Connect with us

Gulf

അപകടകരമായ രോഗങ്ങളുള്ളവര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് തടയപ്പെട്ടേക്കും

Published

|

Last Updated

അജ്മാന്‍: വിവിധ അപകടകരമായ രോഗങ്ങള്‍ ബാധിച്ചവര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് തടയപ്പെട്ടേക്കാം. അജ്മാന്‍ പോലീസാണ് ഇത്തരമൊരു നിര്‍ദേശവുമായി മുന്നോട്ടുവന്നിട്ടുള്ളത്.
ആപല്‍കരമായ വിധത്തില്‍ രോഗികളായവരെ ഗതാഗത സുരക്ഷ മുന്‍നിര്‍ത്തി വാഹനമോടിക്കുന്നതില്‍നിന്ന് കര്‍ശനമായി തടയാന്‍ ഉദ്ദേശിക്കുന്നതായി അജ്മാന്‍ പോലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് ബ്രിഗേഡിയര്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ അബ്ദുല്ല അല്‍ നുഐമി പറഞ്ഞു.
ഉപഭോക്താക്കളുടെ സുരക്ഷ മുന്‍നിര്‍ത്തി ഗ്ലാസ് നിര്‍മിത ചുമരുകളുള്ള റസ്റ്റോറന്റുകള്‍, പെട്രോള്‍ സ്റ്റേഷനിലെ ഭക്ഷണശാലകള്‍, മറ്റിതര വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ മുന്‍വശങ്ങളില്‍ ലോഹനിര്‍മിത കവചങ്ങള്‍ സ്ഥാപിക്കണമെന്നും അജ്മാന്‍ പോലീസ് ആവശ്യപ്പെട്ടു.
പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുമ്പോള്‍ അവക്കു മുമ്പില്‍ ലോഹനിര്‍മിത കവചങ്ങള്‍ സ്ഥാപിക്കുന്നതിന് നഗരസഭയുടെ ലൈസന്‍സിംഗ് വ്യവസ്ഥകളില്‍ ഭേദഗതി ഉള്‍പെടുത്തും. ഇതിനായി നഗരസഭയുടെ പ്ലാനിംഗ് വിഭാഗവുമായി സഹകരിക്കും.
അപകടങ്ങളുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചത് നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കും. അത്തരക്കാരെ കണ്ടെത്തി പിഴ ഈടാക്കും. ഇതിനായി പ്രത്യേക ബോധവത്കരണ കാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്. ബ്രിഗേഡിയര്‍ ശൈഖ് സുല്‍ത്താന്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം അജ്മാനിലെ ഒരു പെട്രോള്‍ സ്റ്റേഷനില്‍ അപസ്മാര രോഗബാധിതനായ സ്വദേശി യുവാവ് ഓടിച്ചിരുന്ന വാഹനം പാര്‍ക്ക് ചെയ്യുന്നതിനിടെ രോഗം മൂര്‍ച്ഛിച്ച് നിയന്ത്രണം വിട്ട് ഭക്ഷണ ശാലയിലേക്ക് ഇരച്ചുകയറി മലയാളിയായ സ്ത്രീ അടക്കം രണ്ടു പേര്‍ മരണപ്പെട്ടിരുന്നു.
ഈ സംഭവത്തിന്റെ അടിസ്ഥാനത്തിലാണ് അജ്മാന്‍ പോലീസിന്റെ പുതിയ നീക്കം.

Latest