ഫുട്‌ബോള്‍ മേളക്ക് ആവേശം പകര്‍ന്ന് ആഫ്രിക്കന്‍ താരങ്ങള്‍

Posted on: July 22, 2016 6:00 pm | Last updated: July 22, 2016 at 6:00 pm
SHARE

ദിബ്ബ: ആഫ്രിക്കന്‍ രാജ്യമായ ഘാനയില്‍ നിന്നുള്ള താരങ്ങളുടെ മികച്ച പ്രകടനം ദദ്‌ന ഫുട്‌ബോള്‍ മേളക്ക് ആവേശം പകര്‍ന്നു. എതിരാളികളെ കബളിപ്പിച്ചുകൊണ്ടുള്ള മുന്നേറ്റവും മികച്ച പന്തടക്കവും അളന്ന് മുറിച്ച പാസുകളും കൊണ്ട് ഘാനയുടെ വളര്‍ന്നു വരുന്ന കരീബിയന്‍ താരങ്ങളായ ക്വാബിന ഒടുറോയും ലൂയിസ് ടിമിളും ആല്‍ഫ്രഡും ഗ്രൗണ്ടില്‍ നിറഞ്ഞ് കളിച്ചപ്പോള്‍ കാണികളെ ആവേശം കൊള്ളിച്ചു.
ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രദര്‍ശന മത്സരത്തിലാണ് ആഫ്രിക്കന്‍ താരങ്ങളുടെ മിന്നുന്ന പ്രകടനം ദദ്‌ന ഗ്രാമത്തിലെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഹരം പകര്‍ന്നത്. ഏഴ് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം സ്വന്തം സ്റ്റേഡിയമെന്ന സ്വപ്‌നം പൂവണിഞ്ഞ സന്തോഷത്തിലും ആഹ്ലാദത്തിലും ലയിക്കുന്ന നിമിഷത്തില്‍ തന്നെ ആഫ്രിക്കന്‍ ഫുട്‌ബോള്‍ രംഗത്തെ കുലപതികളായ ഘാനയില്‍ നിന്നുള്ള താരങ്ങളെ പങ്കെടുപ്പിച്ച് മത്സരം നടത്താന്‍ കഴിഞ്ഞതില്‍ അഭിമാനം കൊള്ളുകയാണ് ദദ്‌നക്കാര്‍.
ഫുട്‌ബോളിനെ പ്രൊഫഷണല്‍ കരിയറായി സ്വപ്‌നം കണ്ട് കരീബിയന്‍ നാട്ടില്‍ നിന്നും യു എ ഇ മണലാരണ്യത്തിലെ ക്ലബുകളില്‍ ചേക്കേറാന്‍ പുറപ്പെട്ടവരാണ് ക്വബിനാ ഒഡുറോയും ലൂയിസ് ടിമിളും ആല്‍ഫ്രഡുമടങ്ങിയ ഈ യുവതാരങ്ങള്‍. ഘാനയിലായിരുന്നപ്പോള്‍ എന്‍കസാവുറ എഫ് സി ക്ലബില്‍ ചേര്‍ന്ന് കാല്‍ പന്തുകളിയിലെ ആദ്യ ചുവടുവെപ്പ് തുടങ്ങി. പിന്നീട് ഫുട്‌ബോള്‍ പ്രൊഫഷണല്‍ കരിയറാക്കി മാറ്റാനുള്ള സ്വപ്‌നവുമായി ഗള്‍ഫിലേക്ക് വിമാനം കയറി ദിബ്ബയിലെത്തി. സുഹൃത്ത് ജോ ആക്കോണിന്റെ കൂടെ ഡിസൈനിംഗ് ഹെല്‍പറായി ജോലിയിലേര്‍പ്പെട്ടു ഈ മൂന്ന് താരങ്ങളും. ഇതിനിടെ ഹസന്‍ ദിബ്ബ ക്ലബില്‍ ചേര്‍ന്ന് നാല് മാസത്തോളം പരിശീലനം നേടി.ഘാനയിലെ ജീവിതാന്തരീക്ഷത്തില്‍ നിന്നും വ്യത്യസ്തമായി കഠിന ചൂടും കാറ്റുമുള്ള കാലാവസ്ഥയാണ് യു എ ഇയിലേതെന്ന് ഈ കരീബിയന്‍ താരങ്ങള്‍ പറയുന്നു. അതിനെ അതിജീവിച്ച് തങ്ങളുടെ ഫുട്‌ബോള്‍ കരിയര്‍ മികച്ചതാക്കാന്‍ ലഭിക്കുന്ന അവസരങ്ങള്‍ പാഴാക്കാതെ നല്ല ഫോമുലേക്കുയരാനുള്ള കഠിന പ്രയത്‌നത്തിലാണ് ഈ ഘാന യുവ താരങ്ങള്‍.