Connect with us

Gulf

തുര്‍ക്കി സര്‍ക്കാറിനെ പിന്തുണച്ച് ഖത്വറിലും ഐക്യദാര്‍ഢ്യ സംഗമം

Published

|

Last Updated

ദോഹ: കഴിഞ്ഞ ദിവസം തുര്‍ക്കിയിലെ ഒരു വിഭാഗം പട്ടാളക്കാര്‍ നടത്തിയ ഭരണ അട്ടിമറി ശ്രമത്തില്‍ പ്രതിഷേധിച്ചും സര്‍ക്കാറിനും ജനങ്ങള്‍ക്കും ഐക്യദാര്‍ഢ്യം അറിയിച്ചും ഖത്വറിലെ തുര്‍ക്കി സമൂഹം സംഗമിച്ചു. ഒരേ ഹൃദയം, ഒരേ വികാരം, ഒരേ നിലപാട് എന്ന സന്ദേശത്തിലാണ് ഖത്വരി പ്രമുഖരുടെ പങ്കാളിത്തത്തോടെ ഡിപ്ലോമാറ്റിക് ക്ലബ്ബില്‍ കഴിഞ്ഞ ദിവസം സംഗമം നടന്നത്.
തുര്‍ക്കി അംബാസഡര്‍ അഹ്മദ് ദിമുറൂഖ് സംഗമത്തില്‍ സംസാരിച്ചു. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന് ഐക്യദാര്‍ഢ്യ സന്ദേശം അയച്ച അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയോടും വിദേശകാര്യ മന്ത്രി ജാവേദ് ഒഗ്‌ലുവിനു സന്ദേശം കൈമാറിയ ഖത്വര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുര്‍റഹിമാന്‍ അല്‍ താനിയോടും തുര്‍ക്കി ജനത കടപ്പെട്ടിരിക്കുന്നുവെന്ന് ദിമുറൂഖ് വ്യക്തമാക്കി. അട്ടിമറിശ്രമത്തെ അപലപിച്ച ആദ്യ രാജ്യമാണ് ഖത്വര്‍. തുര്‍ക്കി ജനതക്കും നിയമാനുസൃത ഭരണത്തിനും ഖത്വര്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. അട്ടിമറിശ്രമം നടന്ന അഞ്ച് മണിക്കൂറിനിടെ നിരവധി ഖത്വരി സഹോദരങ്ങളാണ് ഐക്യദാര്‍ഢ്യ സന്ദേശങ്ങള്‍ അയച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫത്ഹുല്ല ഗുലന്റെ നേതൃത്വത്തിലുള്ള തീവ്രവാദ സംഘടനയാണ് പട്ടാള അട്ടിമറിക്ക് പിറകിലെന്ന് ദിമുറൂഖ് ആരോപിച്ചു. ഇതിനുള്ള തെളിവുകള്‍ തുര്‍ക്കി വെളിപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തുര്‍ക്കിയില്‍ നടന്ന സംഭവം ഒരു ദുസ്വപ്‌നമായാണ് അനുഭവപ്പെടുന്നതെന്ന് ഖത്വര്‍ ഗുഡ്‌വില്‍ അംബാസഡര്‍ മുബാറക്ക് ബിന്‍ മുഹമ്മദ് അല്‍ഖയാരീന്‍ പറഞ്ഞു. ഒരു ഹൃദയത്തോടെ ഖത്വര്‍ തുര്‍ക്കിക്കൊപ്പം നില്‍ക്കുന്നു. മുഹമ്മദ് അല്‍ ഫാതിഹിന്റെ കാലഘട്ടത്തില്‍ തുര്‍ക്കിക്കുണ്ടായിരുന്ന യശസ്സാണ് ഉര്‍ദുഗാന്‍ ഇപ്പോള്‍ തരിച്ചുപിടിച്ചിരിക്കുന്നത്. രാഷ്ട്രത്തെയും ജനാധിപത്യത്തെയും വിധ്വംസക ശക്തികളില്‍ നിന്ന് രക്ഷിക്കാന്‍ ഫാതിഹ് ജനങ്ങളോട് ആഹ്വാനം ചെയ്തതിനു തുല്യമായാണ് അട്ടിമറിക്കെതിരെ തെരുവിലിറങ്ങാന്‍ ജനങ്ങളോടുള്ള ഉര്‍ദുഗാന്റെ ആഹ്വാനമെന്നും അദ്ദേഹം വിശേഷിപ്പിച്ചു. മുഹമ്മദ് ഫാതിഹിനെ പോലെ ഉര്‍ദുഗാന്‍ ലോക മുസ്‌ലിംകളുടെ നേതാവാകുമെന്ന് അല്‍ഖയാരീന്‍ അഭിപ്രായപ്പെട്ടു.