിധികള്‍, വനിതാ പ്രതിനിധികള്‍ എന്നിവര്‍ അംഗങ്ങളാകും. കോടതിയുടെ സുഗമമായ നടത്തിപ്പിനായി പ്രവര്‍ത്തിക്കുന്ന സ്ഥിരം സമിതിയായിരിക്കും രൂപവത്കരിക്കുകയെന്നും ജഡ്ജിമാര്‍ വ്യക്തമാക്കി.
സുപ്രീം കോടതി ജഡ്ജി കുര്യന്‍ ജോസഫിന്റെ നിര്‍ദേശം അനുസരിച്ച് ഹൈക്കോടതി ജഡ്ജിമാരായ പി എല്‍ രവീന്ദ്രനാഥും പി ആര്‍ രാമചന്ദ്രന്‍ നായരുമാണ് തിരുവനന്തപുരത്ത് തെളിവെടുപ്പിനെത്തിയത്. കോടതിയിലെ റിപ്പോര്‍ട്ടിംഗുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഈ സമിതിയായിരിക്കും പരിശോധിച്ച് പരിഹാരം കണ്ടെത്തുക. ഇന്ന് മുതല്‍ കോടതികളുടെ പ്രവര്‍ത്തനം പുനരാരംഭിക്കാനും ജഡ്ജിമാരുടെ സമിതി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി.
വഞ്ചിയൂര്‍ ജില്ലാ കോടതിയിലെ അടച്ചുപൂട്ടിയ മീഡിയ റൂം തുറക്കും. വഞ്ചിയൂര്‍ കോടതി വളപ്പില്‍ ഇതുവരെ നടന്ന സംഭവങ്ങള്‍ കൂടുതല്‍ വഷളാക്കാതെ മുന്നോട്ടുകൊണ്ടുപോകണമെന്ന നിര്‍ദേശമാണ് ജഡ്ജിമാര്‍ മുന്നോട്ടുവച്ചത്. കേസുകള്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കും. ഇരുകൂട്ടര്‍ക്കുമെതിരെ പോലീസ് കേസെടുത്തിരിക്കുന്ന സാഹചര്യത്തില്‍ ചര്‍ച്ചകള്‍ക്കുശേഷമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. ആക്രമണത്തില്‍ പരുക്കേറ്റവരുമായി ആലോചിച്ച ശേഷം തീരുമാനം അറിയിക്കാമെന്ന് യൂനിയന്‍ ഭാരവാഹികള്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി.
കേസുകള്‍ അനുരഞ്ജന മാര്‍ഗത്തിലൂടെ പരിഹരിക്കാന്‍ പോലീസ് ശ്രമിക്കുമെന്ന് ജഡ്ജിമാര്‍ ഉറപ്പ് നല്‍കിയതായി പത്രപ്രവര്‍ത്തക യൂനിയന്‍ ഭാരവാഹികള്‍ അറിയിച്ചു. കോടതി റിപ്പോര്‍ട്ടിംഗിനെത്തുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് യാതൊരു തടസ്സങ്ങളുമുണ്ടാകില്ലെന്ന് ജഡ്ജിമാരുടെ സമിതി മാധ്യമ പ്രവര്‍ത്തകരുടെ സംഘത്തിന് ഉറപ്പ് നല്‍കി. അതേസമയം, അഭിഭാഷകര്‍ക്കെതിരെ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യക്കും ബാര്‍ കൗണ്‍സിലിനും പരാതി നല്‍കുമെന്ന് പത്രപ്രവര്‍ത്തക യൂനിയന്‍ അറിയിച്ചു. രാവിലെ ജില്ലാ കോടതിയിലെത്തിയ ജഡ്ജിമാര്‍ പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി വി ഷെര്‍സിയുടെ അധ്യക്ഷതയില്‍ അഭിഭാഷകരുമായും ബാര്‍ അസോസിയേഷന്‍ പ്രതിനിധികളുമായും സംസാരിച്ചു.