സ്വകാര്യ ഹജ്ജ് ക്വാട്ട: കേരളത്തിന് 5,422 സീറ്റ്

Posted on: July 22, 2016 11:39 pm | Last updated: July 22, 2016 at 11:39 pm
SHARE

hajj 2016ന്യൂഡല്‍ഹി: സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ക്ക് അനുവദിച്ചിട്ടുള്ള ഹജ്ജ് ക്വാട്ട വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടു. 36,000 ക്വാട്ടയാണ് ഈ വര്‍ഷം ആകെ വിതരണം ചെയ്യുന്നത്. ഇതില്‍ നിന്ന് കേരളത്തിലെ ഹജ്ജ് ഗ്രൂപ്പുകള്‍ക്ക് 5,422 ക്വാട്ട ലഭിച്ചു. ഇതിനു പുറമെ കേരളത്തിനു പുറത്തുള്ള മലയാളി ഹജ്ജ് ഗ്രൂപ്പുകള്‍ക്ക് മൂവായിരം ക്വാട്ടയും ലഭിച്ചു. ഏഴ് വര്‍ഷവും അതില്‍ കൂടുതലും ഹജ്ജ് ലൈസന്‍സ് ലഭിച്ചവരെ ഒന്നാം കാറ്റഗറിയിലും അല്ലാത്ത ഗ്രൂപ്പുകളെ രണ്ടാം കാറ്റഗറിയായും നിശ്ചയിച്ചാണ് ക്വാട്ട വിതരണം ചെയ്യുന്നത്.
ഒന്നാം കാറ്റഗറിയില്‍പ്പെട്ടവര്‍ക്ക് മൊത്തം ക്വാട്ടയുടെ എഴുപത് ശതമാനമാണ് മാറ്റിവെച്ചത്. രണ്ടാം ഗ്രൂപ്പിലുള്ളവര്‍ക്ക് മുപ്പത് ശതമാനം ക്വാട്ടയാണ് നല്‍കുന്നത്. രണ്ടാം കാറ്റഗറിയില്‍ കഴിഞ്ഞ വര്‍ഷം യോഗ്യരായിരുന്നിട്ടും ക്വാട്ട ലഭിക്കാത്ത 144 പേരില്‍ 129 ഗ്രൂപ്പുകള്‍ക്ക് നറുക്കെടുപ്പില്ലാതെയും ശേഷിക്കുന്ന ഗ്രൂപ്പുകളില്‍ നിന്ന് 87 പേര്‍ക്ക് നറുക്കെടുപ്പിലൂടെയും ക്വാട്ട നല്‍കി.