കോര്‍ണിഷിലെ സൈക്കിള്‍ സവാരി: വിലക്ക് ഫലപ്രദമാകുന്നില്ലെന്ന് വാര്‍ത്ത

Posted on: July 22, 2016 6:05 pm | Last updated: July 22, 2016 at 6:05 pm
SHARE

Doha Cornichദോഹ: കാല്‍ നട യാത്രക്കാര്‍ക്ക് തടസം സൃഷ്ടിക്കുന്നതിനാല്‍ ദോഹ കോര്‍ണിഷില്‍ സൈക്കിള്‍ സവാരിക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ഫലപ്രദമായിട്ടില്ലെന്ന് റിപ്പോര്‍ട്ട്. നിയന്ത്രണത്തെക്കുറിച്ച് അറിയാതെ ഇവിടെ ഇപ്പോഴും നിരവധി സൈക്കിള്‍ സവാരിക്കാര്‍ എത്തുന്നതായും യുവാക്കളാണ് കൂടുതലെന്നും ഗള്‍ഫ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ജനങ്ങള്‍ ഉല്ലാസ സവാരിക്ക് ഉപയോഗിക്കുന്ന കോര്‍ണിഷിലെ ആറു കിലോമീറ്റര്‍ ദൂരത്താണ് സൈക്കിളിംഗിന് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇവിടെയെത്തുന്ന കാല്‍നടക്കാരുടെ നിരന്തരമായ ആവശ്യത്തെത്തുടര്‍ന്നായിരുന്നു നടപടി. എന്നാല്‍ ഇപ്പോഴും ഇവിടെയെത്തുന്ന കുടുംബങ്ങളുള്‍പ്പെടെയുള്ളവര്‍ക്ക് പ്രയാസം സൃഷ്ടിച്ചാണ് സൈക്കിള്‍ സവാരി നടക്കുന്നത്. വേനല്‍ കാലത്ത് വൈകുന്നേരങ്ങളില്‍ ഉല്ലാസ സവാരിക്കും ജോഗിംഗിനുമായി എത്തുന്നവര്‍ കൂടുതലാണ്. ഇതിനിടിയിലൂടെയാണ് സൈക്കിള്‍ സവാരിയും നടക്കുന്നത്.
നഗരത്തിന്റെ വിവിധ പ്രദേശങ്ങളില്‍നിന്നും വാഹനങ്ങളില്‍ സൈക്കിളുകളുമായി വന്നാണ് കോര്‍ണിഷില്‍ സൈക്കിളിംഗ് നടത്തുന്നത്. സംഘങ്ങളായും സൈക്കിള്‍ സവാരിക്കാരെ ഇവിടെ കാണാനാകുന്നുണ്ട്. സൈക്കിള്‍ സംഘങ്ങള്‍ കോര്‍ണിഷിലെത്തുന്ന കാല്‍ നടക്കാര്‍ക്ക് കൂടുതല്‍ പ്രയാസം സൃഷ്ടിക്കുന്നു.
അതേസമയം, നേരത്തേ പതിവായി ഇവിടെ സൈക്കിളിംഗ് നടത്തിയിരുന്ന പലരും പിന്‍മാറിയിട്ടുണ്ടെന്നും നിരോധനം അറിയാത്തവരാണ് ഇപ്പോള്‍ സൈക്കിളുകളുമായി എത്തുന്നതെന്നാണ് മനസ്സിലാക്കുന്നതെന്നും പതിവായി കോര്‍ണിഷില്‍ നടക്കാനെത്തുന്ന ഒരാള്‍ പറയുന്നു. സൈക്കിള്‍ സവാരിക്കാര്‍ക്കു മാത്രമായി പ്രത്യേക പാത നിര്‍മിച്ചു കൊടുക്കണമെന്നാണ് പതിവു കോര്‍ണിഷ് സന്ദര്‍ശകര്‍ അധികൃതരോട് ആവശ്യപ്പെടുന്നത്.