ഖത്വര്‍ യുവാക്കളുടെ മോചനത്തിന് വീണ്ടും അറബ് ലീഗ് പ്രമേയം

Posted on: July 22, 2016 6:14 pm | Last updated: July 22, 2016 at 6:14 pm
SHARE

2000px-Emblem_of_the_Arab_Leagueദോഹ: ഇറാഖില്‍ തട്ടിക്കൊണ്ടു പോകപ്പെട്ട ഖത്വരി യുവാക്കളുടെ മോചനം ആവശ്യപ്പെട്ട് വീണ്ടും അറബ് ലീഗ് പ്രമേയം. യുവാക്കളുടെ മോചനത്തിനായുള്ള പരിശ്രമങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച അറബ്‌ലീഗ് സമ്മേളനം മോചനശ്രമം ത്വരിതപ്പെടുത്താന്‍ ഇറാഖിനോടും ആവശ്യപ്പെട്ടു. അറബ് ലീഗ് ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ അഹ്മദ് ബിന്‍ ഹീലിയാണ് പ്രസ്താവന നടത്തിയത്.
കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ഇറാഖില്‍ വേട്ടക്കു പോയ ഖത്വര്‍ സംഘത്തിലെ യുവാക്കളെ ആയുധധാരികളായ സംഘം തട്ടിക്കൊണ്ടുപോയി ബന്ദികളാക്കിയത്. ഇവരില്‍ രണ്ടു പേരെ ഏപ്രില്‍ ആദ്യവാരം മോചിപ്പിച്ചിരുന്നു. ഒരു ഖത്വരി പൗരനും ഇയാളുടെ കൂടെയുണ്ടായിരുന്ന ഏഷ്യക്കാരനുമാണ് മോചിതരായത്. ബാക്കിയുള്ളവരുടെ മോചനത്തിനായി ശ്രമം നടന്നുവരികയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നുവെങ്കിലും ഇതുവരെ യാഥാര്‍ഥ്യമായില്ല.
സഊദി അറേബ്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന ഇറാഖി മരുഭൂമിയിലെ ക്യാംപില്‍ നിന്നാണ് 28 പേരടങ്ങിയ ഖത്വരി വേട്ട സംഘത്തെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയത്. സംഘത്തിലെ ഒമ്പതു പേര്‍ രക്ഷപ്പെട്ട് അതിര്‍ത്തി കടന്ന് കുവൈത്തിലെത്തിയിരുന്നു. ഇവരില്‍ ഏഴ് പേര്‍ ഖത്വരികളും ഓരോ സഊദി, കുവൈത്ത് പൗരന്മാരുമായിരുന്നു. പൗരന്മാരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി അതീവജാഗ്രത പാലിക്കുന്നുവെന്നും ബാക്കിയുള്ളവരുടെ മോചനത്തിനായി എല്ലാ ശ്രമങ്ങളും നടത്താന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയവും അറിയിച്ചിരുന്നു.
ഏപ്രില്‍ ഖത്വരി പൗരനൊപ്പം മോചിതനായ ഏഷ്യന്‍ വംശജന്‍ പാകിസ്ഥാനിയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തട്ടിക്കൊണ്ടുപോയി മാസങ്ങള്‍ പിന്നിട്ടിട്ടും സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഒരു ഗ്രൂപ്പും രംഗത്തു വന്നിട്ടില്ല. സായുധ മിലിഷ്യകളുടെ മേഖലയില്‍ നിന്നാണ് തട്ടിക്കൊണ്ടുപോയതെന്നാണ് രിപ്പോര്‍ട്ടുകള്‍. സമാവ മരുഭൂമിയിലെ ബുസായ പ്രദേശത്തെ ക്യാമ്പില്‍ വെച്ച് നൂറോളം പേരടങ്ങിയ സായുധ സംഘമാണ് തട്ടിക്കൊണ്ടുപോയതെന്നായിരുന്നു അന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇറാഖിലെ തെക്കന്‍ മരുഭൂമിയില്‍ ശൈത്യകാലത്ത് വേട്ടക്ക് പോകല്‍ ഗള്‍ഫ് യാത്രികര്‍ക്കിടയില്‍ സാധാരണയാണ്. അപൂര്‍വ ഇരകളെ ലഭിക്കാനാണിത്. ദോഹയിലെ ഇറാഖ് എംബസി വഴി വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി നേടിയ ശേഷമാണ് പൗരന്‍മാര്‍ ഹണ്ടിംഗ് ട്രിപ്പ് പോയത്.
തട്ടിക്കൊണ്ടുപോകല്‍ വാര്‍ത്ത വന്നയുടന്‍ വിദേശകാര്യ സഹമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ റുമൈഹി, ഇറാഖിലെ ഖത്വര്‍ അംബാസിഡര്‍ സായിദ് ബിന്‍ സഈദ് എന്നിവരെ പൗരന്‍മാരുടെ മോചനത്തിനുള്ള ശ്രമങ്ങള്‍ക്കായി ഗവണ്‍മെന്റ് ചുമതലപ്പെടുത്തിയിരുന്നു. ഖത്വര്‍ പൗരന്മാരുടെ മോചനത്തിന് ഇറാഖി ഭരണകൂടത്തിന് ഉത്തരവാദിത്തമുണ്ടെന്ന് ജി സി സി, അറബ് ലീഗ് തുടങ്ങിയ സംഘടനകളും യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണും നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.